ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ കരകയറി. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയാണ് കാറ്റ് കയറും മുൻപ് രേഖപ്പെടുത്തിയത് . മ്യാൻമറിൽ കനത്ത മഴയിലും കാറ്റിലും ആറു പേർ മരിച്ചു. മ്യാൻമറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിന് ആളുകളെ താമസസ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇരുരാജ്യങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കനത്ത നാശനഷ്ടങ്ങൾ . ബംഗ്ലാദേശിലെ കോക്സ് ബസാറിൽ പന്ത്രണ്ടായിരം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു . വൻതോതിൽ കൃഷി നാശവും ഉണ്ടായി.
മരങ്ങൾ കടപുഴകി വീണു. രോഹിംഗ്യൻ അഭയാർത്ഥികൾ അടക്കം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുകയാണ് . സൂപ്പർ സൈക്ലോൺ ആയി ശക്തി പ്രാപിച്ച മോക്ക ചുഴലിക്കാറ്റ് ഉച്ചയോടെ മ്യാൻമറിന്റെ വടക്ക് പടിഞ്ഞാറുതീരത്ത് കൂടിയാണ് കരയിൽ പ്രവേശിച്ചത്. മൂന്നരയോടെ മുഖപൂര്‍ണമായും കരയിൽ പ്രവേശിച്ചു. കാറ്റ് മണിക്കൂറിൽ 278 കിലോമീറ്റർ വരെ വേഗത കൈവരിച്ചു എന്ന് അമേരിക്കൻ ഏജൻസി ജെ ഡി ഡബ്ല്യു സി(JDWC) വ്യക്തമാക്കി . ചുഴലിക്കാറ്റിന്റെ സഞ്ചാര പാത ഉൾപ്പെടുന്ന കരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്. തീരദേശമായ റാഗിൽ മേഖലയിൽ ഒരു ലക്ഷത്തോളം ആളുകളെ മ്യാൻമർ സൈന്യം ഒഴിപ്പിച്ചു.
നഗരത്തിലെ 75% ആളുകൾ വീട് വിട്ട് പാലായനം ചെയ്തു. ബംഗ്ലാദേശിലെ സെന്റ് മാർട്ടിൻസ് ദ്വീപ് വെള്ളത്തിനടിയിൽ ആകുമെന്ന സൂചന നൽകി. വൈകുന്നേരത്തോടെ എട്ടു മുതൽ 12 അടി ഉയരത്തിൽ തിരമാലകൾ ഉണ്ടാവും എന്നും ബംഗ്ലാദേശിന്റെ കാലാവസ്ഥ വകുപ്പിന്റെ ഡയറക്ടർ മുഹമ്മദ് അസീസ് റഹ്മാൻ പറഞ്ഞു
ഇന്ത്യയിലും കനത്ത മഴ
ഇന്ത്യയിൽ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിച്ചു 6.5 മുതൽ 20 cm വരെയുള്ള മഴയാണ് മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ലഭിച്ചത്. അസം, മേഘാലയ എന്നിവിടങ്ങളിൽ ഈ മാസം 18 വരെ മഴ തുടരും. ദുരന്തനിവാരണ സേനാംഗങ്ങൾ പശ്ചിമബംഗാളിലെ കടൽ, റിസോർട്ട്, പട്ടണങ്ങളിൽ നിരീക്ഷണം നടത്തുകയും വിനോദസഞ്ചാരികൾക്ക് ബീച്ചുകളിൽ വിലക്കേർപ്പെടുത്തിയതായി പി ടി ഐ റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ കൺട്രോൾ റൂമുകൾ സ്ഥാപിച്ചും അടിയന്തര സാഹചര്യത്തിന് സജ്ജമായ അർത്ഥസൈനിക സേന സിവിൽ ഡിഫൻസ് എന്നിവയെ വിന്യസിച്ചും ത്രിപുരയും ക്രമീകരണങ്ങൾ ചെയ്തു .
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ചൂടുകൂടും
മഹാരാഷ്ട്രയിലെ വിദർഭ ഒഡിഷ പശ്ചിമബംഗാൾ എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ചൂട് തരംഗത്തിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് . അടുത്ത മൂന്നു ദിവസങ്ങളിൽ ഇന്ത്യയുടെ കിഴക്ക് പലഭാഗങ്ങളിലും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസും കൂടിയ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും ഗുജറാത്തിലും പരമാവധി താപനില യഥാക്രമം രണ്ട് ഡിഗ്രി സെൽഷ്യസും 2 -3 ഡിഗ്രി സെൽഷ്യസും കുറയും എന്ന് പ്രവചിക്കപ്പെടുന്നു.
ഹരിയാന ഛത്തീസ്ഗഡ് പശ്ചിമ ഉത്തരാഖണ്ഡ് പടിഞ്ഞാറ് കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾക്കിടയിൽ വീടിനുള്ളിൽ തുടരാനും ജലാംശം നിലനിർത്താനും ഇടയ്ക്കിടെ കുളിക്കാനും നേർത്ത അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശിക്കുന്നു. കൂടാതെ പുറത്തിറങ്ങുന്നവർ കൂട ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.