കിഴക്കൻ ഇന്തോനേഷ്യയിലെ തനിബാർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ഇന്തോനേഷ്യ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 12 ഓടെ ആണ് ഭൂചലനം ഉണ്ടായത്. ഇന്ത്യയിൽ സുനാമി മുന്നറിയിപ്പ് ഇല്ല .
കടലിൽ കാര്യമായ രീതിയിൽ തിരമാലകളുടെ ഉയരത്തിൽ വ്യത്യാസമില്ലാത്തതിനാലാണ് സുനാമി മുന്നറിയിപ്പ് പിൻവലിച്ചതെന്ന് ഇന്തോനേഷ്യൻ ദുരന്ത നിവാരണ ഏജൻസി BMKG അറിയിച്ചു. നാലുതവണ തുടർ ചലനങ്ങൾ ഉണ്ടായി. വടക്കൻ ആസ്ട്രേലിയയിലും തുടർ ചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയിൽ കെട്ടിടങ്ങൾക്ക് നേരിയതോതിൽ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു.
ആളപായം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഇല്ല. പ്രാദേശിക സമയം രാത്രി 2.47 ന് ഭൗമോപരിതലത്തു നിന്ന് 130 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭകേന്ദ്രം. പുലർച്ചെ 5.43 സുനാമി BMKG മുന്നറിയിപ്പ് പിൻവലിച്ചു.