ഉത്തരേന്ത്യയിൽ ശൈത്യത്തിനു പിന്നാലെ കാലാവസ്ഥ ചൂടിലേക്ക് മാറുന്നു. കാലവർഷം ആദ്യം വിടവാങ്ങിയ രാജസ്ഥാനിലും ഗുജറാത്തിലും ചൂട് 40 ഡിഗ്രി കടന്നു. ഫെബ്രുവരി മൂന്നാം വാരത്തിൽ തന്നെ 40 ഡിഗ്രി ചൂട് ദക്ഷിണേന്ത്യയിലേക്കും എത്തുകയാണ്. ഗുജറാത്തിലെ ഭുജിൽ കഴിഞ്ഞ ദിവസം ചൂട് 40 ഡിഗ്രിയാണ് റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിലും സാധാരണയേക്കാൾ അഞ്ചു മുതൽ ഏഴ് ഡിഗ്രിവരെ ചൂട് അധികമായി രേഖപ്പെടുത്തി.
ഉത്തരേന്ത്യയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂട് നേരത്തെയാണ് ഇത്തവണ എത്തിയത്. അതിനാൽ ഗോതമ്പു കൃഷിയെ പെട്ടെന്നുള്ള ചൂട് കാലാവസ്ഥ ബാധിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29.8 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഈ സീണസിനെ ശരാശരിയേക്കാൾ 6 ഡിഗ്രി കൂടുതലാണ്. കഴിഞ്ഞ വർഷം മാർച്ചിൽ ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ഉണ്ടായിരുന്നു.
ദക്ഷിണേന്ത്യയിലേക്കും ചൂടെത്തും
നാളെ മുതൽ ഗോവയിലും മഹാരാഷ്ട്രയിലും കർണാടകയിലും ചൂട് കൂടാനാണ് സാധ്യത. 40 ഡിഗ്രി ചൂട് ഈ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളെ അപേക്ഷിച്ച് ചൂട് കൂടും.
അതിമർദം കാരണം
അറബിക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട അതിമർദമാണ് വരണ്ട ചൂടുള്ള കാറ്റിനെ ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലെത്തിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങളിലെ വരണ്ട കാറ്റിനെ രാജ്യവ്യാപമായി എത്തിക്കാൻ ഇത് കാരണമാകും. ഹിമാലയൻ മേഖലയിൽ പശ്ചിമവാതത്തിന്റെ സ്വാധീനം മഴക്കും മഞ്ഞുവീഴ്ചക്കും കശ്മിരിലെ ജെറ്റ് സ്ട്രീം സാന്നിധ്യം മഴക്കും കാരണമാകുമെന്നത് ഒഴിച്ചാൽ രാജ്യത്ത് മറ്റിടങ്ങളിലെല്ലാം വരണ്ട കാലാവസ്ഥയാണ് തുടരുക.