cyclone Dana update 25/10/24: ദന ചുഴലിക്കാറ്റ് കരകയറി; കേരളത്തിൽ ഇന്നും ശക്തമായ മഴ സാധ്യത

cyclone Dana update 25/10/24: ദന ചുഴലിക്കാറ്റ് കരകയറി; കേരളത്തിൽ ഇന്നും ശക്തമായ മഴ സാധ്യത

ദന ചുഴലിക്കാറ്റ് (cyclone Dana) ഇന്ന് രാവിലെ കരകയറി. ഒഡിഷയിലെ ധമാരക്കും ബിതർകാനികക്കും ഇടയിലാണ് മണിക്കൂറിൽ 100 – 110 കി.മി വേഗതയിൽ തീവ്ര ചുഴലിക്കാറ്റായി കര കയറിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് കരകയറൽ തുടങ്ങിയത്. രണ്ടു മണിക്കൂറിലേറെ സമയം നീണ്ടുനിൽക്കുന്നതാണ് ചുഴലിക്കാറ്റിന്റെ കരകയറിൽ പ്രക്രിയ.

കരകയറിയ ശേഷം വടക്കൻ ഒഡീഷയിലൂടെ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ ദന സഞ്ചരിക്കും. ഇന്ന് ഉച്ചയ്ക്ക് മുൻപായി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി മാറും. തുടർന്നുള്ള മണിക്കൂറുകളിലും ശക്തി കുറയും. വ്യാഴാഴ്ച വൈകിട്ട് മുതൽ ഒഡീഷയിൽ അതിശക്തമായ മഴയാണ് തുടരുന്നത്. പലയിടത്തും തീവ്രമഴ റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഒഡിഷയിലെ തീരദേശ ജില്ലകളായ ബദ്റാക്, കേന്ദ്രപാറ, ബലാഷോർ എന്നിവിടങ്ങളിൽ നിന്ന് 6 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഈ മേഖലകളിൽ തീവ്ര മഴ ലഭിച്ചു. കരകയറും മുമ്പ് ചുഴലിക്കാറ്റ് മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്. അതിനാൽ കരകയറൽ പ്രക്രിയ പൂർത്തിയാകാൻ രണ്ടര മണിക്കൂർ എടുത്തു. ധമാരക്ക് 15 കിലോമീറ്റർ അകലെയാണ് ദന കരകയറിയത്.

ഇന്നലെ രാവിലെ മുതൽ പാരദ്വീപിലെ ഡോപ്ലർ റഡാറിൽ ചുഴലിക്കാറ്റിന്റെ ചലനം ദൃശ്യമായിരുന്നു. വൈകിട്ടോടെ മേഘങ്ങൾ വൃത്താകൃതിയിൽ ചുറ്റുന്നത് കാണാനായി. ഈ റഡാർ ഉപയോഗിച്ചാണ് ചുഴലിക്കാറ്റിന്റെ പുരോഗതി വിലയിരുത്തിയത്. വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ചുഴലികാറ്റിനെ നിരീക്ഷിച്ചു.

ഒഡീഷയിൽ ജനങ്ങളെ മാറ്റി പറപ്പിക്കാനായി 5,209 ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. 3,654 ഗർഭിണികളെ ഉൾപ്പെടെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. തുടർന്ന് തൊട്ടടുത്ത ആശുപത്രിയിലേക്കും ഇവരെ മാറ്റി. ദന കര കയറുന്നതിന് 6 മണിക്കൂർ മുൻപ് തന്നെ ചുഴലിക്കാറ്റിന്റെ പുറം ഭാഗത്തുള്ള മേഘങ്ങൾ ഒഡീഷക്ക് മുകളിൽ എത്തിയിരുന്നു.

ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് 6 മണി മുതൽ കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ നേരത്തേക്ക് അടച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പതിന് ശേഷം വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിക്കും. ഇന്നലെ വൈകിട്ട് 5 മുതൽ ഒഡിഷയിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും 16 മണിക്കൂർ നേരത്തേക്ക് അടച്ചിട്ടുണ്ട്.

കിഴക്കൻ റെയിൽവേ 203 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. പൊതുഗതാഗത സംവിധാനങ്ങളെയും ദന ബാധിച്ചു. ഫെറി സർവീസുകളും നിർത്തിവച്ചു. കേരളം വഴി സഞ്ചരിക്കുന്ന ട്രെയിനുകൾ സർവീസ് റദ്ദാക്കിയതിൽ പെടും. പല ട്രെയിനുകളും വൈകി ഓടുന്നു.

ഒഡീഷയിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ

ഒഡീഷയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിവരങ്ങൾ ലഭ്യമാക്കാനും ആയി പലയിടങ്ങളിലായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നു. കാണാതായവരെയും മറ്റും കുറിച്ചുള്ള വിവരങ്ങൾ ഇവിടെനിന്ന് ലഭ്യമാകും. പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ താഴെ പറയുന്നു.

BALESORE: 06782-262286 / 261077 MAYURBHANJ: 06792-252759 / 252941
BHADRAK: 06784-251881
JAJPUR: 06728-222648 KENDRAPADA: 06727-232803 KEONJHAR: 06766-255437 JAGATSINGHPUR: 06724-220368 CUTTACK: 0671-2507842 DHENKANAL: 06762-226507 / 221376
PURI: 06752-223237 BMC (BBSR) TOLL FREE NUMBER-1929 EMERGENCY RESPONSE SUPPORT SYSTEM: 112

കേരളത്തിലും മഴ

ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ദന ചുഴലിക്കാറ്റും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയും കാരണം കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വൈകിട്ടു മുതൽ കിഴക്കൻ മലയോരങ്ങളിൽ ശക്തമായ മഴക്കും മലവെള്ളപ്പാച്ചിലിനും സാധ്യത. ഇന്നലെ മുതൽ കേരളത്തിന് മുകളിലൂടെ ചുഴലിക്കാറ്റിലേക്ക് അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ ഉയരങ്ങളിലെ കാറ്റ് പ്രവഹിക്കുന്നുണ്ട്.

ചുഴലിക്കാറ്റ് കരകയറിയതോടെ ഇന്നലെ തെക്കൻ ജില്ലകളിലൂടെ പ്രവഹിച്ച ഈ കാറ്റ് ഇന്ന് മധ്യ, വടക്കൻ ജില്ലകളിലൂടെ സ്ട്രീം ചെയ്യും. അതിനാൽ ഇന്നും മഴ സാധ്യത തുടരും. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള മറ്റു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ്. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്നലെ വൈകിട്ടുള്ള പ്രവചനം അനുസരിച്ച് ഇന്ന് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

എന്നാൽ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ദന ചുഴലിക്കാറ്റിൻ്റെ പുൾ എഫക്ട് മഴ പ്രതീക്ഷിക്കാമെന്നും സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറയുന്നു. കേരളത്തിൽ തെക്കൻ ജില്ലകളിൽ ഉൾപ്പെടെ രാവിലെ മേഘാവൃതമായ അന്തരീക്ഷം തുടരും. നേരിയ തോതിലുള്ള മഴ രാവിലെ മുതൽ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെയും മഴ തുടരും. തെക്കൻ ജില്ലകളിൽ മഴ അടുത്തയാഴ്ചയും തുടരും.

Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment