ദുബൈയിലെ കനത്ത മഴയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് എയർപോർട്ട് സി.ഇ.ഒ
ദുബൈയിലെ കനത്ത മഴയിൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ദുബൈ എയര്‍പോര്‍ട്ട് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത്‌സ് ഖേദം പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യം സവിശേഷമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഞങ്ങള്‍ എത്രയും വേഗം സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യം മനസ്സിലാക്കിയതിന് സഹകരിച്ചതിന് ജനങ്ങളോട് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു.
ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും സി. ഇ. ഒ പറഞ്ഞു . വെല്ലുവിളി നിറഞ്ഞ സമയത്തെ ഞങ്ങളുടെ അതിഥികളുടെ ക്ഷമയും സഹകരണവും അഭിനന്ദനം അര്‍ഹിക്കുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു .
യു.എ.ഇയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതലായി ബാധിക്കുകയും ചെയ്തു. ആയിരത്തിലേറെ വിമാനങ്ങളാണ് രണ്ട് ദിവസത്തിനിടെ മാത്രം റദ്ദാക്കേണ്ടി വന്നത്. വിമാനത്താവളം സാധാരണ പ്രവര്‍ത്തന ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്രയും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗൾഫ് കാലാവസ്ഥ വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS