കേരളത്തിൽ കാലവർഷം ജൂലൈ 2 വരെ ദുർബലമായി തുടരും. ഒറ്റപ്പെട്ട മഴ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. ജൂലൈ 2 ന് ശേഷം മഴ കേരളത്തിൽ ശക്തമാകാൻ സാധ്യത ഉണ്ടെന്നും Metbeat Weather നിരീക്ഷകർ പറയുന്നു. ജൂലൈ 2 മുതൽ 8 വരെ കേരളത്തിൽ അതി ശക്തമായ മഴ ലഭിക്കാം. ഈ കാലയളവിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ തീവ്ര മഴക്കും സാധ്യത ഉണ്ട്. അതിനാൽ ഔദ്യോഗിക കാലാവസ്ഥ, ദുരന്തനിവാരണ എജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം.
കർണാടക തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (offshore trough) മൂലം മഴ കൊങ്കൺ തീരത്ത് ശക്തിപ്പെടുകയാണ്. മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്ര നഗരങ്ങളിലും ഗുജറാത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷം എത്തിയതിനു ശേഷം മഹാരാഷ്ട്രയിൽ മഴ തുടർച്ചയായി ലഭിക്കുന്നുണ്ട്. എന്നാൽ കേരളത്തിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ സാധാരണയേക്കാൾ കുറവ് മഴയായിരുന്നു കേരളത്തിൽ മെറ്റ്ബീറ്റ് വെതർ പ്രവചിച്ചിരുന്നത്. ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനമനുസരിച്ച് 50 ശതമാനം മഴ കുറവാണ് ജൂണിൽ പ്രതീക്ഷിച്ചത്. എന്നാൽ കണക്കുകൾ അനുസരിച്ച് ഇപ്പോൾ 60% ആണ് മഴ കുറവ്.
കേരളത്തിൽ വീണ്ടും ജൂലൈ 2ന് ശേഷം മഴ ശക്തിപ്പെടും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. പാകിസ്താന്റെ വടക്കു പടിഞ്ഞാറായി അതിമർദ മേഖല രൂപപ്പെടുകയും മൺസൂൺ കാറ്റിനെ തെക്കൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊങ്കൺ തീരം മുതൽ വടക്കൻ കേരളം വരെ ശക്തമായ മഴ ലഭിക്കും. കേരളത്തിന്റെ മറ്റു ജില്ലകളിലും മഴ കനക്കും. ഇത് കുറിച്ചുള്ള വിശദമായ പോസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഞങ്ങളുടെ വെബ്സൈറ്റ് ആയ metbeat.com, metbeatnews.com പതിവായി സന്ദർശിക്കുക.