കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകും. ക്ലാസുകൾ ഓൺലൈനായി മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.
ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ചെറുവണ്ണൂർ കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. 1080 പേർ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇവരിൽ 327 ആരോഗ്യ പ്രവർത്തകർ ഉണ്ട്. ഹൈറിസ്ക് കാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവരിൽ 122 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കപട്ടികയിൽ മലപ്പുറം ( 22) കണ്ണൂർ (3) വയനാട് (1) തൃശൂർ (3) സ്വദേശികളുമുണ്ട്. 10714 വീടുകളിൽ വിവരശേഖരണം നടത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കേന്ദ്രസംഘം കുറ്റ്യാടി സന്ദര്‍ശിച്ചു
അതിനിടെ, നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി. നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദര്‍ശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാന്‍ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദര്‍ശിച്ചു.
വവ്വാല്‍ സര്‍വ്വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുല്‍ തുക്രല്‍, എം. സന്തോഷ് കുമാര്‍, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് .
മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങള്‍ ഉള്‍പ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദര്‍ശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
നിപ വൈറസ് ബാധ പൊതു നിയന്ത്രണങ്ങള്‍
1) ജില്ലയില്‍ ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.
2) നിപ വൈറസിന്റെ ഉറവിട കേന്ദ്രവും, രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും, ജില്ലയുടെ പല ഭാഗത്തായി ഉളളതിനാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്.
3) മാറ്റിവെക്കാവുന്ന പൊതുപരിപാടികള്‍, ചടങ്ങുകള്‍, യോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ മാറ്റിവെക്കേണ്ടതാണ്. യോഗങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.
4) തീര്‍ത്തും ഒഴിവാക്കാനാകാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തേണ്ടതാണ്.
5) നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ അനാവശ്യ യാത്രകള്‍ തീര്‍ത്തും ഒഴിവാക്കുക. പാര്‍ക്കുകള്‍, ബിച്ചുകള്‍, ഷോപ്പിങ്ങ് മാളുകള്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്.
6) ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രം അനുവദിക്കും.
7) ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കേണ്ടതാണ്.
?? ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കേണ്ടതും, ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്തേണ്ടതുമാണ്.
9) വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊതു ജനങ്ങള്‍ പ്രവേശിക്കുന്നതും, വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നതും കര്‍ശനമായി തടയേണ്ടതാണ്.
10) പന്നി വളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണുകയോ, അസാധാരണമായ മരണ നിരക്ക് ഉയരുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
11) വവ്വാലുകളും, പന്നികളും ഉള്‍പ്പടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പര്‍ശിക്കുവാന്‍ പാടില്ല.
12) കണ്ടൈന്‍മെന്റ് സോണിലേയ്ക്കുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.