രാവിലെ 10.16 ഓടെ ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ അസം ഉള്‍പ്പടേയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു. 70 കിലോമീറ്ററാണ് ഭൂചലനത്തിന്റെ വ്യാപ്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഭൂചലനത്തില്‍ ആളപയാങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ജൂൺ 11ന് അസമിന്റെ മധ്യമേഖലയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തായി ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്ക്, വടക്കൻ മധ്യ അസമിലെ തേസ്പൂർ പട്ടണത്തിന് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ബ്രഹ്മപുത്ര നദിയുടെ തെക്കേ തീരത്തുള്ള മോറിഗാവ്, നാഗോൺ, വെസ്റ്റ് കർബി ആംഗ്ലോങ് എന്നിവിടങ്ങളിലെ ആളുകൾക്ക് പുറമെ സമീപ പ്രദേശങ്ങളായ ദരാംഗ്, ലഖിംപൂർ, ഉദൽഗുരി ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. അതിനുമുമ്പ് മെയ് 29 നും അസമിലെ സോനിത്പൂരിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
അതേസമയം, ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയ്ക്ക് സമീപം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വ്യക്തമാക്കി. ടോംഗയിൽ നിന്ന് ഏകദേശം 280 കിലോമീറ്റർ (174 മൈൽ) തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് ആദ്യ ഭൂചലനമുണ്ടായത്. ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയതെങ്കിലും യുഎസ് വെസ്റ്റ് കോസ്റ്റ്, ബ്രിട്ടീഷ് കൊളംബിയ, അലാസ്ക എന്നിവിടങ്ങളിൽ സുനാമി ഭീഷണിയില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ഓസ്‌ട്രേലിയയിലും സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ആദ്യ ഭൂചലനം നടന്ന് 24 മണിക്കൂർ പിന്നിടുന്നതിനിടയിലാണ് 6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും ഉണ്ടാവുന്നത്.