രാജസ്ഥാനിൽ കനത്തമഴ: എട്ട് മരണം; നിരവധി ട്രെയിനുകൾ റദ്ദാക്കി

രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ എട്ടുപേർ മരിച്ചതായി റിപ്പോർട്ട്. പതിനേഴായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമായ ജലോര്‍, സിരോഹി, ബാര്‍മര്‍ മേഖലകളില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യോമനിരീക്ഷണം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള നാശനഷ്ടടങ്ങള്‍ കുറയ്ക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയതായി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

അജ്മീര്‍, ഭില്‍വാര, ധോല്‍പൂര്‍, ബാരന്‍, ചിറ്റോര്‍ഗഡ്, ബുണ്ടി, സവായ്മധോപൂര്‍, കരൗലി എന്നിവിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് അജ്മീറിലെ അന സാഗര്‍ തടാകവും കരകവിഞ്ഞൊഴുകി. കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം പവര്‍ ട്രാന്‍സ്‌ഫോര്‍മറുകളും നിരവധി റോഡുകളും തകര്‍ന്നു.

ട്രാന്‍സ്‌ഫോര്‍മറുകളും പോസ്റ്റുകളും തകര്‍ന്നതോടെ വൈദ്യുതി വിതരണവും പ്രതിസന്ധിയിലായി. വീടുകൾ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് രാജസ്ഥാൻ സര്‍ക്കാര്‍ അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് പലയിടങ്ങളിലും റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. ബിപോര്‍ജോയ് അതിതീവ്ര ന്യൂനമർദമായി ശക്തി കുറഞ്ഞാണ് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റ വടക്ക് – കിഴക്കൻ ഭാഗങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment