മഴ കനക്കും, വരുന്നു ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ന്യൂനമര്‍ദം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളുടെയും ചുഴലിക്കാറ്റിന്റെയും സീസണ്‍ വരുന്നു. ജൂലൈ 15 ന് ശേഷം ബംഗാള്‍ ഉള്‍ക്കടല്‍ സജീവമാകുകയും ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്യുമെന്നാണ് ഏറ്റവും പുതിയ അന്തരീക്ഷസ്ഥിതി അവലോകനം.
ജൂലൈ 15 നും 18 നും ഇടയിലാണ് ഒഡിഷ തീരത്ത് ഇരട്ട ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടേക്കും. ഒഡിഷയില്‍ ഇത് കനത്ത മഴ നല്‍കും. ഒപ്പം കേരളത്തിലും കാലവര്‍ഷം സജീവമാക്കാന്‍ ഈ ന്യൂനമര്‍ദം കാരണമാകുമെന്നാണ് വിലയിരുത്തല്‍.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങുമെന്നാണ് കരുതുന്നത്. ജൂലൈ 11 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ അനുകൂല അന്തരീക്ഷമൊരുങ്ങും.
ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് അവസാന വാരം രൂപപ്പെട്ടിരുന്നു. ഇത് ശക്തിപ്പെട്ട് റിമാല്‍ ചുഴലിക്കാറ്റാകുകയും ബംഗ്ലാദേശില്‍ കരകയറുകയും ചെയ്തു. ഒമാന്‍ നിര്‍ദേശിച്ച പേരാണ് റിമാല്‍. ബംഗ്ലാദേശ്, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലും കനത്ത മഴ റിമാല്‍ നല്‍കിയിരുന്നു.
എന്നാല്‍ റിമാല്‍ കേരളത്തില്‍ ചിലയിടങ്ങളിലാണ് മഴ നല്‍കിയത്. മെയ് 26 ന് രാത്രിയാണ് റിമാല്‍ ബംഗ്ലാദേശില്‍ കരകയറിയത്.
ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്ന ഉള്‍ക്കടലുകളിലൊന്നാണ് ബംഗാള്‍ ഉള്‍ക്കടല്‍. 26 ലക്ഷം ചതുരശ്ര കി.മി വിസ്തൃതിയിലാണ് ബംഗാള്‍ ഉള്‍ക്കടല്‍ സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകളുണ്ടാകുന്ന മേഖലയാണിതെന്ന് ചുഴലിക്കാറ്റ് ശാസ്ത്രജ്ഞന്‍ ഡോ. ജെഫ് മാസ്റ്റേഴ്‌സ് പറയുന്നു.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി 22 മുതല്‍ 30 സര്‍വനാശം വിതച്ച ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുണ്ടെന്ന് യാലി ക്ലൈമറ്റ് പ്ലാറ്റ്‌ഫോം പറയുന്നു. 2009 ലാണ് ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലുണ്ടായത്. അറബിക്കടലിനേക്കാള്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് ബംഗാള്‍ ഉള്‍ക്കടലിലാണ്.
കുപ്പിത്തട്ടു പോലുള്ള ആകൃതിയാണ് ബംഗ്ലാള്‍ ഉള്‍ക്കടലിന്. ഇന്ത്യയും ബംഗ്ലാദേശും മ്യാന്‍മറും കടലിനെ ചുറ്റിവളയുന്നു. പര്‍വത പ്രദേശങ്ങളും തീരത്തോട് ചേര്‍ന്നുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാന്‍ കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.