കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി യാത്രയ്ക്കും, ഖനന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുള്ള രാത്രി യാത്രകൾക്കാണ് നിരോധനം. കൂടാതെ മണ്ണെടുക്കൽ ഖനനം കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാനും ഉത്തരവായി. ബീച്ചുകൾ വെള്ളച്ചാട്ടങ്ങൾ നദീതീരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലും ഉള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7:00 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനാൽ ആണ് വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. മലപ്പുറത്ത് മഴയ്ക്ക് നേരിയ ഇടവേള ലഭിക്കും.പാലക്കാട് തൃശൂർ ജില്ലകളിൽ മഴ തുടരും.