മഴ കനക്കും, ന്യൂനമർദം, ചുഴലിക്കാറ്റായേക്കും
ഇന്ന് (തിങ്കൾ) പകൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇന്നലത്തെ അപേക്ഷിച്ച് മഴ കൂടും. ഇന്നലെ കൂടുതൽ മഴയും കടലിലാണ് പെയ്തുതീർന്നത്. രാത്രി കുറച്ചൊക്കെ കരയിൽ കയറി പെയ്തു പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരം ആണെങ്കിൽ ഇന്നലെ കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ട് ഉണ്ടായി. ഇന്നലെ ധാരാളം മേഘങ്ങൾ അറബിക്കടലിൽ ഉണ്ടായിരുന്നു പക്ഷേ കിഴക്കൻ കാറ്റ് ശക്തമായതിനാലാണ് കരയിൽ പെയ്യാതെ പോയത്. അത് കരയിൽ പെയ്തിരുന്നെങ്കിൽ സ്ഥിതി വഷളായേനെ. എന്നാൽ ഇന്ന് കിഴക്കൻ കാറ്റ് ദുർബലമാവുകയും കൂടുതൽ മേഘങ്ങൾ കരയിൽ കയറി പെയ്യുകയും ചെയ്യും.
ഈ മഴയിൽ നഗരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകും എന്ന് ദിവസങ്ങൾക്ക് മുമ്പ് നമ്മൾ ഈ പേജിൽ അറിയിച്ചിരുന്നു. ഇനി മറ്റൊരു കാര്യം കൂടി പറയാൻ പോവുകയാണ്. ബംഗാൾ കടലിൽ അടുത്തദിവസം ന്യൂനമർദ്ദം ഉണ്ടാകും, ഒരുപക്ഷേ ചുഴലിക്കാറ്റ് ആകാനും സാധ്യത. ഈ മാസം 27ന് ശേഷം ഇടിയോടുകൂടെയുള്ള മഴക്ക് ശമനം ഉണ്ടാകും തുടർന്ന് കാലവർഷത്തിന്റെ സ്വഭാവത്തിലുള്ള മഴയായിരിക്കും ലഭിക്കുക.
ഇന്നും നാളെയും കേരളത്തിൽ ചില ഭാഗങ്ങളിൽ തീവ്രമായ മഴ പ്രതീക്ഷിക്കണം. കിഴക്കൻ മേഖലയിൽ ജാഗ്രത തുടരുക. കടലിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഈ മാസം 28ന് ശേഷം കാലവർഷത്തിന്റെ സ്വഭാവത്തിലുള്ള മഴയെത്തും ജൂൺ 1 ന് കാലവർഷം സ്ഥിരീകരിക്കാനും കഴിയും.
കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS