Fact Check: വാട്‌സ്ആപ്പിലെ തണുപ്പു കൂടുമെന്ന സന്ദേശം വ്യാജ പ്രചാരണം : വസ്തുത ഇതാണ്

Fact Check: വാട്‌സ്ആപ്പിലെ തണുപ്പു കൂടുമെന്ന സന്ദേശം വ്യാജ പ്രചാരണം : വസ്തുത ഇതാണ്

പ്രധാന അറിയിപ്പ്

നാളെ മുതല്‍ ഓഗസ്റ്റ് 22 വരെ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഇതിനെ ആല്‍പീലിയന്‍ ഇവന്റ് എന്ന് വിളിക്കുന്നു. നാളെ രാവിലെ 5.27 ന് ഇത് ആരംഭിക്കും

ആല്‍പീലിയന്‍ ഇവന്റിന്റെ ഫലങ്ങള്‍ നമുക്ക് കാണാന്‍ കഴിയും മാത്രമല്ല, അത് അനുഭവിക്കാനും കഴിയും. ഇത് ഓഗസ്റ്റ് 22- 25 ന് അവസാനിക്കും.

ഈ കാലയളവില്‍, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ജലദോഷം നമുക്ക് അനുഭവപ്പെടാം. ഇത് നമ്മുടെ ശരീരത്തില്‍ വേദനയും തൊണ്ടവേദനയും പനിയും ചുമയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. അതിനാല്‍, വിറ്റാമിനുകളും മറ്റ് ആരോഗ്യകരമായ ഭക്ഷണ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് നല്ലതാണ്.

സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്.

എന്നാല്‍ ഈ ആല്‍പീലിയന്‍ ഇവന്റില്‍, രണ്ടും തമ്മിലുള്ള ദൂരം 152,000,000 കിലോമീറ്ററായി വര്‍ദ്ധിക്കും. അതായത്, 66% വര്‍ദ്ധനവ്.

ഇത് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍ എന്നിവരുമായി പങ്കിടുക.

ഇങ്ങനെ ഒരു വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്‌സാപ്പില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച് പലരും വസ്തുത എന്താണെന്ന് ചോദിക്കുന്നുണ്ട്.

അഫലിയോണ്‍ എന്ന പ്രതിഭാസത്തെ കുറിച്ചാണ് വാട്‌സ്ആപ്പ് സന്ദേശം എന്നാണ് മനസിലാക്കുന്നത്. മലയാളത്തില്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത് ‘ആല്‍പീലിയന്‍’ എന്നാണ്. എന്നാല്‍ ഇതേ പോസ്റ്റിന്റെ ഇംഗ്ലീഷും പ്രചരിക്കുന്നുണ്ട്. അതില്‍ APHELION PHENOMENON എന്നാണ് പറയുന്നത്.

അഫലിയോണ്‍, പെരിലിയോണ്‍ പ്രതിഭാസങ്ങളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ പ്രചാരണം എല്ലാ വര്‍ഷവും പതിവാണ്. ഈ വെബ്‌സൈറ്റില്‍ തന്നെ 2022 ല്‍ ഇത്തരം പ്രചാരണത്തെ കുറിച്ച് Metbeat News നല്‍കിയ റിപ്പോര്‍ട്ട് താഴെ വായിക്കാം.

എന്താണ് അഫലിയോണ്‍?

ഭൂമിയില്‍ നിന്ന് സൂര്യന്‍ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ദിവസത്തെയാണ് അഫലിയോണ്‍ ദിനം എന്ന് പറയുന്നത്. 17ാം നൂറ്റാണ്ടില്‍ ജര്‍മന്‍ ആസ്‌ട്രോണമര്‍ ആയ Johannes Kepler ആണ് ഭൂമി സൂര്യനെ വൃത്താകൃതിയിലല്ല പരിക്രമണം ചെയ്യുന്നതെന്നും ദീര്‍ഘവൃത്താകൃതിയിലാണെന്നും കണ്ടെത്തിയത്. ഇതു പ്രകാരം ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലുന്ന സമയത്തെ അഫലിയോണ്‍ എന്നും ഏറ്റവും അടുത്തു വരുന്നതിനെ പെരി ഹീലിയോന്‍ എന്നും വിളിക്കുന്നു.

സാധാരണ പ്രതിഭാസം

എല്ലാ വര്‍ഷവും ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ വരുന്ന പ്രതിഭാസമാണിത്. പുരാതന ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ഈ പേര് വന്നത്. അഫ് (അകലെ) പെരി ( അടുത്ത് ) എന്നാണ് അര്‍ഥം. സൂര്യന്‍ അടുത്തും അകലെയും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂണിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് അഫലിയോണ്‍ ഉണ്ടാകുന്നത്.

ഡിസംബറിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം പെരി ഹീലിയോന്‍ ഉണ്ടാകുന്നു. 2023 ല്‍ അഫലിയോണ്‍ ജൂലൈ 7 ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവിച്ചത്. 2024 ല്‍ ഇത് ജൂലൈ 5 ന് രാവിലെ 10:36 നായിരുന്നു. 2025 ല്‍ അഫലിയോണ്‍ നടന്നത് ജൂലൈ 3 ന വൈകിട്ട്് 3.54 നായിരുന്നു. വാട്‌സ്ആപ്പ് പ്രചാരണത്തില്‍ പറയുന്നതുപോലെ ഓഗസ്റ്റിലല്ല.

പെരിഹെലിയന്‍, അഫലിയോണ്‍ തിയതികള്‍ക്ക് എല്ലാ വര്‍ഷവും മാറ്റം വരാറുണ്ട്. എന്നാല്‍ എപ്പോഴും അത് ജനുവരിയിലും ( പെരി ഹീലിയോന്‍) ജൂലൈയിലും ആണ് ( അഫലിയോണ്‍) നടക്കുക. അഫലിയോണ്‍ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നില്ല.

ജൂലൈ 2 മുതല്‍ ജൂലൈ 7 വരെയാണ് 2025 ല്‍ അഫലിയോണ്‍ നടന്നത്. ആ സമയം ഭൂമിയില്‍ നിന്ന് 15.2 കോടി കിലോമീറ്റര്‍ അകലെയായിരുന്നു സൂര്യന്‍. 2025 ലെ പെരി ഹെലിയോണ്‍ നടന്നത് ജനുവരി 4 നായിരുന്നു.

സൂര്യന്‍ ഭൂമിയില്‍ നിന്ന് എത്ര അകലെ ?

ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏകദേശം 15 കോടി കിലോമീറ്റര്‍ ആണ്. പ്രകാശം ഏതാണ്ട് 500 സെക്കന്റുകൊണ്ട് (ഏതാണ്ട് 8 മിനിട്ട്) സഞ്ചരിക്കുന്ന ദൂരം. ഇതിനെ ഒരു ആസ്‌ട്രോണമിക്കല്‍ യൂനിറ്റ് (AI) എന്നു പറയുന്നു. ഈ യൂനിറ്റ് അടിസ്ഥാനമാക്കിയാണ് വിവിധ ഗ്രഹങ്ങള്‍ തമ്മിലുള്ള അകലവും മറ്റും പറയുന്നത്. ദൂരത്തിന് കിലോമീറ്റര്‍ എന്നു പറയുന്നതു പോലെ. പ്രകാശ വര്‍ഷവും ഉപയോഗിക്കാറുണ്ട്.

ശരിക്കും ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം കൃത്യമായി പറഞ്ഞാല്‍ 14 കോടി 96 ലക്ഷം കിലോമീറ്റര്‍. പെരിഹീലിയന്‍ ദൂരം ഏകദേശം 14.7 കോടി കിലോമീറ്ററും അഫീലിയന്‍ ദൂരം 15.2 കോടി കിലോമീറ്ററും ആണ്. അതായത് ഏതാണ്ട് 1.7 ശതമാനം വ്യത്യാസം ഉണ്ടാകും.

ഇതു കൊണ്ടാണ് ഭൂമിയില്‍ വേനലും മഞ്ഞും മാറി മാറി വരുന്നതെന്നു വിചാരിച്ചാല്‍ നമുക്കു തെറ്റി. അതിന്റെ കാരണം വേറെയാണ്. ഋതുക്കള്‍ മാറി വരുന്നതിനു കാരണം ഭൂമിയുടെ ഭ്രമണപഥതലവും ഭൂമധ്യരേഖാതലവും തമ്മിലുള്ള 23.5 ഡിഗ്രിയുടെ ചരിവാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് എന്നു പറയുന്നതും ഇതിനെ തന്നെയാണ്.

ഉത്തരായനം, ദക്ഷിണായനം എന്നീ തോന്നലുകള്‍ ഉണ്ടാക്കുന്നതും ഇതുതന്നെയാണ്. ജൂണ്‍ – ഓഗസ്റ്റ് മാസത്തില്‍ ഉത്തരാര്‍ധ ഗോളത്തില്‍ പൊതുവെ വേനല്‍ക്കാലമാണ്. ദക്ഷിണാര്‍ധ ഗോളത്തില്‍ ഇതു തണുപ്പുകാലമാണ്. അക്കാലത്ത് വടക്കന്‍ പ്രദേശത്താണ് തെക്കിനെ അപേക്ഷിച്ച് കൂടുതല്‍ സൂര്യതാപം വീഴുക. ഡിസംബര്‍ – ഫെബ്രുവരി കാലത്ത് ഇതു തിരിച്ചാകും. അതായത് ദക്ഷിണാര്‍ധ ഗോളത്തില്‍ വേനല്‍ക്കാലവും ഉത്തരാര്‍ധ ഗോളത്തില്‍ തണുപ്പുകാലവും ആയിരിക്കും.

കാലാവസ്ഥയെ ബാധിക്കില്ല

നാസയുടെ കണക്കു പ്രകാരം അഫലിയോണും പെരിഹെലിയോനും തമ്മിലുള്ള വ്യത്യാസം വെറും 3.3 ശതമാനം മാത്രമാണ്. 152.1 ദശലക്ഷം കിലോമീറ്ററും 147.3 ദശലക്ഷം കിലോമീറ്ററും തമ്മിലുള്ള അന്തരം പ്രകാരം. ഭൂമിയുടെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം വരുത്താന്‍ ഈ ചെറിയ വ്യത്യാസം പര്യാപ്മല്ല. കാലാവസ്ഥാ പാറ്റേണുകള്‍ വളരെ സങ്കീര്‍ണമാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ അഫലിയേനേക്കാള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് യു.എസ് വെതര്‍ കമ്പനി അക്യുവെതര്‍ പറയുന്നു.

Metbeat News

English Summary : Fact Check: Aphelion Phenomenon Will NOT Make Earth Experience ‘Colder Weather Than Ever Before’ It’s Annual And Unnoticeable

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020