ഡോ.ജസ്‌ന വി.കെ, അസ്സി. പ്രൊഫസർ, കെ.വി.കെ മലപ്പുറം
കേരളത്തിലെ ശക്തമായ മഴ മറ്റേത് മേഖലയെക്കാൾ രൂക്ഷമായി ബാധിക്കുന്നത് കാർഷികമേഖലയെയാണ് . കൃഷിയിടത്തിൽ വെള്ളം കെട്ടികിടന്നും മണ്ണിലെ വായു അറകൾ അടഞ്ഞും വിവിധ രോഗ ങ്ങൾ ബാധിച്ചും കൃഷിയിൽ കനത്ത വിള നഷ്ട്ടമുണ്ടാക്കുന്നു. ചില മുൻകരുതൽ പ്രവർത്തനങ്ങളും ഉചിത പരിപാലന മുറകളും പാലിച്ചു കൊണ്ട് മണ്ണിന്റെയും ചെടികളുടെയും ആരോഗ്യം വീണ്ടെടുത്ത് കാർഷിക മേഖലക്ക് ഊർജം പകരാം.
പരമ പ്രധാനമായി കൃഷിയി ടങ്ങളിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതെ നീർ വാർച്ച ഉറപ്പുവരുത്താൻ ശ്രദ്ധി ക്കണം . വെള്ളവും ചെളിയും കെട്ടിക്കിടന്ന പ്രദേശങ്ങളിൽ വേരിനു ആഘാതം ഏൽക്കാതെ മണ്ണിളക്കി കുമ്മായം/ ഡോളോമയ്റ്റ് പച്ചക്കറിക്ക് 3 കിലോ ഒരു സെന്റിനും തെങ്ങൊന്നിന് ഒരു കിലോയും വാഴ/ കുരുമുളക് /കവുങ്ങിന് അര കിലോയും ചേർത്ത് കൊടുക്കുന്നത് മണ്ണിലെ നീർ വാർച്ച മെച്ചപ്പെടുത്തുന്നതിനോടപ്പം വായുസഞ്ചാരം ഉയർത്താനും രോഗപ്രതിരോധ ശേഷി പ്രധാനം ചെയ്യാനും സഹായകരമാണ്. തുടർച്ചയായി പെയ്യുന്ന മഴ കാരണം മണ്ണിന്റെ ഫലപൂഷ്ടി ഗണ്യമായി കുറയുന്നു. ഇത് പരിഹരിക്കുന്നതിന് നൈട്രജനും പൊട്ടാസ്യവും അടങ്ങിയ വളങ്ങളും സൂക്ഷ്മമൂലകമിശ്രതങ്ങളും താഴെ നൽകിയ തോതിൽ കൊടുക്കണം.
ക്ര. നം. വളങ്ങൾ തോത്
1. 191919 എല്ലാ വിളകളിലും
(ഇലകളിൽ തളിക്കാൻ) 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം
2. സമ്പൂർണ പച്ചക്കറി – സൂക്ഷ്മമൂലകമിശ്രതം (ഇലകളിൽ തളിക്കാൻ) 5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസത്തെ ഇടവേളകളിൽ മൂന്ന് തവണ തളിക്കണം
3 സമ്പൂർണ സൂക്ഷ്മമൂലകമിശ്രതം നെല്ല്(ഇലകളിൽ തളിക്കാൻ) 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നട്ട് ഒരു മാസം കഴിഞ്ഞു 15 ദിവസത്തെ ഇടവേളകളിൽ രണ്ടു തവണ
4 സമ്പൂർണ സൂക്ഷ്മമൂലകമിശ്രതം വാഴ (ഇലകളിൽ തളിക്കാൻ) കുലക്കാറായ വാഴകളിൽ 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം
5 അയർ സൂക്ഷ്മമൂലകമിശ്രതം വാഴ 100 ഗ്രാം രണ്ടാം മാസത്തിൽ 100 ഗ്രാം നാലാം മാസത്തിൽ വെള്ളക്കെട്ട് ഒഴിവാകുന്നതോടെ മണ്ണിൽ ചേർത്ത് കൊടുക്കണം
വെള്ളം കെട്ടി കിടന്നതു കാരണം നശിച്ചു തുടങ്ങിയ വേരുകളെ പുനഃരുജ്ജീവിപ്പിക്കാൻ ഒരു കിലോ ട്രൈക്കോഡെർമ 100 ലിറ്റർ പച്ചചാണക തെളിയിൽ ചേർത്ത് ചെടികളുടെ കടഭാഗത്തു ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.
വിളകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളേയും പ്രതിരോധിക്കാനായി സ്യുഡോമോണാസ് എന്ന മിത്ര ബാക്ടീരിയ മികച്ച ഒരു ഉപാധിയാണ് . 20 ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് ഇലകളിൽ തളിക്കാനും നടുന്നതിനു മുൻപ് തൈകൾ മുക്കാനും (30 മിനുട്ട്)ഉപയോഗിക്കാം. വിത്തുപരിചരണത്തിന് 10 ഗ്രാം സ്യുഡോമോണാസ് ഒരു കിലോ വിത്തിൽ പുരട്ടി 8 12 മണിക്കൂർ വച്ചതിന് ശേഷം ഉപയോഗിക്കാം. മഴജന്യ കുമിൾ രോഗ ങ്ങളായ പച്ചക്കറികളിലെ ചീയൽ വട്ടം, കവുങ്ങിൽ മാഹാളി , തെങ്ങിലെ കൂമ്പു ചീയൽ, വാഴയിലെ വട്ടം പുള്ളിക്കുത്ത് രോഗങ്ങൾ, കുരുമുളകിലെ മഞ്ഞളിപ്പും ധ്രുതവാട്ടവും, ജാതിയിലെ കൊമ്പുണക്കവും ഇല കൊഴിച്ചിലും നെല്ലിലെ കുമിൾ രോഗങ്ങൾ തുടങ്ങിയവക്ക് എതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം മണ്ണിൽ ചേർക്കുന്നതും ഇലകളിൽ തളിക്കുന്നതും ഫലപ്രദമാണ് ..ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തയ്യാറാക്കുന്നതിന് 1 കിലോഗ്രാം തുരിശ് 50 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക . മറ്റൊരു 50 ലിറ്റർ വെള്ളത്തിൽ ഒരു കിലോ നീറ്റുകക്ക നന്നായി ലയിപ്പിച്ചെടുക്കുക, തുടർന്ന് കക്ക ലായനിയിലോട്ട് തുരിശ് ലായനി എന്ന ക്രമത്തിൽ തന്നെ സാവധാനത്തിൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം. തളിച്ച് കൊടുക്കുന്ന ബോർഡോ മിശ്രിതം മഴയിൽ നഷ്ടപ്പെട്ട് പോകാതെ ഇലകളിൽ പറ്റിപിടിച്ചിരിക്കാൻ പശ ചേർക്കണം . ഇതിനായി 100 ലിറ്റർ വെള്ളത്തിൽ നിന്നും 10 ലിറ്റർ എടുത്ത് അര കിലോ അലക്കുകാരം ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം ഇതിലോട്ട് ഒരു കിലോ വജ്ര പശ ചേർത്ത് കുമിളകൾ വരുന്നത് വരെ ചൂടാക്കണം. ഈ മിശ്രിതം ഇളം ചൂടിൽ ബാക്കി യുള്ള 90 ലിറ്റർ ബോർഡോ മിശ്രിതത്തിൽ കലർത്തി കൊടുക്കണം. ബോർഡോ മിശ്രിതം തയ്യാറാക്കിയ അന്നു തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പച്ചക്കറി വിള കളിൽ പ്രത്യേകിച്ച് വെള്ളരി വർഗത്തിലും നെൽക്കൃഷിയിലും ചേമ്പ് വർഗ വിളകളിലും ബോർഡോ മിശ്രിതം ആഭികാമ്യമല്ല . പകരം പച്ചക്കറികയിലെ കുമിൾ രോഗങ്ങൾക്ക് 75 ശതമാനം വീര്യമുള്ള മംഗോസബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 50 ശതമാനം വീര്യമുള്ള കാർ ബെ ണ്ടാസിം 1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ച് കൊടുക്കാം. നെല്ലിൽ 5 ശതമാനം വീര്യമുള്ള ഹെക്‌സകൊണസോള് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 25 ശതമാനം വീര്യമുള്ള പ്രൊപ്പികൊണസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കാം. തികച്ചും കരുതലോടെയുള്ള കാർഷിക പ്രവർത്തനങ്ങൾ കീടരോഗ പോഷക പ്രശ്‌നങ്ങൾ പരിഹരിച്ചു വിളവ് നഷ്ട്ടം തടയാനും കാർഷിക മേഖലയെ മെച്ചപ്പെടുത്താനും സഹായിക്കും.