തീവ്ര ന്യൂനമർദ്ദം ഇന്ന് കരകയറും; അർജുന് വേണ്ടി തിരച്ചിൽ നടത്തുന്നിടത്ത് കനത്ത മഴ; റെഡ് അലർട്ട്
വടക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ തീവ്ര ന്യൂനമർദ്ദം (Depression) ആയി. ഇന്ന് രാവിലെ 10 മണിയോടെ ഇത് കരകയറും. ഒഡീഷയിലെ പുരിക്കും രംബക്കും സമീപമാണ് തീവ്ര ന്യൂനമർദം കരകയറുക.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചിരുന്ന ശക്തമായ മഴ ഇന്നുമുതൽ കുറവുണ്ടാകും. കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും കഴിഞ്ഞദിവസത്തെ, അപേക്ഷിച്ച് മഴയുടെ തീവ്രത കുറയും. കേരളതീരം മുതൽ ഗുജറാത്ത് തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (Trough ) ഇപ്പോഴും നിലനിൽക്കുന്നു.
ഗുജറാത്ത് തീരത്ത് കച്ച് മേഖലക്ക് സമീപമായി ഒരു ചക്രവാതചുഴി (cyclonic circulation) യും നിലനിൽക്കുന്നുണ്ട്. മൺസൂൺ മഴപ്പാത്തി (monsoon trough) അതിന്റെ സാധാരണ നിലയിലാണ് തുടരുന്നത്. ഈ അന്തരീക്ഷ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കേരളത്തിൽ മഴ കഴിഞ്ഞ ദിവസങ്ങളിൽ അപേക്ഷിച്ചു കുറയും. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് കരകയറുന്നതോടെ കേരളത്തിൽ മഴ കുറയുകയും ഉത്തരേന്ത്യയിൽ മഴ കൂടുകയും ചെയ്യും. കൊങ്കൺ മേഖലയിലും തീരദേശ കർണാടകയിലും മഹാരാഷ്ട്രയിലും മഴ ശക്തമാണ്.
കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നുണ്ട്. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
മലയാളി ഡ്രൈവറെ കാണാതായ കർണാടകയിലെ അങ്കോളയിലും ഇന്നും ശക്തമായ മഴ ഇടവേളകളോടെ തുടരും. ഇന്നലെ അങ്കോള ഉൾപ്പെടുന്ന ഉത്തര കന്നഡ ജില്ലയിൽ റെഡ് അലർട്ട് ആയിരുന്നു. ഇന്നും ഇവിടെ റെഡ് അലർട്ട് തന്നെയാണ്. എന്നാൽ രാവിലെയുള്ള നൗകാസ്റ്റ് (now cast ) റിപ്പോർട്ട് അനുസരിച്ച് മഴ ഓറഞ്ച് അലർട്ട് പരിധിയിൽ ആണുള്ളത്. മഴക്ക് ഇടവേളകൾ ലഭിക്കുന്നതിനാൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ല എന്നാണ് പ്രതീക്ഷ.
വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലക്ക് വടക്കോട്ടുള്ള മേഖലകളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇടവേളകൾ ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രവചനം. കണ്ണൂർ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ഇടവേളകൾ കൂടുകയും മഴയുടെ ശക്തി കുറയുകയും ചെയ്യും.
കർണാടകയിൽ ലഭിക്കുന്ന മഴയുടെ ഒരു പങ്ക് വയനാടിന്റെ ചില മേഖലകളിലും ലഭിക്കുന്നുണ്ട്. അതിനാൽ അവിടെ വെള്ളക്കെട്ടുകൾ തുടരും. ഇന്ന് വയനാടിന്റെ ഭാഗത്തും മഴ കുറവുണ്ടാകും.
അടുത്തയാഴ്ച മധ്യ ഇന്ത്യയിലെ ഭാഗങ്ങളിലും മറ്റും കനത്ത മഴയും വെള്ളക്കെട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ആ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കാലാവസ്ഥ പ്രവചനങ്ങൾ കൃത്യമായി പാലിക്കുക. ഗുജറാത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ ദിവസത്തെ ചക്രവാത ചുഴിയെ തുടർന്ന് ശക്തമായ മഴയാണ് ലഭിക്കുന്നത് ഇവിടെ പ്രാദേശിക പ്രളയവും റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page