കേരളത്തിൽ വേനലിനു മുമ്പേ ചൂട് തുടങ്ങിയത് എന്തുകൊണ്ട്? വേനൽ മഴ എപ്പോൾ?
രാജീവൻ എരിക്കുളം / സിഞ്ചു രാഗേഷ്
വേനൽക്കാലത്തിനു മുന്നേ തുടങ്ങിയ വേനൽ ചൂട് കേരളത്തെ ചുട്ടുപൊള്ളിക്കുകയാണ്. കേരളത്തിൽ ഇനിയുള്ള മാസങ്ങളിൽ ചൂട് കൂടുമോ? കൊടുംചൂടിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കാരണങ്ങളെ കുറിച്ച് കാലാവസ്ഥ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളം മെറ്റ്ബീറ്റ് വെതറുമായി സംസാരിക്കുന്നു.
❓സാധാരണ വേനൽക്കാലം ആരംഭിക്കുന്നത് മാർച്ച് ഒന്നുമുതൽ ആണല്ലോ? പക്ഷേ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ ചൂടാരംഭിച്ചു. ഓരോ ദിവസവും താപനില വർദ്ധിച്ചുവരുന്നു എന്താണ് ഈ കാലാവസ്ഥ മാറ്റത്തിനു കാരണം?
⭕ സാധാരണ നമുക്ക് മാർച്ച് മുതൽ മെയ് വരെയാണ് വേനൽക്കാല സീസൺ എന്ന് പറയുന്നത്. പക്ഷേ കുറച്ച് വർഷമായി ഫെബ്രുവരി മുതൽ ചൂടുണ്ട്. അത് ഇത്തവണ മാത്രമുള്ള ഒരു പ്രതിഭാസം അല്ല. കഴിഞ്ഞ രണ്ടു മൂന്നു വർഷമായിട്ട് നമ്മൾക്ക് ഫെബ്രുവരിയിൽ തന്നെ സമ്മറിന്റെ ഒരു ഫീലിംഗ് (ടെമ്പറേച്ചർ ഹയർ) ആയിട്ടുള്ള ഒരു ചൂട് അനുഭവപ്പെടാൻ തുടങ്ങുന്നുണ്ട്.
കഴിഞ്ഞവർഷവും അതിനു മുൻപുള്ള ഒന്നു, രണ്ട് വർഷങ്ങൾ എടുത്തുനോക്കിയാലും നമുക്ക് ഈ ഒരു സമ്മർ കുറച്ചു കൂടി നേരത്തെ കേരളത്തിൽ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. അതൊരു കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടോ ആഗോളതാപനത്തിന്റെ ഭാഗമായോ മൊത്തത്തിൽ ഒരു പാറ്റേൺ വ്യത്യാസം വരും. അതിന്റെ ഭാഗം ആയാണ് കേരളത്തിലും ഈ ഒരു വ്യതിയാനം സംഭവിക്കുന്നത്.
❓എൽ നിനോ പ്രതിഭാസം ചൂട് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പല കാലാവസ്ഥ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ എൽ നിനോ പ്രതിഭാസം മാത്രമാണോ കൊടുംചൂടിന് കാരണമാകുന്നത് ?
⭕ എൽനിനോ പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ നമുക്ക് കൂടുതൽ ചൂട് അനുഭവപ്പെടാറുണ്ട്. പക്ഷേ എൽനിനോ പ്രതിഭാസം മാത്രമാണ് ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിന്റെ കാരണമെന്ന് പറയാൻ പറ്റില്ല. പലകാരണങ്ങളിൽ ഒന്നു മാത്രമാണ് എൽനിനോ. നേരത്തെ പറഞ്ഞ പോലെ തന്നെ ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ എല്ലാവർഷവും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടിവരുന്നു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ വരുന്നത്. ആഗോളതലത്തിൽ തന്നെ ടെമ്പറേച്ചർ (താപം) കൂടിക്കൊണ്ടിരിക്കുന്നു.
കേരളത്തിന്റെ കാര്യവും നോക്കിക്കഴിഞ്ഞാൽ വ്യത്യാസമില്ല. എൽനിനോ വർഷം വരുമ്പോൾ ചൂടിന്റെ കാഠിന്യം കുറച്ചുകൂടെ കൂടുതലാണ് എന്നു കാണാം. കഴിഞ്ഞവർഷം സമ്മർ സീസണിൽ നമുക്ക് ലാലിന ഇയർ (ലാനിന വർഷം) ആയിരുന്നു. എന്നിട്ടും കഴിഞ്ഞവർഷം ഡീപ് ടെമ്പറേച്ചർ വന്നിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഓഫീഷ്യൽ റെക്കോർഡിൽ അല്ലെങ്കിൽ പോലും കഴിഞ്ഞവർഷം 40, 41 ഡിഗ്രി ഒക്കെ താപനില ഉയർന്നിട്ടുണ്ട്. ഈ വർഷത്തെ അപേക്ഷിച്ചു
കഴിഞ്ഞവർഷത്തെ വ്യത്യാസം എന്ന് പറഞ്ഞാൽ ലാലിന ഇയർ ആയതുകൊണ്ട് തന്നെ തുടർച്ചയായി ഒരു ചൂട് നമുക്ക് ലഭിച്ചിട്ടില്ല ഇടയ്ക്ക് വേനൽ മഴ ലഭിച്ചു.
ഇടയ്ക്ക് വീണ്ടും ചൂടു വന്നു, അങ്ങനെ മാറി മാറിയായിരുന്നു കാലാവസ്ഥ. എൽനിനോ ഇയർ വരുമ്പോൾ ഉള്ള പ്രശ്നം ചൂട് കൂടുതലായിരിക്കും. എൽനിനോ ഇതിനുമുമ്പ് വന്നിട്ടുള്ളത് 2016 ലാണ്. ആ വർഷങ്ങളിൽ കുറച്ച് ചൂട് കൂടുതലായിരുന്നു. എൽനിനോ ഇയർ ആയതുകൊണ്ട് തന്നെ നിലവിൽ ഫോർകാസ്റ്റുകൾ ( കാലാവസ്ഥാ പ്രവചനം ) പറയുന്നത് പ്രകാരം ഏപ്രിൽ ആകുമ്പോൾ എൽനിനോ കുറച്ച് ദുർബലമായി മാറും എന്നാണ്. അതിന്റെ അറ്റ്മോസ്ഫിയറിക് എഫക്ട് എങ്ങനെയിരിക്കും എന്ന് നമ്മൾ വെയിറ്റ് ചെയ്ത് തന്നെ കാണണം.
❓ശീതകാലമഴ ഔദ്യോഗികമായി ഫെബ്രുവരി 29 ഓടുകൂടി അവസാനിച്ചു. ഇത്തവണ ശീതകാല മഴ നമുക്ക് കൂടുതൽ ലഭിച്ചോ?
⭕ ശീതകാല മഴ എന്ന് പറയുന്നത് ജനുവരി ഒന്നു മുതൽ ഫെബ്രുവരി 29വരെ ആണ്. ശീതക്കാലമഴ ഇത്തവണ കുറവല്ല കൂടുതലാണ്. അതിന് കാരണം ജനുവരിയിൽ ആദ്യത്തെ രണ്ടാഴ്ച സാധാരണയിൽ കൂടുതൽ മഴ കിട്ടിയിട്ടുണ്ട്. ആ മഴയാണ് ഈ സീസണിൽ നമുക്ക് കൂടുതലായിട്ട് മഴ ലഭിക്കാൻ കാരണം. (158 ശതമാനം) ജില്ലാ അടിസ്ഥാനത്തിൽ നോക്കിയാലും ഇതേ രീതിയിൽ തന്നെയാണ് എല്ലാ ജില്ലയിലും നമുക്ക് മഴ കൂടുതലായി കിട്ടിയിട്ടുണ്ട്.
❓സാധാരണ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസം അതായത് ശീതകാലം പൊതുവെ തണുപ്പ് കാലം എന്നാണല്ലോ പറയാറ് പക്ഷേ ഇത്തവണ കേരളത്തിൽ പതിവിനു വിപരീതമായിരുന്നു കാലാവസ്ഥ എന്താണ് ഇതിന് കാരണം?
⭕ അതെ പറഞ്ഞപോലെ തന്നെയാണ് സാധാരണ നമ്മൾക്ക് വിന്റർ സീസൺ എന്നുപറയുന്നത്. കേരളത്തിൽ സാധാരണ തണുപ്പ് കൂടുതലായിട്ട് വരുന്നവരുന്നത് ഡിസംബർ ലാസ്റ്റ് ജനുവരി ഫസ്റ്റ് വീക്കിലാണ്. പക്ഷേ ആ സമയത്ത് നമുക്ക് മഴ ലഭിച്ചത് കൊണ്ട് ഇത്തവണ വിന്റർ ലേറ്റ് ആവാനുള്ള കാരണമായി. എങ്കിലും നമുക്ക് തണുപ്പ് ലഭിച്ചു ജനുവരി ലാസ്റ്റ് വീക്ക് ആയതോടുകൂടി. അതുപോലെതന്നെ സമ്മർ നേരത്തെ വന്നു വിന്റർ ലൈറ്റ് ആയി.
പല ഏരിയയിലും, പ്രത്യേകിച്ച് കണ്ണൂർ,വയനാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലൊക്കെ മാക്സിമം മിനിമം ടെമ്പറേച്ചർ ഡിഫറൻസ് തന്നെ ഒരു 15നും 20 ഇടയിലായിരുന്നു. ഇത് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് ഈയൊരു മാറ്റം സംഭവിച്ചത്
❓മാർച്ച് 1 മുതൽ അതായത് ഇന്ന് മുതലാണ് വേനൽക്കാലം ആരംഭിക്കുന്നത്. പക്ഷേ വേനൽക്കാലം ആരംഭിക്കുന്നതിനു മുൻപേ ഇത്ര ചൂടാണെങ്കിൽ മൂന്നുമാസ കാലം ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?
⭕ ഇത് ഞാൻ നേരത്തെ പറഞ്ഞതിന്റെ തുടർച്ച തന്നെയാണ്. നമുക്ക് അത് ഇപ്പോഴേ കൃത്യമായിട്ട് പറയാൻ പറ്റില്ല. കാരണം വല്ലാത്ത ഒരു കണ്ടീഷനിലോട്ട് പോകുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും അൺസേർട്ടൻ ആയിട്ട് നിൽക്കുന്നു. ഒഫീഷ്യൽ ആയിട്ടുള്ള ഫോർകാസ്റ്റ് വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.നിലവിൽ നോക്കുകയാണെങ്കിൽ നമ്മൾക്ക് അത്യാവശ്യം വേനൽ മഴ കിട്ടും എന്നുള്ള ഒരു പ്രതീക്ഷയാണ് ഉള്ളത്. എൽനിനോ എഫക്ട് ഉണ്ടെങ്കിലും എൽനിനോ ഏപ്രിലോടെ ന്യൂട്രൽ കണ്ടീഷൻ അല്ലെങ്കിൽ നിലവിലെ ഒരു വീക്ക് കണ്ടീഷനിലേക്ക് പോകും എന്നുള്ളതാണ് ഒരു സൂചന. എൽനിനോ വീക്ക് ആവുകയാണെങ്കിൽ നമുക്ക് ചാൻസ് ഉണ്ട്. പിന്നെ നമ്മൾക്ക് ചൂട് എങ്ങനെ എന്നുള്ളത് നമ്മൾക്ക് മഴ എത്രമാത്രം കിട്ടും എന്നുള്ളതിനെ ആശ്രയിച്ചിരിക്കും. അതനുസരിച്ച് ആയിരിക്കും നമ്മുടെ ചൂടിന്റെ കാഠിന്യം.
❓ വേനൽ മഴ കൃത്യമായി പ്രവചിക്കാൻ പറ്റില്ല എന്നറിയാം. എങ്കിലും ഇത്തവണ വേനൽ മഴ സാധാരണയിൽ കൂടുതൽ ലഭിക്കുമോ?
⭕ ഇത്തവണ വിവിധ കാലാവസ്ഥ മോഡലുകൾ നോക്കുമ്പോൾ മാർച്ചിലും ഏപ്രിലും ഒക്കെ ഏകദേശം ഒരു നോർമൽ രീതിയിലുള്ള സാധാരണ മഴയ്ക്കുള്ള ഒരു സൂചനയാണ് നിലവിൽ കാണുന്നത്. അതേപോലെതന്നെ മെയ് ആണെങ്കിൽ കുറച്ചുകൂടി കൂടുതൽ മഴ മിക്കവാറും ഉള്ള മോഡലുകളൊക്കെ സൂചന നൽകുന്നുണ്ട്.
പക്ഷേ നമുക്ക് അതിനെക്കാളും ഏറ്റവും പ്രധാനം മാർച്ച്, ഏപ്രിൽ ആണ് പക്ഷേ മാർച്ച് ഏപ്രിൽ സാധാരണ മഴ കിട്ടുമെന്ന് ഒരു സൂചന ഉണ്ടെങ്കിലും എത്ര നേരത്തെ ഏതൊക്കെ ദിവസങ്ങളിൽ കിട്ടും എന്നുള്ളതൊക്കെ നമുക്ക് പറയാൻ ബുദ്ധിമുട്ടാണ്. ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ നമ്മളുടെ വേനൽ മഴ എത്ര ദിവസം കിട്ടുന്നു (നമ്പർ ഓഫ് ഡേയ്‌സ്) അതിനൊക്കെ ഡിപെൻഡ് ചെയ്തിരിക്കും നമ്മുടെ ഈ ചൂടിന്റെ കാഠിന്യം.
പിന്നെ നമുക്ക് മൺസൂൺ അല്ലെങ്കിൽ പോസ്റ്റ് മൺസൂൺ പോലെ വേനൽ മഴ ഒരുപാട് ദിവസം മുന്നേ പറയാൻ സാധിക്കില്ല. ഒരു ഫോർകാസ്റ്റിംഗ് ലിമിറ്റേഷൻ ഉണ്ട്. പ്രത്യേകിച്ച് വേനൽ മഴ എന്നു പറയുന്നത് ഉച്ചയ്ക്ക് ശേഷം, ഉണ്ടാകുന്ന ഒരു കൺവിറ്റിവ് റെയിൻ (താപ സംവഹന മഴ) ആണ്. (പെട്ടെന്ന് വന്ന് പെട്ടെന്ന് പോകുന്ന മഴ) ആയതുകൊണ്ട് നമുക്ക് ഒരുപാട് മാസങ്ങൾക്ക് മുന്നേ അല്ലെങ്കിൽ ആഴ്ചകൾക്ക് മുൻപേ ഇങ്ങനെയൊരു സാഹചര്യമുണ്ടാകും എന്ന് നേരത്തെ പ്രവചിക്കുക വളരെ ബുദ്ധിമുട്ടായിട്ടുള്ള ഒരു കാര്യമാണ്.
❓ പാലക്കാട് ജില്ലയാണ് ചൂടിന് റെക്കോർഡ് ഇടാറ്. ഇത്തവണ മറ്റു ജില്ലകളും കടുത്ത മത്സരമാണ് ഓരോ ജില്ലയിലും ചൂട് കൂടിക്കൂടി വരുന്നു ഇത് എന്തുകൊണ്ടാണ്?
