kerala weather 05/04/24: ഇന്നും വേനല്‍ മഴ സാധ്യത, വടക്കന്‍ ജില്ലകളിലും നേരിയ സാധ്യത
കേരളത്തില്‍ ഇന്നും വൈകിട്ടും രാത്രിയുമായി വേനല്‍ മഴ സാധ്യത. ഇന്നലെ മധ്യ കേരളത്തിലെ എറണാകുളം, ഇടുക്കി ജില്ലകളിലും തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലും മഴ ലഭിച്ചിരുന്നു. ഇന്നും ഈ മേഖലയില്‍ തന്നെയാണ് മഴ സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ശക്തമായതോ ഇടത്തരം മഴയോ വൈകിട്ടും രാത്രിയിലും ഇവിടങ്ങളില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇന്നലത്തെയത്ര വ്യാപകമായി ഇന്ന് മഴയുണ്ടാകില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാകും മഴ.
വടക്കന്‍ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ സാധ്യത. മഴക്കൊപ്പം മിന്നലും കാറ്റും ഉണ്ടാകും. നാളെ പുലര്‍ച്ചെ വരെ മഴ സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരും.
വടക്കന്‍ കേരളത്തില്‍ വ്യാപകമായ വേനല്‍ മഴ ലഭിക്കാന്‍ ഈ മാസം 12 വരെ കാത്തിരിക്കേണ്ടിവരും. 12 ന് ശേഷം വടക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു തുടങ്ങും. വിഷുവിനും പിറ്റേന്നും വടക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ സാധ്യതയുണ്ടെന്നും ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് metbeatnews വെബ്‌സൈറ്റില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കാം. ഇടിമിന്നല്‍ എവിടെ എത്ര അകലെ എന്നറിയാന്‍ ഈ വെബ്‌സൈറ്റിലെ മിന്നല്‍ റഡാര്‍ ഉപയോഗിക്കാം.
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്ഡേറ്റായിരിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.