ജെറ്റ് സ്ട്രീമിനൊപ്പം നാലു ചക്രവാതച്ചുഴികള്‍, കനത്ത മഴ സാധ്യത 26 വരെ
കേരളത്തില്‍ സൊമാലി ജെറ്റ് പ്രതിഭാസം ഉള്‍പ്പെടെയുള്ള വെതര്‍ സിസ്റ്റം നിലനില്‍ക്കുന്നതിനാല്‍ കാലവര്‍ഷം സജീവമായി തന്നെ തുടരും. ഇന്നലെ സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കില്‍ പറയുന്നു. ജൂണ്‍ 26 വരെ കേരളത്തില്‍ വിവിധ ഇടങ്ങളിലായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് ചില പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കേണ്ടി വരുമെന്നും പ്രൈവറ്റ് കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറയുന്നു. ഈ മാസം 26 ന് ശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത.
അന്തരീക്ഷസ്ഥിതി ഇങ്ങനെ
ഇപ്പോള്‍ ജെറ്റ് സ്ട്രീം എന്ന പ്രതിഭാസം മാത്രമല്ല മഴയെ ശക്തമാക്കുന്നത്. ഒഡീഷക്ക് സമീപത്തായി രണ്ടു ചക്രവാതച്ചുഴികളുണ്ട്. ഇതിലൊന്ന് താഴന്ന ഉയരത്തിലുള്ളതും മറ്റൊന്ന് അപ്പര്‍ എയര്‍ സര്‍ക്കുലേഷനുമാണ്. ഇവ രണ്ടും യഥാക്രമം 3.1, 7.6 കി.മി ഉയരത്തിലാണ്. ഇതൊടൊപ്പം ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക് മധ്യ മേഖലയിലും രണ്ട് ചക്രവാതച്ചുഴികളുണ്ട്. ഇവ 3.1 കി.മി ഉയരത്തിലും 5.8 കി.മി ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതോടൊപ്പം കര്‍ണാടക, കേരള തീരത്തായി ന്യൂനമര്‍ദ പാത്തിയും (Trough) സ്ഥിതി ചെയ്യുന്നുണ്ട്.
മഴയെ നിസാരമാക്കേണ്ട
സൊമാലി ജെറ്റ് സ്ട്രീമുകള്‍ സജീവമായി നില്‍ക്കുന്ന സമയത്തെ മഴയെ ശക്തിപ്പെടുത്താവുന്ന വെതര്‍ സിസ്റ്റങ്ങള്‍ ഏതു സമയവും മഴയെ ശക്തിപ്പെടുത്തിയേക്കും. അതെല്ലാം പരിഗണിച്ചാണ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുന്നത്. പെയ്യുന്ന മഴയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല അലര്‍ട്ടുകള്‍ നല്‍കുന്നത്.
ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് ഈ മാസം 23 മുതല്‍ 26 വരെ ശക്തവും അതിശക്തവുമായ മഴ കേരളത്തില്‍ ലഭിക്കും. ഇന്ന് (ശനി) കേരളത്തില്‍ ഉച്ചവരെ മഴ വിട്ടുനില്‍ക്കുന്നത് താഴ്ന്ന ഉയരത്തിലെ കാറ്റ് സജീവമല്ലാത്തതിനാലാണ്. ഇന്ന് പുലര്‍ച്ചെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും രാവിലെ മുതല്‍ വെയില്‍ വന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മൂടിക്കെട്ടലും മഴയും തിരികെയെത്തുമെന്ന്് ഞങ്ങളുടെ നിരീക്ഷകര്‍ പറഞ്ഞു.
എന്തുകൊണ്ട് തുടര്‍ച്ചയായ മഴയില്ല
ശരിയായ മണ്‍സൂണ്‍ എന്ന് പറയുന്നത് തുടര്‍ച്ചയായ മഴ ലഭിക്കുന്ന സാഹചര്യമാണ്. അറബിക്കടലിനു മുകളില്‍ സംവഹനം (convection) ശക്തമല്ലാത്തതിനാലാണ് കരയില്‍ മഴയും വെയിലും മാറി മാറി വരുന്നത്. സംവഹനം ശക്തിപ്പെടുന്നതോടെ വെയില്‍ മാറി തുടര്‍ച്ചയായ മഴയിലേക്ക് കാലാവസ്ഥ മാറും. ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റ് അനുകൂലമാകുകയും സംവഹനം ശക്തിപ്പെടുകയും ചെയ്യുന്നതോടെ തീരദേശ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ രാത്രി അതിശക്തമായ മഴ ലഭിക്കും. രാവിലെ നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടേക്കാം. ഇടയ്ക്ക് വെയില്‍ തെളിഞ്ഞാലും ശക്തമായ മഴക്കുള്ള മുന്നറിയിപ്പും കരുതലും തുടരണം.
കിഴക്കന്‍ മേഖലയില്‍ ജാഗ്രത
കിഴക്കന്‍ മലയോര മേഖലകളിലെ വിനോദ സഞ്ചാരം ഈ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലെ രാത്രി യാത്രക്ക് വിലക്കുണ്ടായേക്കാം. അത്തരം പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ അനുസരിക്കണം. വനമ്പ്രദേശങ്ങളില്‍ രാത്രിയില്‍ അതിശക്തമായ മഴ മണ്ണിടിച്ചിലിനോ ഉരുള്‍പൊട്ടലിനോ കാരണമായേക്കാം.
വെള്ളച്ചാട്ടങ്ങളിലെ കുളി, ട്രക്കിങ്, മലയോരങ്ങളിലെ പുഴ വിനോദയാത്രകള്‍, കയാക്കിങ് തുടങ്ങിയവ ഈ മാസം 26 വരെ സുരക്ഷിതമല്ല. നേരത്തെ പറഞ്ഞ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന- മിഡി ലെവലിലെ ചക്രവാതച്ചുഴികള്‍ ഈ ഉയരത്തിലെ കാറ്റിനെ സ്വാധീനിക്കുന്നുണ്ട്. ധാരാളം ഈര്‍പ്പം ഇതുവഴി വനമേഖലകളിലെത്തി ഒന്നിച്ചു പെയ്യാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാലാണിത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.