ന്യൂഡല്‍ഹി: കാലവർഷം വിടവാങ്ങിയ ഡൽഹി, യു.പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു.ഡൽഹിയിൽ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ആനന്ദ് വിഹാർ, വസീറാബാദ്, ഐ.എൻ.എ മാർക്കറ്റ്, എയിംസ് എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഡൽഹിയിൽ താപനില 10 ഡിഗ്രിയായി താഴ്ന്നു.
ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരി, ഇറ്റാ, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. പലയിടങ്ങളിലും രൂക്ഷമായ ഗതാഗത തടസം നേരിട്ടു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുംബൈയിലും ശക്തമായ മഴ ലഭിച്ചു. റോഡുകൾ വെള്ളത്തിനടിയിലായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർച്ചയായി മഴ പെയ്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു.
കാലവർഷം വിടവാങ്ങിയതിനു പിന്നാലെ എത്തിയ പശ്ചിമ വാതം (western disturbance) ആണ് മഴക്ക് കാരണമെന്നും രണ്ടു ദിവസം മഴ തുടരുമെന്നും മെറ്റ്ബീറ്റ് വെതർ പറഞ്ഞു.