ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഹാമൂൺ തീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥ വകുപ്പ്. ഹാമൂൺ ചുഴലിക്കാറ്റ് ഒഡീഷയെ ബാധിക്കില്ല. നിലവിൽ കരയിൽ നിന്നും 200 മീറ്റർ ദൂരത്തിലൂടെ ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരം വിട്ടു.
നിലവിൽ ബംഗാൾ ഉൾക്കടലിലൂടെ മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. വടക്ക് കിഴക്ക് ദിശയിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റ് ഈ ബുധനാഴ്ചയോടെ ബംഗ്ലാദേശിലെ ഘേപുപാറ, ചിറ്റഗോങ് മേഖലകളിലായി കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴു സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി. ഒഡീഷ, പശ്ചിമബംഗാൾ, ത്രിപുര,മിസോറാം, അസം, മേഘാലയ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം.
ഒഡീഷയുടെ കിഴക്ക് പടിഞ്ഞാറൻ വടക്ക് തീരങ്ങളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്റെ വടക്ക് തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് നിർദ്ദേശമുണ്ട്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് ആണ് ഹാമൂൺ.
ഇറാനാണ് ഈ പേര് നിർദ്ദേശിച്ചത്. കര തൊടുമ്പോൾ മണിക്കൂറിൽ 75 കിലോമീറ്റർ മുതൽ 85 കിലോമീറ്റർ വരെ വേഗത്തിൽ ആയിരിക്കും കാറ്റ് സഞ്ചരിക്കുക.