മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസത്തെ തീവ്ര ന്യൂനമർദ്ദം (Invest 92 B) ഇന്ന് രാവിലെയോടെ അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ടു. ഇത് കഴിഞ്ഞ 6 മണിക്കൂറിൽ ശരാശരി 17 കിലോമീറ്റർ വേഗതയിൽ വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണ്. അടുത്ത 12 മണിക്കൂറിൽ അതി തീവ്ര ന്യൂനമർദ്ദം സിത്രാങ് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബംഗ്ലാദേശിനും ബംഗാളിനും ഇടയിൽ കരകയറും.
കേരളത്തിൽ മഴ കുറയും, ചൂട് കൂടും
ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കുറയാൻ സാധ്യത. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ടക്കാറ്റ് കേരളത്തിലേക്കും പ്രവേശിക്കുന്നതാണ് കാരണം. കഴിഞ്ഞദിവസം ന്യൂനമർദ്ദം രൂപപ്പെട്ടപ്പോൾ ബംഗാൾ ഉൾക്കടലിൽ നിന്നും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഈർപ്പ പ്രവാഹം ഉണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിക്കാൻ കാരണമായത്. എന്നാൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈർപ്പത്തേയും ന്യൂനമർദ്ദം ആകർഷിക്കുന്നുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലേക്ക് വടക്കു പടിഞ്ഞാറ് ഇന്ത്യ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രവേശിക്കാൻ തുടങ്ങി. ഇതോടെ കേരളത്തിൽ പകൽ ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുമെന്നാണ് Metbeat Weather നിരീക്ഷകരുടെ അഭിപ്രായം. ഈ മാസം അവസാനത്തിനുശേഷം തുലാവർഷം കേരളത്തിൽ എത്തും. അതിനിടക്ക് ഏതാനും ദിവസം വരണ്ട കാലാവസ്ഥയും കേരളത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. ന്യൂനമർദ്ദം കരകയറിയതിനുശേഷം ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ പാറ്റേണിൽ മാറ്റം വരികയും തുലാവർഷം സജീവമാവുകയും ചെയ്യും. പടിഞ്ഞാറൻ മൺസൂൺ ദക്ഷിണേന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ വടവാങ്ങും. അതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അതേസമയം തെക്കുപടിഞ്ഞാൺ മൺസൂൺ വിടവാങ്ങിയ ബംഗാൾ സംസ്ഥാനങ്ങളിൽ അടുത്തദിവസം ന്യൂനവർദ്ധന ഭാഗമായി ശക്തമായ മഴ ലഭിക്കും.