ലോകത്ത് ആദ്യമായി ഡ്രോണുകൾ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമായ ഡാറ്റ ശേഖരിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ ബലൂണുകൾ എന്നറിയപ്പെടുന്ന റേഡിയോ സോണ്ടുകൾക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച പ്രത്യേക ഡ്രോണുകൾ ഉപയോഗിക്കാനാണ് ഐ.എം.ഡി പദ്ധതിയിടുന്നത്. പരീക്ഷണം വിജയിച്ചാൽ ദിവസം 100 ലേറെ റേഡിയോസോണ്ടുകൾ ഉപയോഗശൂന്യമാകുന്നത് തടയാനാകും. ഇന്ത്യയാണ് ലോകത്ത് ആദ്യമായി അന്തരീക്ഷസ്ഥിതി പഠനത്തിനും നിരീക്ഷണത്തിനും ഡ്രോൺ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് പഠിക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ ആണ് പരമ്പരാഗത കാലാവസ്ഥാ ബലൂണുകൾക്ക് പകരം കാലാവസ്ഥാ വിവരം തേടാൻ ഡ്രോണുകളെ ഉപയോഗിക്കുമെന്ന് അറിയിച്ചത്. ഇതിനായി സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാനാണ് പദ്ധതി.
എന്താണ് റേഡിയോ സോണ്ടുകൾ
അന്തരീക്ഷത്തിലെ മർദം, താപനില, കാറ്റിന്റെ ദിശ, വേഗത എന്നിവ കണ്ടെത്താൻ സെൻസറുകൾ ഘടിപ്പിച്ച ഹൈഡ്രജൺ നിറച്ച ബലൂണുകളെയാണ് കാലാവസ്ഥാ ബലൂൺ അഥവാ റേഡിയോസോണ്ടുകൾ എന്നു വിളിക്കുന്നത്. ഇവ ശേഖരിക്കുന്ന വിവരങ്ങൾ റേഡിയോ തരംഗമായി ഭൂമിയിലെ സ്‌റ്റേഷനുകളിലേക്ക് അയക്കും. ഭൗമോപരിതലത്തിൽ നിന്ന് 12 കി.മി ഉയരത്തിൽ വരെ കാലാവസ്ഥാ ബലൂണുകൾ പറത്തിയാണ് വിവരം ശേഖരിക്കുന്നത്. ഈ വിവരങ്ങളാണ് ഗണിതശാസ്ത്ര കാലാവസ്ഥാ പ്രവചന മാതൃകകളിൽ (എൻ.ഡബ്ല്യു.പി) നിന്ന് കാലാവസ്ഥാ പ്രവചനമായി മാറുന്നത്.
55 ലൊക്കേഷനുകളിൽ ഇപ്പോൾ റേഡിയോ സോണ്ടുകൾ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (ഐ.എം.ഡി) രാജ്യത്തെ 550 പ്രദേശത്തെ വെതർ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റയോടൊപ്പം 55 ലൊക്കേഷനുകളിലെ അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ ബലൂണുകളിലെ ഡാറ്റയും ലഭിക്കുന്നുണ്ട്. വിജയകരമാണെന്നു തെളിഞ്ഞാൽ പ്രതിദിനം 100 ലേറെ റേഡിയോ സോണ്ടുകൾ ഇത്തരത്തിൽ ഉപയോഗശൂന്യമാകുന്നതും തടയാനാകും. സാധാരണ റേഡിയോ സോണ്ടുകളുള്ള ബലൂണുകൾ എവിടെയെങ്കിലും തകർന്നു വീഴുകയാണ് പതിവ്. ഇതിനു പകരം ഡ്രോണുകളെ ഉപയോഗിക്കാനാണ് ഐ.എം.ഡി ഉദ്ദേശിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്ന് 5 കി.മി വരെ ഉയരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് വിവരം ശേഖരിക്കാനാകുമെന്നാണ് ഐ.എം.ഡി കരുതുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിന് റേഡിയോ സോണ്ടുകളേക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നത് സാമ്പത്തികമായി ലാഭകരമാണ്. എളുപ്പത്തിൽ ഉപയോഗിക്കാം, അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിലെ ഡാറ്റ ഒരേ ഡ്രോൺ ഉപയോഗിച്ച് സ്വീകരിക്കാം എന്നിങ്ങനെയുള്ള ഗുണങ്ങളുമുണ്ട്.
40 മിനുട്ട് പറന്നാൽ ഡ്രോണിന് അന്തരീക്ഷത്തിലെ ഡാറ്റ ശേഖരിക്കാനാകുമെന്നും റേഡിയോ സോണ്ടുകൾക്ക് രണ്ടു മണിക്കൂറേ ഡാറ്റ ശേഖരിക്കാനാകൂവെന്നും ഐ.എം.ഡി പറയുന്നു.