Cyclone michung formed 03/12/23 : മിഗ്ജോം ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച കരകയറും
ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട അതി തീവ്ര ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് മിഗ്‌ജോം (cyclone michaung ) ചുഴലിക്കാറ്റായി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു സമാന്തരമായാണ് മിഗ്‌ജോം ചുഴലിക്കാറ്റ് ഇപ്പോള്‍ നിലകൊള്ളുന്നത്. ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആറു മണിക്കൂറില്‍ 11 കി.മി വേഗതിയില്‍ വടക്കു പടിഞ്ഞാറ് ദിശയിലാണ് മിഗ്‌ജോം ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ചെന്നൈയില്‍ നിന്ന് 230 കി.മി തെക്കുകിഴക്ക് ദിശയിലും ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്ന് 350 കി.മി തെക്കുകിഴക്കും മച്ചിലിപ്പണത്തു നിന്ന് തെക്ക, തെക്കുകിഴക്ക് 480 കി.മി ഉം അകലെയാണ് മിഗ് ജോം ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

തുടര്‍ന്നുള്ള മണിക്കൂറുകളിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഈ സിസ്റ്റം സഞ്ചരിക്കും. ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും ഇടയില്‍ നാളെ ഉച്ചയ്ക്ക് മിഗ്‌ജോം ചുഴലിക്കാറ്റ് സമാന്തരമായി സഞ്ചരിച്ച്ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് തീവ്ര ചുഴലിക്കാറ്റ് (severe cyclonic storm) ആയി കരകയറാനാണ് സാധ്യത. കരകയറുമ്പോള്‍ 90 മുതല്‍ 100 കി.മി വരെ കാറ്റിന് വേഗതയുണ്ടാകും.

നാളെ വൈകിട്ടു മുതല്‍ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റാകും. കരകയറിയ ശേഷം ശക്തി കുറഞ്ഞ് വീണ്ടും ചുഴലിക്കാറ്റാകും. ഈ മാസം 18 ഓടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമാകും. ഈ സിസ്റ്റം വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളില്‍ ശക്തമായ മഴ നല്‍കാന്‍ ഈ ചുഴലിക്കാറ്റിന് കഴിയും. കേരളത്തിലും തമിഴ്‌നാട്ടിലും മഴ ലഭിക്കും.