india weather 22/11/24: ന്യൂനമർദം രൂപപ്പെട്ടു: 48 മണിക്കൂറിൽ തീവ്ര ന്യൂനമർദം ആയേക്കും

india weather 22/11/24: ന്യൂനമർദം രൂപപ്പെട്ടു: 48 മണിക്കൂറിൽ തീവ്ര ന്യൂനമർദം ആയേക്കും

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖക്ക് സമീപം ഇന്തോനേഷ്യയിലെ സുമാത്രക്കും ആൻഡമാൻ ദ്വീപിനും ഇടയിലായി വടക്കൻ ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്കടുത്ത് ന്യൂനമർദം രൂപപ്പെട്ടു. ഈ ന്യൂനമർദത്തെ തുടർന്ന് ഇന്തോനേഷ്യയുടെ വടക്കൻ മേഖലകളിലും ബന്ദെ ആച്ചെയിലും ഇന്നലെ മുതൽ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ ശ്രീലങ്കയിൽ ഇന്ത്യയെയും ബാധിക്കാൻ ഇടയുണ്ട്.

അടുത്ത 48 മണിക്കൂറിനകം ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം (Depression) ആകാൻ സാധ്യത. ഇന്തോനേഷ്യൻ തീരത്തുനിന്ന് അകന്നുപോകുന്ന ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് വച്ചായിരിക്കും തീവ്ര ന്യൂനമർദ്ദമായി മാറുക. അതിനാൽ ഇന്തോനേഷ്യയിൽ നാളെ മുതൽ മഴ കുറയും. മറ്റന്നാൾ മുതൽ ശ്രീലങ്കയിലും തമിഴ്നാടിന്റെ കിഴക്കൻ മേഖലകളിലും മഴ സാധ്യത.

അമേരിക്കയുടെ അന്താരാഷ്ട്ര കാലാവസ്ഥ പ്രവചന മാതൃകയായ ഗ്ലോബൽ ഫോർക്കാസ്റ്റിങ് സിസ്റ്റത്തിൻ്റെ (GFS) പ്രവചന പ്രകാരം ഈ ന്യൂനമർദ്ദം ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് തമിഴ്നാട് വഴി കടന്നു വടക്കൻ കേരളത്തിലോ കർണാടകയിലോ പ്രവേശിച്ച് അറബിക്കടലിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഉൾപ്പെടെ വീണ്ടും മഴക്ക് സാഹചര്യം ഒരുങ്ങും.

എന്നാൽ യൂറോപ്യൻ കാലാവസ്ഥ പ്രവചന മാതൃകയായ ECMWF പ്രവചന പ്രകാരം ശ്രീലങ്കയിൽ നിന്ന് കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ മഴ തെക്കൻ ജില്ലകളിൽ ഒതുങ്ങും.

നേരത്തെ പ്രവചിക്കപ്പെട്ടിരുന്ന ന്യൂനമർദ്ദം ദുർബലമായതോടെയാണ് തെക്കൻ കേരളത്തിൽ മാത്രം രണ്ടു ദിവസം മഴ നൽകി അവസാനിച്ചത്. മധ്യകേരളത്തിൽ ഉൾപ്പെടെ മഴ ലഭിക്കും എന്നായിരുന്നു പ്രവചനം എങ്കിലും ഇപ്പോഴത്തെ ന്യൂനമർദ്ദം ഉടലെടുത്തതിനാൽ ഈ സാധ്യത മങ്ങി. ഇപ്പോഴത്തെ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ ചക്രവാത ചുഴി രൂപപ്പെട്ടിരുന്നു. അതുകാരണം കാറ്റിന്റെ പാറ്റേണിൽ മാറ്റം വന്നതാണ് കേരളത്തിൽ പ്രതീക്ഷിച്ച മഴ ഇല്ലാതിരിക്കാൻ കാരണമായത്.

തുടർച്ചയായി മഴ വിട്ടു നിൽക്കുന്നതോടെ വടക്കൻ കേരളത്തിൽ ഉൾപ്പെടെ ചൂട് കൂടി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും പകൽ ചൂട് കൂടുന്നതിനാൽ ജലാശയങ്ങളിലെ വെള്ളം താഴ്ന്നു തുടങ്ങും. വരുംദിവസങ്ങളിലും വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

കേരളത്തിൽ മതിയായ തോതിൽ തുലാവർഷം ഇതുവരെ ലഭിച്ചിട്ടില്ല. അടുത്തമാസം കൂടി മഴ തുലാവർഷത്തിന്റെ ഭാഗമായി ലഭിക്കുമെങ്കിലും ജലക്ഷാമം പരിഹരിക്കാനുള്ള മഴ ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. ഇത്തവണ ലാ നീന ( La Nina) പ്രതിഭാസം വൈകുന്നതിനാൽ വേനലിൽ മഴ ലഭിക്കുമെന്ന് നേരിയ പ്രതീക്ഷയുണ്ട്.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ദീർഘകാല കാലാവസ്ഥ പ്രവചനങ്ങൾ അപ്രസക്തമാകുന്ന സമയമാണ് ഇപ്പോൾ. അതിനാൽ ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേഷനുകൾ ശ്രദ്ധിക്കുക.

ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം നവംബർ 26 ന് ശേഷം കേരളത്തിൽ വീണ്ടും മഴ നൽകാൻ ഈ ന്യൂനമർദ്ദം കാരണമാകും. ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയ്ക്ക് അനുസരിച്ചായിരിക്കും കേരളത്തിൽ എവിടെയെല്ലാം എത്രത്തോളം മഴ ലഭിക്കും എന്നുള്ള കാര്യത്തിൽ വ്യക്തത ഉണ്ടാവുക. നിലവിലെ കാലാവസ്ഥ മോഡലുകൾ അനുസരിച്ച് തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലുമാണ് മഴ സാധ്യത. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ ഈ മാസം 26ന് ശേഷം അതിശക്തമായ മഴയും പ്രവചിക്കപ്പെടുന്നുണ്ട്.

അതുവരെയുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥയ്ക്കും തെക്കൻ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടെയുള്ള ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ശബരിമലയിലും വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒറ്റപ്പെട്ട മിതമായ മഴ പ്രതീക്ഷിക്കാം.

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.

metbeat news

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020