ഫെബ്രുവരിയിലുണ്ടായത് 6 വര്‍ഷത്തെ ഏറ്റവും വലിയ സൗരജ്വാലകളും സൗരകളങ്കങ്ങളും
ഫെബ്രുവരിയില്‍ സൂര്യനിലുണ്ടായത് ശക്തിയേറിയ സൗരക്കാറ്റുകളും സൗരകളങ്കങ്ങളും. ഫെബ്രുവരി പകുതിയോടെയുള്ള സൂര്യനിലെ മാറ്റങ്ങള്‍ ഭൂമിയിലെ കാലാവസ്ഥയെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുള്ളത്.
ആറു വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ സൗരജ്വാല
കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ സൗരജ്വാല (Solar Flare) ആണ് 2024 ഫെബ്രുവരിയിലുണ്ടായതെന്ന് അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. AR3590 എന്നു പേരിട്ട സൗരകളങ്കത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. എക്‌സ് ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന സൗരകളങ്കമാണ് ഫെബ്രുവരിയിലുണ്ടായത്. കഴിഞ്ഞ ആഴ്ച 24 മണിക്കൂറില്‍ താഴെ സമയമാണ് ഈ തീവ്ര സൗരജ്വാല നീണ്ടു നിന്നത്.
ഫെബ്രുവരി 21 ന് തീവ്ര സൗരജ്വാല
സൂര്യന്റെ ഭൂമിയോട് അഭിമുഖീകരിക്കുന്ന മുഖഭാഗത്താണ് ഈ സൗരജ്വാലയുണ്ടായത്. ഏറ്റവും ശക്തമായ സൗരജ്വാലകളെയാണ് എക്‌സ് (X) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21 ബുധനാഴ്ചയാണ് ഈ സൗരജ്വാല റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 22 വ്യാഴാഴ്ച X6.3 വിഭാഗത്തിലെ സൗരജ്വാലയും റിപ്പോര്‍ട്ടു ചെയ്തു.
റേഡിയോ സിഗ്‌നലുകളെ തടസപ്പെടുത്താന്‍ ശേഷിയുള്ളവയാണിവ. സൗരജ്വാലകാറ്റുകളെ തുടര്‍ന്നുള്ള ശക്തമായ coronal mass ejections (CMEs) മൂലമുള്ള ചാര്‍ജുള്ള കണങ്ങള്‍ക്ക് പവര്‍ഗ്രിഡുകളെയും ഭൂമിയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും തകരാറിലാക്കാനാകും.
ഏറ്റവും ശക്തമായ സൗരജ്വാല 22 ന്
AR3590 എന്ന സൗരജ്വാല ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഫെബ്രുവരി 18 നാണ്. ഭൂമിയേക്കാള്‍ വലിപ്പമുള്ള കറുത്ത പാടുകളായി അവ പലതവണ വികസിച്ചു. ഫെബ്രുവരി 21 ന് എക്‌സ് ക്ലാസ് സൗരജ്വാലയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഏറ്റവും ശക്തമായ സൗരജ്വാല ദൃശ്യമായത് ഫെബ്രുവരി 22 നായിരുന്നു. അന്ന് X1.7, X1.8 തീവ്രത വരെയുണ്ടായി. ഇതു പിന്നീട് വികസിച്ച് X3.6 വരെ തീവ്രതയുള്ള സൗരജ്വാല ദൃശ്യമായി. ആറു വര്‍ഷത്തിനിടെ ഇത്രയും ശക്തമായ സൗരജ്വാല ആദ്യമാണെന്നാണ് നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അനുമാനിക്കുന്നത്.
തരംഗങ്ങളെ തടസ്സപ്പെടുത്തി
ഭൂമിയിലെ തരംഗങ്ങളെ ഇതില്‍ മൂന്നു സൗരജ്വാലകള്‍ തടസ്സപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇവയിലൊന്നും കൊറോണല്‍ മാസ് ഇജക്ഷന്‍ coronal mass ejections (CMEs) പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്ല. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇത്തരം ജ്വാലകള്‍ക്ക് കഴിയും. ഉപഗ്രഹങ്ങളെ ബാധിക്കുന്നതും അങ്ങനെയാണ്.
2019 മുതലാണ് ട്രിപ്പിള്‍ എക്‌സ് ജ്വാലകള്‍ ശ്രദ്ധയില്‍പ്പെട്ടു തുടങ്ങിയത്. ഇപ്പോഴത്തെ സൗരജ്വാല നിലവിലുള്ള സോളാര്‍ സൈക്കിളിലെ ഏറ്റവും വലിയതാണെന്ന് Spaceweather.com റിപ്പോര്‍ട്ട് ചെയ്തു. 1859 ലാണ് ഏറ്റവും വലിയ സൗരജ്വാലയും സൗരകളങ്കവും റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ 60 ശതമാനം വലുപ്പം വരുന്നവയാണ് ഇപ്പോള്‍ ദൃശ്യമായത്.