ദുരന്തനിവാരണത്തെ ശക്തിപ്പെടുത്തുന്നതിന് അംഗീകാരവും പരിഷ്കരണവും അനിവാര്യമാണ്, ദുരന്തനിവാരണത്തിന് ചലനാത്മക സംവിധാനം വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ പ്ലാറ്റ്ഫോമിന്റെ മൂന്നാം സെക്ഷൻ ഉദ്ഘാടനം ചെയ്ത ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക പ്രതിരോധശേഷി വളർത്തിയെടുക്കുക എന്നതാണ് ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ പ്ലാറ്റ്‌ഫോമിന്റെ ഈ വർഷത്തെ തീം.പ്രകൃതിക്ഷോഭങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികൾ തിരിച്ചറിയാൻ അംഗീകാരം സഹായിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
അതേസമയം, സാധ്യമായ പ്രകൃതിദുരന്തത്തിന്റെ ഭീഷണികൾ കുറയ്ക്കുന്ന ഒരു സംവിധാനമാണ് പരിഷ്കരണം. സമയബന്ധിതമായി സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് മെച്ചപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിച്ചു. കുറുക്കുവഴിക്കുപകരം ദീർഘകാല ചിന്തയുടെ സമീപനത്തിനും അദ്ദേഹം ഊന്നൽ നൽകി. ദുരന്ത നിവാരണ സംവിധാനത്തിൽ പരിഷ്കാരം കൊണ്ടുവരുന്നതാണ് ദുരന്ത സാധ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രാദേശിക പ്രതിരോധശേഷിയുടെ ഉദാഹരണങ്ങളെ ഭാവിയിലെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമേ ദുരന്തത്തെ പ്രതിരോധിക്കുന്ന ദിശയിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ നമുക്ക് കഴിയൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സുഭാഷ് ചന്ദ്രബോസ് ആപ്‌ദ പ്രബന്ധൻ പുരസ്‌കാര ജേതാക്കളെയും പ്രധാനമന്ത്രി ആദരിച്ചു.
ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും മിസോറാമിലെ ലുങ്‌ലെയ് ഫയർ സ്റ്റേഷനുമാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ. ദുരന്ത സാധ്യത ലഘൂകരണ മേഖലയിലെ നൂതന ആശയങ്ങളും സംരംഭങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നതിനുള്ള പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ലോകത്തിൽ ഏറ്റവും കൂടുതൽ ദുരന്തബാധിത രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരൾച്ച, സുനാമി എന്നിവ കാരണം രാജ്യത്തെ 50 ശതമാനത്തിലധികം ജനങ്ങളും ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം നടത്തിവരുന്ന ‘നമ്മള്‍ നമുക്കായി’ എന്ന തദ്ദേശ തല ദുരന്ത പ്രതിരോധ ശാക്തീകരണം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ദുരന്താനന്തരം വീടുകളുടെ പുനര്‍നിര്‍മ്മാണത്തില്‍ കേരളം നടത്തിയ നയപരമായതും, സാങ്കേതികമായതും, സാംബത്തികമായതും ആയ ഇടപെടല്‍ ദേശീയ വേദിയില്‍ ആദ്യ ദിവസം അവതരിപ്പിച്ചു.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിബിഷന്‍ സ്റ്റോളും ദേശീയ ദുരന്ത ലഘൂകരണ സഹകരണ വേദിയില്‍ ഉണ്ട്