അയൽവാസിയുടെ മരം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്നുവോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മരം ഒരു വരം ആണെന്നും അവ മുറിക്കരുത് എന്നും മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും തുടങ്ങി ഒരുപാട് നിർദ്ദേശങ്ങൾ നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് ചില മരങ്ങൾ നമുക്ക്ഉപദ്രവം ആകാറുണ്ട്. കാലവർഷക്കെടുതിയിൽ മരങ്ങൾ കടപുഴകി വീഴുക, അയൽപക്കത്തെ മരം നമ്മുടെ വീടിനു മുകളിലേക്ക് വീഴുക തുടങ്ങി നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്.

എന്നാൽ ചില ആളുകൾ ഇങ്ങനെ അപകടകരമായ രീതിയിൽ വളരുന്ന മരങ്ങൾ വെട്ടി മാറ്റി ഒഴിവാക്കാറുണ്ട്. മറ്റു ചില ആളുകൾ ആവട്ടെ ഇങ്ങനെ ദോഷകരമായ രീതിയിൽ വളരുന്ന മരങ്ങൾ മുറിച്ചു മാറ്റാനോ ചില്ലകൾ വെട്ടി മാറ്റാനോ തയ്യാറാവാറില്ല. അത് പിന്നെ വലിയ പിണക്കങ്ങൾക്കും സംഘട്ടനങ്ങൾക്കും വരെ കാരണമാകാറുണ്ട്. അയൽവക്കത്തുള്ള മരം നിങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ രീതിയിൽ വളർന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ആദ്യം പഞ്ചായത്ത് പ്രസിഡണ്ട് റസിഡൻസ് അസോസിയേഷൻ എന്നിവരിൽ പരാതി ബോധിപ്പിക്കാം.

അതുവഴി കാര്യങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ നിയമപരമായ രീതിയിലേക്ക് പോകാൻ സാധിക്കും. കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീടിന് ജീവനോ, സ്വത്തിനോ, കൃഷിക്കോ, ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കില്‍ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അവകാശമുണ്ട്. കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും.

പെട്ടെന്നുള്ള നടപടി എടുക്കേണ്ട സാഹചര്യങ്ങളില്‍ പഞ്ചായത്ത് അതില്‍ നേരിട്ട് ഇടപെടുന്നതിനും അതിനാവശ്യമായ ചിലവ് ഉത്തരവാദിയായ വീട്ടുകാരില്‍ നിന്ന് ഈടാക്കാനും സാധിക്കും. അടുത്ത വീട്ടിലെ മരത്തിലെ ഇലകള്‍ വീണ് കിണറിലെ വെള്ളം മലിനപ്പെടുകയോ, പൊതുഗതാഗതത്തെ ബാധിക്കുന്ന രീതിയില്‍ നില്‍ക്കുന്നുണ്ട് എങ്കിലും ആവശ്യമായ നടപടികള്‍ പഞ്ചായത്തിന് സ്വീകരിക്കാം. പരാതിനല്‍കി ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചില്ല എങ്കില്‍ സിആര്‍പിസി 133പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കാം.

ഇത്തരം പരാതികള്‍ ലഭിക്കുന്ന പക്ഷം സി ആര്‍ പി സി സെക്ഷന്‍ 138 പ്രകാരം ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ വൃക്ഷം നില്‍ക്കുന്ന വീട്ടുടമയ്ക്ക് ആവശ്യമായ വാദങ്ങള്‍ നിരത്താന്‍ സാധിക്കുന്നതുമാണ്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള മരം നില്‍ക്കുന്നത് മൂലം നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം അനുഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പറഞ്ഞ രീതിയില്‍ കാര്യങ്ങളെ നേരിടാവുന്നതാണ്. മഴക്കാലത്തിനു മുമ്പേ ദോഷകരമായ രീതിയിൽ വളരുന്ന മരങ്ങളോ ജില്ലകളോ ഉണ്ടെങ്കിൽ അതെല്ലാം മുറിച്ചുമാറ്റി സുരക്ഷയൊരുക്കി നല്ലൊരു കാലവർഷത്തെ വരവേൽക്കാം.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment