ബംഗളൂരു സംസ്ഥാനത്ത് നാശം വിതച്ച് വേനൽമഴ തുടരുന്നതോടെ മരണം ഏഴായി. ബെംഗളൂരുവിൽ മാത്രം മഴയെടുത്തത് 2 ജീവനുകൾ. അടിപ്പാതകളിൽ തങ്ങിനിൽക്കുന്ന വെള്ളം പമ്പ് ചെയ്തു നീക്കുന്നതിനു പുറമേ ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞുകിടക്കുന്ന ഓടകൾ യുദ്ധകാലാടിസ്ഥാനത്തിൽ തെളിച്ചു വരികയാണ്. ഇതിനിടെ മഴ തുടരുന്നത് ഈ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്.
കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഇൻഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22) മരിച്ചതു കൂടാതെ ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിൽ ഒലിച്ചുപോയ ലോകേഷ് (31) ന്റെ മൃതദേഹം ബെംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളച്ചാലിൽ നിന്നു കണ്ടെടുത്തു. കെപി അഗ്രഹാരയിലെ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലോകേഷ് ഒഴുക്കിൽപെട്ടത്.
ഹുൻസൂർ സ്വദേശികളായ ഹരീഷ് (42) , സ്വാമി (18), പെരിയപട്ടണയിൽ നിന്നുള്ള ലോകേഷ് (55), കൊപ്പാൾ സ്വദേശി ശ്രീകാന്ത് മേട്ടി (16) എന്നിവർ മിന്നലേറ്റു മരിച്ചു. 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിക്കമഗളൂരുവിൽ മരമൊടിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ വേണുഗോപാലും (58) മരിച്ചു.
അടിപ്പാതകളിൽ ബാരിക്കേഡ്
നഗരത്തിലെ 18 അടിപ്പാതകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നനുള്ള അടിയന്തര നടപടികളുമായി ബിബിഎംപി. ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിൽ അടിപ്പാതകൾ സന്ദർശിച്ചു. കനത്ത മഴയിൽ അടിപ്പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന് നിർദേശം നൽകി.
രണ്ട്നിലകെട്ടിടം തകർന്നു
വിദ്യാരണ്യപുരയിൽ മഴയിൽ 2നിലകെട്ടിടം തകർന്നു. ആളപായമില്ല. 40 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. ഇവിടുത്തെ താമസക്കാരെ 2 മാസം മുൻപ് ഒഴിപ്പിച്ചിരുന്നു. സമീപത്തെ കെട്ടിടങ്ങളിലുള്ളവരെ മാറ്റിപാർപ്പിച്ചു. കെട്ടിടം പിന്നീട് പൂർണമായി പൊളിച്ചുനീക്കി.
വ്യാപക കൃഷിനാശം
കനത്ത മഴയിലും ആലിപ്പഴം വീഴ്ചയിലും വ്യാപക കൃഷിനാശം. ബെംഗളൂരു ഗ്രാമ ജില്ല, രാമനഗര, കോലാർ, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ പച്ചക്കറി കൃഷിയ്ക്കാണ് മഴ ആഘാതമേൽപിച്ചത്. മാമ്പഴ വിളവെടുപ്പിനെയും മഴ ബാധിച്ചു.
വേനൽ മരിച്ചത് 52 പേർ
ഏപ്രിൽ മുതൽ വേനൽമഴയിൽ 52 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. 814 വീടുകൾ തകർന്നു. 331 കന്നുകാലികൾ ചത്തു. 20,000 ഹെക്ടർ കൃഷി നശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്നും മഴക്കെടുതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും വീടു തകർന്നവർക്കുമുള്ള നഷ്ടപരിഹാരം അടുത്ത ദിവസം പ്രഖ്യാപിക്കും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടർമാർക്കും സിഇഒമാർക്കും നിർദേശം നൽകി. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.
തണൽ മരങ്ങൾ നിലംപൊത്തി
കബൺ പാർക്കിൽ വർഷങ്ങളുടെ പഴക്കമുള്ള കൂറ്റൻമരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കടപുഴകിയിരുന്നു. 2 ദിവസത്തെ മഴയ്ക്കിടെ 38 മരങ്ങളാണ് പാർക്കിനുള്ളിൽ വീണതെന്ന് ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പറയുന്നു. മരങ്ങളുടെ സ്വാഭാവിക വളർച്ച തടസ്സപ്പെടുത്തുന്ന നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന് കബൺ പാർക്ക് വോക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മഴ തുടരും
അടുത്ത കുറച്ചു ദിവസങ്ങളിൽ കർണാടക ഉൾപ്പെടെ ദക്ഷിണേന്ത്യയുടെ പലഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ പലഭാഗങ്ങളിലും നേരിയതും മിതമായതോ ആയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്.