ഹിലരി ചുഴലിക്കാറ്റ്; 70 ലക്ഷത്തിലധികം ജനങ്ങളെ പ്രളയം ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ഹിലരി ചുഴലിക്കാറ്റിനെ തുടർന്ന് കാലിഫോർണിയയിൽ ജാഗ്രത നിർദ്ദേശം. കാലിഫോർണിയയിലെ നഗരങ്ങൾ, മരുഭൂമികൾ, പർവതങ്ങൾ, താഴ്‌വരകൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ജനങ്ങളോട് വീട്ടിലിരിക്കാനും വാഹനമോടിക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം ആഞ്ഞടിച്ച ഉഷ്ണമേഖല കൊടുങ്കാറ്റ് തെക്കൻ കാലിഫോർണിയയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കി. മുൻകരുതലിന്റെ ഭാഗമായി അമേരിക്കൻ-മെക്സിക്കോ അതിർത്തി മുതൽ ലോസ് ആഞ്ചൽസ് കൗണ്ടിയുടെ തെക്കൻ അതിർത്തിക്ക് സമീപമുള്ള ബോൾസ ചിക്ക വരെയുള്ള സംസ്ഥാന ബീച്ചുകൾ അടച്ചിടുമെന്ന് കാലിഫോർണിയ സ്റ്റേറ്റ് പാർക്കുകൾ അറിയിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് 1,000-ലധികം വിമാനങ്ങൾ ഞായറാഴ്ച മാത്രം റദ്ദാക്കി. 4,400-ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു.
70 ലക്ഷത്തിലധികം ജനങ്ങളെ പ്രളയം ബാധിച്ചേക്കുമെന്നുമാണ് മുന്നറിയിപ്പ്.

തൗസന്‍ഡ് ഓക്‌സ്, മാലിബു, ലേക് ലോസ് ഏഞ്ചല്‍സ്, ആക്റ്റണ്‍, റൈറ്റ്വുഡ്, ബര്‍ബാങ്ക്, പാംഡേല്‍, മൗണ്ട് വില്‍സണ്‍, പസഡെന, നോര്‍ത്ത് ഹോളിവുഡ്, ഗ്രിഫിത്ത് പാര്‍ക്ക്, സാന്താ ക്ലാരിറ്റ, യൂണിവേഴ്‌സല്‍ സിറ്റി, വാന്‍ ന്യൂസ്, ലങ്കാസ്റ്റര്‍, ഹോളിവുഡ്, അല്‍ഹാംബ്ര, നോര്‍ത്ത്റിഡ്ജ്, ഡൗണ്‍ടൗണ്‍ ലോസ് ഏഞ്ചല്‍സ്, ബെവര്‍ലി ഹില്‍സ് എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. മെക്‌സിക്കോയിലെ ബജ കാലിഫോർണിയ തീരത്ത് ഇന്നലെ ഉച്ചയോടെയാണ് കൊടുങ്കാറ്റ് കരയിൽ പതിച്ചത്. ലോസ് ഏഞ്ചൽസിലെയും സാൻ ഡിയാഗോയിലെയും സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

പ്രളയ ഭീഷണിക്കിടെ തെക്കന്‍ കാലിഫോര്‍ണിയയില്‍ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലോസ് ഏഞ്ചൽസിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ കാലിഫോർണിയ, പടിഞ്ഞാറൻ അരിസോണ, തെക്കൻ നെവാഡ, തെക്കുപടിഞ്ഞാറൻ യൂട്ട എന്നിവിടങ്ങളിൽ ഇന്ന് രാത്രി ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. തെക്കന്‍ കാലിഫോര്‍ണിയയിലെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു.നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment