ഈ അവധിക്ക് ഡിസംബറിലെ തണുപ്പ് ആസ്വദിച്ച് കറങ്ങാൻ പറ്റിയ ചില സ്ഥലങ്ങൾ

ഈ അവധിക്ക് ഡിസംബറിലെ തണുപ്പ് ആസ്വദിച്ച് കറങ്ങാൻ പറ്റിയ ചില സ്ഥലങ്ങൾ

ഈ അവധിക്ക് എവിടേക്ക് യാത്ര പോകണം എന്ന് ആലോചിച്ചിരിക്കുകയാണോ? എങ്കിൽ ഇതാ ഡിസംബറിലെ തണുപ്പ് ആസ്വദിച്ച് അവധി ആഘോഷമാക്കാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ. കോടമഞ്ഞും ശരീരത്തെയും മനസ്സിനെയും കുളിരണിയിക്കുന്ന തണുപ്പും ഇടുക്കിയിൽ നിങ്ങളെ കാത്തിരിക്കുന്നു. കോടമഞ്ഞ് ആസ്വദിച്ച് തേക്കടി പെരിയാർ ടൈഗർ റിസർവിലെ പെരിയാർ ഹൗസ് ജംഗിൾ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വനവും വന്യമൃഗങ്ങളെയും അടുത്തറി‍ഞ്ഞ് താമസിക്കാൻ കഴിയും എന്നതും പ്രത്യേകതയാണ് .

രാവിലെ മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയെ ലോഡ്ജിന്റെ പരിസരത്ത് കാണാൻ കഴിയും. കാടും വന്യമൃഗങ്ങളുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പ്രത്യേക അനുഭവമായിരിക്കും പെരിയാർ വന്യജീവി സങ്കേതം സന്ദർശിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഓൺലൈൻ വെബ്സൈറ്റുകൾ വഴി മുറികൾ സഞ്ചാരികൾ മുൻകൂട്ടി ബുക്ക് ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ വേറെയും പലതരം ട്രെക്കിങ് പാക്കേജുകളും വനംവകുപ്പിന്റെയും കെടിഡിസിയുടെയും താമസസൗകര്യങ്ങളും ലഭിക്കും.

ഡിസംബർ തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴേക്കും മൂന്നാറിൽ താപനില 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട് . രാത്രിയിലെ താപനില ആണ് ഇത്‌. വരുംദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കും.

കൊച്ചി–ധനുഷ്കോടി

ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റർ റോഡിൽ ‌വ്യു പോയിന്റുകൾ കണ്ടു തേയില മലകൾക്കിടയിലൂടെ യാത്ര ആകർഷണീയമാണ്.

മറയൂർ തണുപ്പ്

മറയൂരിൽ അതിശൈത്യമാണ്. വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് തണുപ്പ് ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങളാണ് കാന്തല്ലൂർ പഞ്ചായത്തുകളിൽ ഉള്ളത്. പകൽ പോലും കനത്ത മൂടൽമഞ്ഞാണ് ഇവിടെ. ജനുവരി അവസാനം വരെ ഇതേ കാലാവസ്ഥ തുടർന്നേക്കും . സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ വരെ ഉയരമുള്ള കാന്തല്ലൂരിൽ ഇപ്പോൾ ചൂട് ഒട്ടും അനുഭവപ്പെടുന്നില്ല.

തെക്കൻ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂർ ആപ്പിൾ, ശീതകാല പഴം– പച്ചക്കറികൾ വിളയുന്ന പ്രദേശമാണ്. നിലവിൽ മഞ്ഞ് കാരണം പകൽ സമയത്തു പോലും ലൈറ്റ് തെളിച്ചാണ് പ്രദേശവാസികൾ ഇതുവഴി യാത്ര ചെയ്യാറ്. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി റൂമുകൾ മുൻകൂട്ടി ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഭ്രമരം വ്യൂ പോയിന്റ്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം എന്നിവയും ഇവിടത്തെ ആകർഷണങ്ങളാണ് .

വാഗമണ്ണിൽ എന്തുണ്ട്?

