ഗുജറാത്തിൽ 4.3 തീവ്രതയുള്ള ഭൂചലനം; 2 വർഷത്തിനിടെ 400 ഭൂചലനങ്ങൾ, തുർക്കിക്ക് ശേഷം കൂടി

ഗുജറാത്തിൽ ഇന്ത്യാ പാക് അതിർത്തിയോട് ചേർന്ന് ഇന്ന് വൈകിട്ടോടെ 4.3 തീവ്രതയുള്ള ഭൂചലനം. രാജ്‌കോട്ട് ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 3.21 നാണ് ഭൂചലനമുണ്ടായത്. പാകിസ്താനിലെ ഹൈദബാദിലും ഭൂചലനത്തെ തുടർന്ന് പ്രകമ്പനമുണ്ടായി. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ആഴ്ചയും മൂന്നു ചെറു ഭൂചലനങ്ങൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. അംറേലി ജില്ലയിൽ രണ്ടു ദിവസം മുൻപായിരുന്നു ഭൂചലനങ്ങൾ. ശക്തികുറഞ്ഞ ഭൂചലനങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്നുണ്ടായ ഭൂചലന പ്രഭവ കേന്ദ്രം രാജ്‌കോട്ടിൽ നിന്ന് വടക്കു വടക്കുപടിഞ്ഞാറ് 270 കി.മി അകലെയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഗുജറാത്തിലെ അംറേലിയിൽ 400 ചെറു ഭൂചലനങ്ങളുണ്ടായെന്നാണ് കണക്ക്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചെറു പ്രകമ്പനങ്ങളാണിത്.

അംറേലി ജില്ലയിലെ മിതിയാല ഗ്രാമത്തിൽ 400 ചെറു ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ഭൂചലന നിരീക്ഷകർ പറയുന്നത്. ഇതിൽ 80 ശതമാനവും 2 നും 3 നും ഇടയിൽ തീവ്രതയുള്ളതായിരുന്നു. അഞ്ചു തവണമാത്രമാണ് 3 ൽ കൂടുതൽ തീവ്രത റിപ്പോർട്ട് ചെയ്തത്. ഇവിടത്തെ ഗ്രാമീണർ ഭൂചലനം ഭയന്ന് വീടിനു പുറത്താണ് അന്തിയുറങ്ങുന്നത്. എന്നാൽ ഇവിടെ ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിട്ടില്ല എന്നതും ആശ്വാസകരമാണ്. ഗാന്ധിനഗർ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് (ഐ.എസ്.ആർ) പഠനം നടത്തിയിട്ടുണ്ടെന്ന് ഡയരക്ടർ ജനറൽ സുമീർ ചോപ്ര വാർത്താ ഏജൻസിയോട് പറഞ്ഞു.

ഈമാസം 23 ന് അംറേലിയിലെ സവർകുണ്ടള, ഖാംബ താലൂക്കുകളിൽ 3.1, 3.4 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായെന്നും ജനങ്ങൾ ഭയചിതരായി പുറത്തിറങ്ങിയെന്നും ഗവേഷകർ പറഞ്ഞു. തുർക്കിയിൽ അരലക്ഷം പേർ മരിക്കാനിടയാക്കിയ ഭൂചലനത്തിന് പിന്നാലെയാണ് ഗുജറാത്തിലും ഭൂചലനം കൂടിയതെന്നാണ് ആശങ്കപ്പെടുത്തുന്നത്. 2001 ജനുവരിയിൽ ഗുജറാത്തിലെ കച്ച് ജില്ലയിലുണ്ടായ ഭൂചലനത്തിൽ 13,800 പേർ മരിക്കുകയും 1.67 ലക്ഷം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Share this post

Leave a Comment