ഡൽഹിയിൽ വെള്ളപൊക്കം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും ശ്രമിച്ചു; ആം ആദ്മി പാർട്ടി

ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് കാരണമായ യമുന നദിയിലെ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. റോഡുകളും കടകളുമടക്കം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.ധമനി റിംഗ് റോഡിന്റെ ഭാഗങ്ങളിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. വാഹനഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ ശനിയാഴ്ച വൈകുന്നേരവും തലസ്ഥാനത്ത് മഴ പെയ്തു.

യമുന നദിയിൽ എക്കാലത്തെയും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയത്. അപകട നിലയായ 205.33 മീറ്ററും കടന്ന് വ്യാഴാഴ്ച 6 മണിക്ക് 208.66 മീറ്ററിലെത്തിയിരുന്നു. 1978 ലാണ് ഇതിനു മുൻപ് യമുനയിൽ ഏറ്റവും കൂടുതൽ ജലനിരപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 207.49 മീറ്ററായിരുന്നു അന്നത്തെ ജലനിരപ്പ്. നിലവിൽ അപകട നിലയായ 205.33 മീറ്ററിനു മുകളിലാണ് ജലനിരപ്പ്. എന്നാൽ ശനിയാഴ്ച രാത്രിയോടെ 207.92 മീറ്ററിൽ നിന്ന് കുറഞ്ഞ് 206.87 മീറ്ററായി താഴ്ന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ജലനിരപ്പ് 206.4 മീറ്ററായി താഴുമെന്ന് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.

തെക്ക് കിഴക്കൻ ഡൽഹിയിൽ സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രം ശനിയാഴ്ച വൈകുന്നേരം 5.30 നും 8.30 നും ഇടയിൽ 12.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ പൂസയിൽ 29.5 മില്ലിമീറ്റർ,കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ 6 മി.മീ. എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ മഴയുടെ അളവ്. ഡബ്ല്യുഎച്ച്ഒ ബിൽഡിംഗിന് സമീപമുള്ള ഡ്രെയിൻ റെഗുലേറ്റർ തകരാറിലായത് നദിയിൽ നിന്നുള്ള ജലത്തിന്റെ വിപരീത പ്രവാഹത്തിന് കാരണമാവുകയും ഇത് നഗരത്തിന്റെ നിരവധി പ്രദേശങ്ങളെ വെള്ളത്തിലാക്കുകയും ചെയ്തു.

വസീറാബാദ്, ചന്ദ്രവാൾ തുടങ്ങിയ സ്ഥലങ്ങളിലെ ജല ശുദ്ധീകരണ പ്ലാന്റുകൾ അടച്ചിട്ടതിനാൽ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിന് കാരണമായിരുന്നു. നരേല, ബുരാരി, തിമർപൂർ, ആദർശ് നഗർ, ബദ്‌ലി, മോഡൽ ടൗൺ, സദർ ബസാർ, ചാന്ദ്‌നി ചൗക്ക്, മതിയ മഹൽ, ബല്ലിമാരൻ, കരോൾ ബാഗ്, പട്ടേൽ നഗർ തുടങ്ങി ഈ രണ്ട് പ്ലാന്റുകളിൽ നിന്നും വിതരണം ചെയ്യുന്ന നോർത്ത്, സെൻട്രൽ ഡൽഹിയുടെ പല ഭാഗങ്ങളും കുടിവെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലായി.

അതേസമയം വസീറാബാദ്, ചന്ദ്രവാൽ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ നിന്ന് വെള്ളം വൃത്തിയാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഞായറാഴ്ച രണ്ട് പ്ലാന്റുകളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രവാൽ, വസീറാബാദ് പമ്പ് ഹൗസുകൾ ഞായറാഴ്ച വൈകുന്നേരത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നും പറയുന്നു.

മന്ത്രിസഭാ യോഗത്തിന് ശേഷം, കെജ്‌രിവാൾ ഷഹ്‌ദാരയ്ക്ക് പുറമെ തെക്കുകിഴക്ക്, കിഴക്ക്, വടക്കുകിഴക്ക്, വടക്ക്, മധ്യ ഡൽഹി എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെള്ളപൊക്കം മനഃപൂർവം സൃഷ്ടിച്ചതാണെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ആരോപണമുന്നയിച്ചു.

മഴയില്ലാതിരുന്നിട്ടും ഡൽഹിയിൽ വെള്ളപൊക്കം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും ശ്രമിച്ചു എന്ന ആരോപണമാണ് ആം ആദ്മി പാർട്ടി നേതാക്കൾ ഉന്നയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയെ ദുരന്ത മുഖത്തേയ്ക്ക് എത്തിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശം അവഗണിച്ചതിന് ചീഫ് സെക്രട്ടറി നരേഷ് കുമാർ, ഡിവിഷണൽ കമ്മീഷണർ അശ്വനി കുമാർ, പ്രിൻസിപ്പൽ സെക്രട്ടറി (ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം) ആശിഷ് കുന്ദ്ര എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരദ്വാജ് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് കത്തയച്ചിട്ടുണ്ട്.നിലവിൽ ദില്ലിയിൽ വീണ്ടും മഴ.12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment