വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൽബൈസഖി മഴ കനത്ത നാശം വിതയ്ക്കുന്നു. വെള്ളിയാഴ്ച ബിഹാറിൽ ഇടിയോടുകൂടെയുള്ള കനത്ത മഴയിൽ 33 പേർ മരിച്ചു. ഇന്ന് കൊൽക്കത്തയിലും കനത്ത മഴയും കാറ്റും മിന്നലുമുണ്ടായി. ആളപായമോ മറ്റോ സംബന്ധിച്ച വിവരമില്ല.
എന്താണ് കൽബൈസഖി മഴ
ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ വീശുന്ന നോർവെസ്റ്റർ എന്നറിയപ്പെടുന്ന കാറ്റാണ് ഈ മേഖലയിൽ രൂക്ഷമായ മിന്നലും കാറ്റും മഴയും ഉണ്ടാക്കുന്നത്. കേരളത്തിൽ വേനലിലുണ്ടാകുന്ന മഴയുടെ തീവ്ര രൂപമാണ് നോർവെസ്റ്റർ എന്ന കൽബൈസഖി. ഏപ്രിൽ പകുതിക്ക് ശേഷമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതുണ്ടാകുന്നത്. അതിശക്തമായ മിന്നലും കാറ്റും മഴയുമാണ് ഉണ്ടാകുക. ബംഗ്ല പദമാണ് കൽബസൈഖി. കൊൽക്കത്തയിൽ ഇന്ന് വൈകിട്ട് 60 കി.മി വേഗത്തിലുള്ള കാറ്റും മഴയും ഐ.പി.എൽ മത്സരത്തെ ബാധിച്ചു. ഈഡൻ ഗാർഡനിലാണ് മത്സരം നടക്കുന്നത്. കനത്ത ഇരുണ്ട മേഘങ്ങൾ കൊൽക്കത്തയെ മൂടുകയായിരുന്നു.
ബിഹാറിലെ 16 ജില്ലകളിൽ വെള്ളിയാഴ്ചയുണ്ടായ മഴയിലാണ് 33 പേർ മരിച്ചത്. ഈ സീസണിൽ ഇത്രയും പേർ ഒരു ദിവസം മരിക്കുന്നത് ആദ്യമാണ്. 60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയതും നാശനഷ്ടമുണ്ടാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വീടുകൾ തകരുകയും വിളകൾ നശിക്കുകയും ചെയ്തവർക്ക് സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും വീടുകളുടെ മേൽക്കൂര പറന്നുപോയി. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. 25 മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്. 33 മരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കതിയാർ എന്ന പ്രദേശത്തെയാണ് ബിഹാറിൽ മഴ രൂക്ഷമായി ബാധിച്ചത്. ഇവിടെ മിക്ക വീടുകളുടെയും മേൽക്കൂര പറന്നുപോയി.