പടിഞ്ഞാറൻ കാറ്റ് അനുകൂലം; കനത്ത മഴ സാധ്യത തുടരുന്നു
പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിൽ ഇന്നും മഴ തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതോടൊപ്പം വിവിധ ഉയരങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്തവുമാണ്.
ഇന്നലെ മുതൽ കാറ്റ് രക്ഷപ്പെട്ടപ്പോൾ കടലിൽ മേഘരൂപീകരണം കുറഞ്ഞതാണ് പ്രതീക്ഷിച്ച മഴ ലഭിക്കാതിരിക്കാൻ കാരണം. മഴക്കാലത്തിന്റെ പ്രതീതി ഉണ്ടാവുകയും എന്നാൽ ഇടയ്ക്കിടെ മഴ ലഭിക്കുകയും ചെയ്യുന്ന അന്തരീക്ഷ സ്ഥിതിയാണ് ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമുള്ളത്.
ഇന്ന് ഉച്ചക്ക് മുൻപായി എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം കാറ്റ് കൂടുതൽ അനുകൂലമാകുന്നതോടെ മറ്റു ജില്ലകളിലേക്കും മഴ. തീര ദേശപ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലകളിലുമാണ് ഇന്നും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
സോമാലിയൻ ജെറ്റ് സ്ട്രീം സജീവമായെങ്കിലും കടലിലെ സംവഹന തോത് കുറഞ്ഞതിനാൽ മഴ കുറയുകയായിരുന്നു. അതിനാൽ ഇപ്പോഴും 40% ത്തിനു മുകളിലാണ് കേരളത്തിലെ മഴക്കുറവ് തുടരുന്നത്. ജൂൺ മാസത്തിൽ സാധാരണ കേരളത്തിൽ നല്ല മഴ ലഭിക്കാറുണ്ട്.
ഇപ്പോൾ പെയ്യുന്ന മഴ ഈ മാസം 27 വരെ തുടരാനാണ് സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ മഴ ഗണ്യമായി കുറയും. അതിനാൽ മാസം അവസാനിക്കുമ്പോഴും മഴ കുറവ് ഇതേ രീതിയിൽ തുടർന്നേക്കും. തമിഴ്നാട്ടിലെ ചെന്നൈ, കർണാടകയിലെ ബംഗളൂരു, മൈസൂരു പ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്.
ചെന്നൈയിലും ആന്ധ്രപ്രദേശിന്റെ മേഖലകളിലും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെ സ്വാധീനമാണ് മഴ നൽകുന്നത്. വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രാപ്രദേശിലും ഇടയിലുള്ള മേഖലയിൽ ഇടിയോടുകൂടെ ശക്തമായ മഴ ലഭിക്കും.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ മുകളിലുള്ള കാറ്റ് ചെന്നൈ മേഖലയിൽ നിന്ന് പടിഞ്ഞാറേക്കാണ് വീശുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 7 കിലോമീറ്റർ വരെ ഉയരത്തിൽ പടിഞ്ഞാറും കാറ്റ് സജീവമാണ്. അതിനാൽ കാസർകോട്, മംഗലാപുരം, മാണ്ഡ്യ, മൈസൂർ ബംഗളൂരു ചെന്നൈ തുടങ്ങിയ മേഖലകളിൽ മഴക്കൊപ്പം ഇടിമിന്നൽ സാധ്യതയും നിലനിൽക്കുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.