⭕ ഇത്തവണ നമുക്ക് എല്ലാ ജില്ലകളിലും ചൂട് കൂടുതലാണ്. പാലക്കാട് മാത്രമല്ല തിരുവന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളും നമുക്ക് സാധാരണയിലും കൂടുതൽ ചൂടാണ്. പിന്നെ പാലക്കാട് ആണ് നമ്മൾ ഏറ്റവും കൂടുതൽ ചൂട് എന്നുള്ളത് ശരിക്കും പറഞ്ഞാൽ പേഴ്സണലി ഞാൻ പറയാണെങ്കിൽ അതൊരു മിസ്സ് അണ്ടർ സ്റ്റാൻഡിങ് ആണ്. പാലക്കാട്, പുനലൂർ ഇവിടെയാണ് ഏറ്റവും കൂടുതൽ ചൂട് റെക്കോർഡ് ചെയ്യുന്നു എന്നുള്ളത് സാഹചര്യമുണ്ടായത്. കാരണം കാലാവസ്ഥ വകുപ്പിന് 14 ജില്ലകളിൽ 10 ജില്ലകളിൽ മാത്രമാണ് കാലാവസ്ഥ ടെമ്പറേച്ചർ മെഷർ ചെയ്യാനുള്ള ഒഫീഷ്യൽ ആയിട്ടുള്ള സ്റ്റേഷൻ ഉള്ളത്.
കാസർഗോഡ്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒഫീഷ്യൽ ആയിട്ടുള്ള ഒബ്സർവേഷൻ ഇല്ല. അതുകൊണ്ട് നമ്മൾ ഒഫീഷ്യൽ ആയിട്ട് ഇൻഫർമേഷൻ കിട്ടുന്നത് ഈ ഒരു പത്ത് സ്ഥലങ്ങളിലെ 13 സ്റ്റേഷനുക ളിൽ നിന്നാണ്. (10 ജില്ലയിലെ 13 സ്റ്റേഷൻ എന്നുപറയുന്നത് എയർപോർട്ട് ഉള്ള ജില്ലകളിൽ മാത്രം രണ്ടെണ്ണം അങ്ങനെ ആ ഒരു രീതിയിലാണ്). അതുകൊണ്ട് തന്നെ നമ്മൾക്ക് അതൊരു കേരളത്തിന്റെ മൊത്തത്തിലുള്ള ഒരു ടെമ്പറേച്ചർ പ്രൊഫൈൽ ആണെന്ന് പറയാൻ പറ്റില്ല. പാലക്കാടിനെക്കാളും പുനലൂരിനെക്കാളും കൂടുതൽ ചൂടുള്ള മറ്റ് പ്രദേശങ്ങൾ ഉണ്ടെന്നറിയാൻ പറ്റിയത് കഴിഞ്ഞവർഷം ആണ്.
കാലാവസ്ഥ വകുപ്പിന്റെ പല സ്ഥലങ്ങളിൽ ഒരു നൂറോളം ഓട്ടോമാറ്റിക് സ്റ്റേഷനുകൾ കേരളത്തിൽ മൊത്തത്തിൽ സ്ഥാപിച്ചു. അതിന്റെ ഒഫീഷ്യൽ ഡാറ്റ ഐ.എം.ടി എടുക്കുന്നില്ലെങ്കിൽ പോലും ഈ ടെമ്പറേച്ചർ പ്രൊഫൈലിൽ പാലക്കാട് മാത്രമല്ല മറ്റെല്ലാ ജില്ലകളിലും ചൂട് കൂടുതലാണ് എന്ന് കാണിച്ചു തന്നു. ഡാറ്റയുടെ അവൈലബിലിറ്റി കുറവായതുകൊണ്ടാണ് അന്ന് നമുക്ക് ഈ ഒരു കൺസെപ്റ്റ് ഉണ്ടായത്. പാലക്കാട് ഏറ്റവും കൂടുതൽ ചൂട് എന്നുള്ളത്. ആ ഒരു കൺസെപ്റ്റ് മാറും എന്നാണ് തോന്നുന്നത്.
നേരത്തെയുള്ളതെല്ലാം നമുക്ക് കൃത്യമായി സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടുള്ള ഒരു ലിമിറ്റേഷൻ കൂടി അതിന്റെ പിറകിൽ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.