ഹിമാചൽ പ്രളയം; കുടുങ്ങിക്കിടക്കുന്ന മലയാളികൾ സുരക്ഷിതർ
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം അറിയിച്ചു.
റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുണ്ട്. ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് ഉച്ചയോടെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ബി.ആര. ഒ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി.
25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമായിരുന്നില്ല. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചിരുന്നു.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെ.സി വേണുഗോപാല്‍ അറിയിച്ചു.
മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ്പയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിനോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടല്‍ ഉണ്ടാവണമെന്ന് ഹിമാചല്‍ സര്‍ക്കാരിനോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതായി പ്രസ്താവനയിൽ പറയുന്നു. മിന്നല്‍ പ്രളയം ഉണ്ടായ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും മുഖ്യമന്ത്രി അറിയിച്ചു.