റിമാല്‍ തീവ്ര ചുഴലിക്കാറ്റായി; ഇന്ന് കരകയറും, വിമാനത്താവളം അടച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട റിമാല്‍ (Cyclone Remal) ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm) ആയി മാറി. നിലവില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കു ദിശയിലാണ് സഞ്ചരിക്കുന്നത്. ബംഗ്ലാദേശിലെ ഖെപുപാറയില്‍ നിന്ന് 260 കി.മി അകലെയും മോംഗ്ലയില്‍ നിന്ന് 310 കി.മി അകലെയും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപില്‍ നിന്ന് 240 കി.മി അകലെയുമാണ് സ്ഥിതി ചെയ്യുന്നത്.
തീവ്ര ചുഴലിക്കാറ്റായി ഇന്ന് കരകയറും
88 മുതല്‍ 117 കി.മി വരെ വേഗത്തിലുള്ള കാറ്റാണ് തീവ്ര ചുഴലിക്കാറ്റിനുണ്ടാകുക. സാധാരണ ചുഴലിക്കാറ്റിന്റെ വേഗ പരിധി 62 മുതല്‍ 87 കി.മി വേഗതയാണുണ്ടാകുക. ഇപ്പോഴത്തെ തീവ്ര ചുഴലിക്കാറ്റിന്റെ വേഗത്തില്‍ തന്നെയാണ് റിമാല്‍ കരകയറുക. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്ക്കും ഇടയില്‍ തെക്കുപടിഞ്ഞാറന്‍ മോംഗ്ലയ്ക്കു സമീപം ഇന്ന് അര്‍ധരാത്രിയോടെയാണ് റിമാല്‍ ചുഴലിക്കാറ്റ് കരയകയറുക. കരകയറുമ്പോള്‍ 110 നും 120 കി.മി നും ഇടയിലുള്ള വേഗത്തിലാണ് റിമാല്‍ കരകയറുക.
എവിടെയെല്ലാം ബാധിക്കും
പശ്ചിമബംഗാള്‍, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയും കാറ്റും റിമാലിനെ തുടര്‍ന്നുണ്ടാകും. കരകയറിയാലും മെയ് 28 വരെ ഈ മേഖലയില്‍ കനത്ത മഴ തുടര്‍ന്നേക്കും. ബംഗ്ലാദേശില്‍ ഇന്ന് രാവിലെ മുതല്‍ നിരവധി പേരെ ഒഴിപ്പിച്ചു.
സത്ഖിറ, കോക്‌സ് ബസാര്‍ ജില്ലകളില്‍ നിന്ന് നിരവധി പേരെ മാറ്റിപാര്‍പ്പിച്ചു. ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ഇവിടെ തീവ്ര മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലയിലുള്ളവര്‍ ചുരുങ്ങിയ സമയം കൊണ്ട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയെന്ന് ബംഗ്ലാദേശ് ദുരന്ത നിവാരണ മാനേജ്‌മെന്റ് ഡയരക്ടര്‍ ജനറല്‍ മിസാനുര്‍ റഹ്്മാന്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ദുരന്ത നിവാരണ സഹ മന്ത്രി മുഹമ്മദ് മൊഹിബുര്‍ റഹ്മാന്‍ പറഞ്ഞു. 4000 ചുഴലിക്കാറ്റ് രക്ഷാ കേന്ദ്രങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ ജില്ലകളിലാണ് കൂടുതല്‍ ജാഗ്രതാ നടപടികളെടുത്തത്. 78,000 വളണ്ടിയര്‍മാരെ ഇവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത വിമാനത്താവളം അടച്ചു
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് രാത്രി 11 വരെ വിമാനത്താവളം അടച്ചു. ചുഴലിക്കാറ്റ് ശക്തിപ്പെട്ടുവെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.