മൺസൂൺ മഴയ്ക്കും പ്രളയത്തിനും ശേഷം വിനോദസഞ്ചാര മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹിമാചൽ പ്രദേശ്. ഇത്തവണ മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് ഇന്ത്യയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടിയായിരുന്നു. കുളു മണാലി ഷിംല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ദേശീയപാതകള്‍ ഉള്‍പ്പടെയുള്ള 250 ഓളം റോഡുകളും മഴയിലും മണ്ണിടിച്ചിലുമായി തകര്‍ന്നു.ഏറെ ബുദ്ധിമുട്ടിയാണ് ലഹോളിലും മണാലിയിലും ഒക്കെ കുടുങ്ങിക്കിടന്ന വരെ രക്ഷപ്പെടുത്തിയത്.എന്നാൽ ഇപ്പോൾ മഴ കുറഞ്ഞതോടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് ഹിമാചൽ പ്രദേശ്. ഇതിന്റെ ഭാഗമായി ഹിമാചൽ ടൂറിസം കോർപ്പറേഷൻ നിരവധി ഓഫറുകൾ ആണ് സഞ്ചാരികൾക്കായി വച്ചിരിക്കുന്നത്. മഴക്കെടുതികൾ ബാധിക്കാത്ത പ്രദേശങ്ങളിലെ ഹോട്ടൽ റൂമുകൾക്ക് 20 മുതൽ 50 ശതമാനം വരെ ഓഫർ ആണ് ഹിമാചൽ പ്രദേശ് ഡെവലപ്പ്മെന്റ് ടൂറിസം കോർപ്പറേഷൻ വച്ചിരിക്കുന്നത്.
കനത്ത മഴയിലും മണ്ണിടിച്ചിലും വിനോദസഞ്ചാരികൾ എത്തുന്നതിൽ കുറവ് വന്നതിനെ തുടർന്നാണ് ഇത്തരം ഓഫറുമായി ഹിമാചൽ പ്രദേശ് മുന്നിട്ടിറങ്ങിയത്. മഴക്കെടുതി കാരണം 70000 ത്തോളം സഞ്ചാരികളെ ഹിമാചലിലെ പല പ്രദേശങ്ങളിൽ നിന്നുമായി ഒഴിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുകയും ഹൈവേകൾ ഉൾപ്പെടെ ഗതാഗതം സാധാരണ രീതിയിൽ പുനസ്ഥാപിക്കുകയും ചെയ്തതോടെയാണ് ഹിമാചൽ ടൂറിസം കോർപ്പറേഷൻന്റെ പുതിയ പ്രഖ്യാപനം. എച്ച്.പി.ടി.ഡി.സി ഹോട്ടലുകളിലാണ് ഈ ഓഫർ ബാധകമാവുക. സെപ്റ്റംബര്‍ 15 വരെ ഓഫർ നിലനിൽക്കുമെന്നും ഔദ്യോഗിക അറിയിപ്പിലുണ്ട്. ഇത്തരം ഓഫറിലൂടെ സന്ദർശകരുടെ വരവ് ഉയർത്താൻ ആകും എന്നാണ്പ്രതീക്ഷിക്കുന്നത് . മഴക്കാലത്ത് ഹോട്ടലുകളിൽ ഉയർന്ന താമസസൗകര്യം വളർത്താനുമാണ് എച്ച്.പി.ടി.ഡി.സി (HPTDC) യുടെ ശ്രമമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ജൂലൈ 7 നും 14 നും ഇടയിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണം ഏതാണ്ട് പൂജ്യമായെന്ന് ടൂറിസം ഇൻഡസ്ട്രി സ്റ്റേക്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം കെ സേത്ത് പറഞ്ഞു. സ്ഥിതി അതിവേഗം മെച്ചപ്പെടുകയും റോഡുകൾ തുറക്കുകയും ചെയ്തതോടെ ഭാഗികമായെങ്കിലും സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പുനസ്ഥാപിക്കപ്പെട്ടു വരികയാണ്. വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനമാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാനം.