തെക്കൻ കേരളത്തിൽ തീവ്ര മഴ : ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നതോടെ കൂടുതൽ ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടങ്ങൾ. ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു. ഇന്ന് രാത്രി മുതലാണ് മഴ തെക്കൻ ജില്ലകളിൽ ശക്തമായത്. ഇന്ന് പകൽ മഴ കുറയും എന്നും രാത്രിയോടെ മഴ തിരികെ എത്തുമെന്നും ഇന്ന് രാവിലെ നൽകിയ Metbeat Weather ൻ്റെ ഫോർക്കാസ്റ്റിൽ പറഞ്ഞിരുന്നു.
ഇടുക്കി കുളമാവ് തൊടുപുഴ – പുളിയൻമല റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു. വാഹനത്തിലുള്ളവരെ നാട്ടുകാരും മറ്റും ചേർന്ന് പുറത്തെടുത്തു. അപകടത്തെ തുടർന്ന് ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.
കുളമാവ് ഗ്രീൻ ബർഗ്ഗ് ഭാഗത്ത് മരവും മണ്ണും വീണ് റോഡ് ഗതാഗതം മുടങ്ങി. ആളപായമില്ല.
ഇടുക്കി ഉടുമ്പന്നൂർ 4 മണിക്കൂറിൽ 233 mm മഴ ലഭിച്ചു. ഇത് തീവ്ര മഴയാണ്. ചിലപ്പോൾ മേഘ വിസ്ഫോടനവും സംഭവിച്ചിരിക്കാം. വന മേഖലയിൽ ഇതിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ജില്ലയിൽ രാത്രി യാത്ര നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തിയത്.
ഇടുക്കിയെ കൂടാതെ പത്തനംതിട്ട കോട്ടയം ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് തിരുവമ്പാടിക്ക് സമീപം ഉറുമിയിൽ രണ്ടു മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.