വാഗമൺ അഡ്വഞ്ചർ പാർക്കാണ് സഞ്ചാരികളുടെ മറ്റൊരാകർഷണ കേന്ദ്രം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിലുള്ള പാർക്കിൽ പ്രവേശനഫീസ് 25 രൂപയാണ്. ഇവിടുത്തെ പ്രധാന ആകർഷണം കണ്ണാടിപ്പാലമാണ്. വാഗമണ്ണിന്റെ എല്ലാ പ്രദേശത്തും തണുപ്പ് ആസ്വദിക്കാൻ കഴിയും. മുണ്ടക്കയത്ത് നിന്ന് മലകയറി കുട്ടിക്കാനം മുതൽ തണുപ്പേറ്റ യാത്ര തുടങ്ങാം . 

പൈൻഫോറസ്റ്റ്, അമ്മച്ചിക്കൊട്ടാരം എന്നിവ കുട്ടിക്കാനത്തെ ആകർഷണ കേന്ദ്രങ്ങളാണ്. ഇവിടെ നിന്ന് 10 കി.മീ. പരുന്തുംപാറയിൽ എത്തിയാലും തണുപ്പിന് യാതൊരു കുറവും ഉണ്ടാവില്ല. വ്യുപോയിന്റും ആസ്വദിക്കാൻ കഴിയും. ഉളുപ്പുണി ഉറുമ്പുള്ള്, പുള്ളിക്കാനം പുതുക്കാട്, വാഗമണ്ണിനടുത്തെ വടക്കേപിരട്ട്, അറപ്പുകാട് എന്നിവിടങ്ങളാണ് മേഖലയിലെ തണുപ്പുകൂടിയ മറ്റ് സ്ഥലങ്ങൾ.

തണുപ്പ് ആസ്വദിക്കാൻ തേക്കടി വിളിക്കുന്നു

കുമളിയിലും തണുപ്പ് തുടങ്ങിയിട്ടുണ്ട്. മഴക്കാറ് നിൽക്കുന്നതിനാൽ തണുപ്പ് ശക്തമായിട്ടില്ല. തേക്കടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. റിസോർട്ടുകളെല്ലാം ബുക്കിങ് തിരക്കിലാണ്. തേക്കടിയിലെ ബോട്ടിങ്ങിനും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ശബരിമല തീർഥാടകരുടെ തിരക്കുള്ളതിനാൽ ഒട്ടേറെപ്പേർ ഉത്തരേന്ത്യയിൽ നിന്നും തമിഴാനാട്ടിൽ നിന്നും എത്തുന്നു. വരുംദിവസങ്ങളിൽ തദ്ദേശ സഞ്ചാരികളുടെ വരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാമക്കൽമേട്ടിൽ കുളിർക്കാറ്റ്


പകലെത്തിയാൽ തന്നെ തണുത്തകാറ്റാണ് സഞ്ചാരികളെ രാമക്കൽമേട്ടിൽ കാത്തിരിക്കുന്നത്. വെയിലായാലും കുളിർകാറ്റടിക്കുന്ന ആമപ്പാറയും രാമക്കൽമേട്ടിനു സമീപത്തെ ആകർഷണ കേന്ദ്രങ്ങളാണ്. ആമപ്പാറ–രാമക്കൽമേട് സംയോജിപ്പിച്ചുള്ള ഓഫ് റോഡ് ജീപ്പ് സവാരി ഹിറ്റായി മാറിയിട്ടുണ്ട്.  ഇവിടത്തെ പ്രധാന വ്യൂ തമിഴ്നാട്ടിലെ തേനി ജില്ലയുടെ കാഴ്ചയാണ് . കട്ടപ്പനയിൽ നിന്ന് 21 കി.മീ. ദൂരമാണ്. പ്രവേശന ഫീസ് മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ്.

കാക്കക്കട പുൽമേട്:

മൂന്നാർ–മറയൂ‍ർ റൂട്ടിൽ രാജമലയ്ക്ക് സമീപം കന്നിമല കാക്കക്കട. മൂന്നാറിൽ നിന്ന് മൂന്ന് കിലോ മീറ്റർ ദൂരം മാത്രം. കന്നിമല ഫാക്ടറിക്ക് സമീപമുള്ള പുൽമേടാണ് ആകർഷണം. പുല്ലുമേട്ടിൽ മഞ്ഞു വീണിരിക്കുന്നത് കാണാൻ നിരവധി പേർ ഇവിടെയെത്തുന്നു . 

ചൊക്കനാട്: പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിൽ നിന്ന് ഒന്നര കിലോമീറ്റർ പോയാൽ ചൊക്കനാട്ടിലേക്ക് എത്തിച്ചേരാം . സഞ്ചാരികൾ ശൈത്യകാലത്ത് കൂടുതലായി എത്തുന്ന പ്രദേശമാണിത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.