ചരിത്രം ആവർത്തിക്കപ്പെടുന്നു; 2016 മാർച്ചിൽ യുഎഇയിൽ പെയ്ത അതേ മഴ എട്ടു വർഷങ്ങൾക്കിപ്പുറം 2024 ലും
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിൽ ശക്തമായ മഴയാണത് ലഭിച്ചത്. ശക്തമായ മഴയെ തുടർന്ന് വ്യോമഗതാഗതവും,റോഡ് ഗതാഗതവും എല്ലാം തടസ്സപ്പെട്ടിരുന്നു. ബീച്ചുകളും പാർക്കുകളും മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഉൾപ്പെടെ എല്ലാം മേഖലകളിലും നിരോധനവും വന്നിരുന്നു. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയവും ഉത്തരവിറക്കിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിൽ ലഭിച്ചത് ചരിത്രം ആവർത്തിക്കുന്ന മഴ. കൃത്യം എട്ടു വർഷങ്ങൾക്കു മുൻപ് അതായത് 2016 മാർച്ച് ഒൻപതിന് യുഎഇയിൽ ഇതേ രീതിയിലുള്ള കാലാവസ്ഥാ അനുഭവപ്പെട്ടിരുന്നു. അന്ന് നിർത്താതെ പെയ്ത മഴ ജനജീവിതത്തെ ദുസഹമാക്കി. അധികാരികൾക്ക് കൃത്യമായ വിവരങ്ങൾ നേരത്തെ നൽകാൻ സാധിച്ചിരുന്നുമില്ല. എന്നാൽ ഈ വർഷം മഴ മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നേരത്തെ തന്നെ ലഭിച്ചതിനാൽ മുൻകരുതലുകൾ എടുക്കാനും വലിയ അപകടങ്ങൾ ഒഴിവാക്കാനും സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
2016 ൽ ലഭിച്ച ശക്തമായ കാറ്റിലും മഴയിലും 24 മണിക്കൂറിനുള്ളിൽ അൽ ഷുവൈബ് കാലാവസ്ഥാ കേന്ദ്രത്തിൽ മാത്രം 287.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോള്‍ രാജ്യത്ത് ഏറ്റവും ഉയർന്ന മഴയും ശക്തമായ കാറ്റിൻ്റെ വേഗതയും രേഖപ്പെടുത്തി. അൽ ബത്തീൻ വിമാനത്താവള മേഖലയില്‍ 130 കിലോമീറ്റർ വേഗതയിൽ കാറ്റാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് അന്ന് അഡ്‌നോക് സ്ഥിതിചെയ്യുന്ന ഷെയ്ഖ് ഖലീഫ കോംപ്ലക്‌സ് ഉൾപ്പെടെ നിരവധി ഓഫീസ് കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടിയും വന്നിരുന്നു. കനത്ത മഴയിൽ റാസൽഖൈമ മുങ്ങിയപ്പോള്‍ അൽ മനേയ്, ഷൗക്ക, അൽ ഗലീല, ജെയ്സ്, അൽ ഗെയിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 54 അപകടങ്ങളും അന്ന് റിപ്പോർട്ട് ചെയ്തു.
ഇന്നും മഴ തുടരും
യുഎഇയിൽ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ എമിറേറ്റുകളിലാണ് മഴ കൂടുതൽ ശക്തമാവുക.അൽ ഐൻ , നാഹിൽ മേഖലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഭാഗങ്ങളിൽ യെല്ലോ അലേർട്ടുമാണ്. അൽ ദഫ്റയിലും അൽഐനിലും കനത്തമഴയും കാറ്റും തുടർന്നേക്കും.
വാദികളിലേക്കും ഡാമിന് സമീപത്തേക്കുമുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിൽ വെടിക്കെട് നിർത്തിവച്ചതിന് പുറമെ അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മലയോര മേഖലകളിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമുണ്ട്.