അരലക്ഷം വര്‍ഷത്തിനു ശേഷം ഭൂമിയില്‍ നിന്ന് നഗ്നനേത്രം കൊണ്ടു പച്ച വാല്‍നക്ഷത്രം ദൃശ്യമായി. C/2022 E3 (ZTF) എന്നറിയപ്പെടുന്ന പച്ച വാല്‍നക്ഷത്രത്തിന്റെ ദൃശ്യങ്ങള്‍ പലരും കാമറയില്‍ പകര്‍ത്തി. ആധുനിക മനുഷ്യരായ ഹോമോ സാപിയന്‍സുകളും നിയാണ്ടര്‍താലുകളുമുള്ള അര ലക്ഷം വര്‍ഷം മുന്‍പാണ് ഇതിനു മുന്‍പ് ഭൂമിക്കരികിലെത്തിയത്. മലയാളിയായ അജിത്ത് എവറസ്റ്റർ പകർത്തിയ ചിത്രമാണ് ഇതോടൊപ്പം നൽകിയത്. നഗ്ന നേത്രം കൊണ്ട് ഇന്നും നാളെയും ഈ വാല്‍നക്ഷത്രത്തെ വടക്കുപടിഞ്ഞാറ് ആകാശത്ത് കാണാം. ബുടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലാണ് പച്ച വാല്‍നക്ഷത്രം കാണാനാകുക. ടെലസ്‌കോപ് വഴിയും കാമറ ഉപയോഗിച്ചും ഇന്നലെ പലരും ഇതിന്റെ ചിത്രം പകര്‍ത്തി. ദൂരദര്‍ശിനി ഉപയോഗിച്ചും വ്യക്തമായി കാണാനാകും.
ഭൂമിക്ക് ഏറ്റവും അടുത്താണെങ്കിലും 42 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ പച്ച വാല്‍നക്ഷത്രമുള്ളതെന്ന് എര്‍ത്ത് സ്‌കൈ റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 2.7 ലക്ഷം കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാത്രമാണ് ഇങ്ങനെയൊരു വാല്‍ നക്ഷത്രത്തെ ആദ്യമായി വാന നിരീക്ഷകര്‍ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (ZTF) യിലുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ക്യാമറ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ C/2022 E3(ZTF) എന്നാണ് ഈ പച്ച വാല്‍നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്.
The Green Comet (C/2022 E3 ZTF) shot from the back garden on Thursday morning.@UKNikon D750 + @TamronUK 70-200mm (+1.4tc)
30s, ISO2500, f/2.8#Comet #Scotland #Photography #AstroPhotography #NightSky @BBCStargazing pic.twitter.com/hA0G0O6Jnd
— Dynamic Scotland Photography (@DynamicScotland) January 29, 2023
തിരുവനന്തപുരത്ത് കാണാന്‍ സൗകര്യം
ഫെബ്രുവരി 5 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ 10 നിരീക്ഷിക്കുന്നതിനുള്ള സൗകര്യം തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ലഭ്യമാണ്.
ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 20 രൂപ. വിദ്യാര്‍ഥികള്‍ക്കും, 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 15 രൂപ. വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും 7012699957, 9744560026, 04712306024 എന്നീ നമ്പരുകളിലോ, [email protected] എന്ന ഇമെയില്‍ മുഖേനയോ ബന്ധപ്പെടാം. ഈ ദിവസങ്ങളില്‍ വൈകിട്ട് 7 മുതല്‍ 8 വരെ മ്യൂസിക്കല്‍ ഫൗണ്ടനും ലേസര്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും.
എന്തുകൊണ്ട് പച്ചനിറം?
സൗരയൂഥത്തിന്റെ ജനന സമയത്തു രൂപം കൊണ്ട തണുത്തുറഞ്ഞ പാറയോ വാതകങ്ങളോ നിറഞ്ഞ വസ്തുക്കളാണ് സാധാരണ വാല്‍ നക്ഷത്രങ്ങള്‍. അവയില്‍ അടങ്ങിയ വസ്തുക്കളും വേഗവും സഞ്ചാരപഥവുമെല്ലാം വാല്‍ നക്ഷത്രങ്ങളുടെ വാലിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട്. ഇവിടെ വാല്‍ നക്ഷത്രത്തിന്റെ നിറം തന്നെ പച്ചയാണ്. വാലുപോലെ പിന്നിലേക്കു പോവുന്ന വെളിച്ചം വെളുത്ത നിറത്തിലുള്ളതുമാണ്.
ആ വാലിനു പിന്നില്‍?
സൂര്യനോട് കൂടുതല്‍ അടുക്കുമ്പോള്‍ ചൂടുകൊണ്ട് കൂടുതല്‍ വാതകങ്ങളും പൊടികളും ധൂമകേതുക്കള്‍ പുറത്തുവിടാറുണ്ട്. ഈ സമയത്ത് അവയ്ക്ക് ഒരു ഗ്രഹത്തേക്കാളും വലിപ്പമുണ്ടാവാറുണ്ടെന്നും നാസ വിശദീകരിക്കുന്നു. ധൂമകേതുക്കള്‍ ഇങ്ങനെ പുറത്തുവിടുന്ന വാതകങ്ങളും പൊടിയുമാണ് നമുക്ക് വാലു പോലെ തോന്നിക്കുന്നത്. പച്ചക്ക് പുറമേ നീല, വെളുപ്പ് നിറങ്ങളിലും വാല്‍ നക്ഷത്രങ്ങള്‍ കണ്ടുവരാറുണ്ട്.
ചിത്രം:Ajith Everester