റിക്റ്റർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് ഒരു ദിവസത്തിനു ശേഷം ജപ്പാനിൽ വീണ്ടും തുടർ ചലനം ഉണ്ടായി. ഒരാൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചത് 65 വയസ്സുള്ള ആളാണെന്ന് ടോക്കിയോ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തി വരുകയാണ്. 20ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിവേഗ ട്രെയിനുകളുടെ പാത അടയ്ക്കുകയും ചെയ്തു. 12 കിലോമീറ്റർ താഴ്ച്ചയിലാണ് വെള്ളിയാഴ്ച മധ്യ ഇഷിക്കാവ മേഖലയിൽ ഭൂകമ്പം ഉണ്ടായത്.
ശനിയാഴ്ച ഏകദേശം 55 തുടർച്ചലനങ്ങൾ ഉണ്ടായതായും അവയിൽ ചിലത് ശക്തമായ ഭൂചലനമാണെന്നും രാജ്യത്തിന്റെ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ഭൂകമ്പ പ്രദേശങ്ങളിൽ കനത്ത മഴ മണ്ണിടിച്ചിലിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ 23 പേർക്ക് പരിക്കേറ്റതായി ഏജൻസി അറിയിച്ചു.
ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബുള്ളറ്റ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു എങ്കിലും പ്രവർത്തനം പുനരാരംഭിച്ചതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ അറിയിച്ചു.