ശക്തി കുറഞ്ഞ് ബിപർജോയ് രാജസ്ഥാനിലേക്ക് ; ഗുജറാത്തിൽ കനത്ത മഴ തുടരുന്നു

കനത്ത നാശം വിതച്ച ബിപര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. വ്യാഴാഴ്ച ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റ് സൗരാഷ്ട്ര-കച്ചില്‍ നിന്ന് രാജസ്ഥാനിലേക്ക് എത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ 5000-ലധികം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. സംസ്ഥാനത്തെ ആയിരത്തിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇന്നലെ മുതല്‍ വീശിയടിക്കുന്ന ബിപര്‍ജോയ് പല തീരദേശ ജില്ലകളിലും നാശം വിതച്ചപ്പോള്‍ 4600 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ 3580 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

കച്ച് ജില്ലയില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ ഡി ആര്‍ എഫിന്റെ ആറ് ടീമുകളെ വിന്യസിച്ചിരിക്കുകയാണ്. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടല്‍ക്ഷോഭവും തുടരുകയാണ്.

അതേസമയം ബിപര്‍ജോയ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായാണ് രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത്. രാത്രിയോടെ കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജലോര്‍, ബാര്‍മര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ രാജസ്ഥാനില്‍ പല ജില്ലകളിലും കനത്ത മഴയാണ്. ജയ്പൂര്‍, കോട്ട, ഭരത്പൂര്‍, ഉദയ്പൂര്‍, അജ്മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ എട്ട് കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ജൂണ്‍ 16, 17 തീയതികളില്‍ രാജസ്ഥാനില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി ഡയറക്ടര്‍ ജനറല്‍ ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
കാറ്റ്, വേലിയേറ്റം, കനത്ത മഴ എന്നിവക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Comment