ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്രം: പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി, ഒഴിപ്പിക്കൽ

ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ കറാച്ചിക്കും ഇടയിൽ കരകയറാൻ സാധ്യത. മുംബൈ മുതൽ വടക്കോട്ടുള്ള തീരദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്തിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ബിപർജോയ് അതിതീവ്രചുഴലിക്കാറ്റായി തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്.

നിലവിൽ ഗുജറാത്തിലെ കച്ചിനടുത്തുള്ള നാലിയയിൽ നിന്ന് 450 കി.മി തെക്ക് തെക്കുപടിഞ്ഞാറും പാകിസ്താനിലെ കറാച്ചിയിൽ നിന്ന് 600 കി.മി ഉം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇന്ത്യയ്‌ക്കൊപ്പം പാകിസ്താൻ കാലാവസ്ഥാ വകുപ്പും ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ലോക കാലാവസ്ഥാ സംഘടനക്ക് കീഴിൽ മേഖലയിലെ 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകേണ്ട ഏജൻസി കൂടിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 15 ന് ചുഴലിക്കാറ്റ് ഇന്ത്യ-പാക് അതിർത്തിയിലൂടെ കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരത്തോട് അടുക്കുമ്പോൾ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കാറ്റഗറി 1 ൽ എത്താനാണ് സാധ്യത.

നിലവിൽ 125 മുതൽ 135 കി.മി വേഗതയാണ് ചുഴലിക്കാറ്റിന്റെ വേഗത. ചുഴലിക്കാറ്റ് കരയോട് അടുത്തു സഞ്ചരിക്കുന്നതിനാൽ മുംബൈയിൽ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ മേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. കനത്ത മഴയും കാറ്റും വടക്കുപടിഞ്ഞാറൻ തീരത്ത് ലഭിക്കുന്നുണ്ട്.

പേരു നൽകിയത് ബംഗ്ലാദേശ്, പ്രഹരം ഇന്ത്യക്കും പാകിസ്താനും

ബംഗ്ലാദേശാണ് പ്രകൃതി ദുരന്തം, ദുരന്തം എന്നീ അർഥമുള്ള ബിപർജോയ് എന്ന പേര് ചുഴലിക്കാറ്റിന് നൽകിയത്. ചുഴലിക്കാറ്റിന്റെ പ്രഹരം ഇന്ത്യയിലും പാകിസ്താനിലുമായിരിക്കും. കഴിഞ്ഞ ദിവസം പാകിസ്താനിലെ കനത്ത മഴയിൽ കുടുംബത്തിലെ 12 പേർ ചുമരിടിഞ്ഞ് വീണ് മരിച്ചതുൾപ്പെടെ 27 മരണം കനത്ത മഴയെ തുടർന്ന് റിപ്പോർട്ട് ചെയ്തു. 2020 ലാണ് പുതിയ ചുഴലിക്കാറ്റുകളുടെ പേരടങ്ങിയ പട്ടികക്ക് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) അംഗീകാരം നൽകിയത്. അന്ത്രാരാഷ്ട്ര മാരിടൈം നിയമത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖങ്ങളിൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള അപായ മുന്നറിയിപ്പ് സിഗ്നൽ ഉയർത്തി. കപ്പലുകൾക്കും മറ്റും സുരക്ഷാ നിർദേശങ്ങൾ നൽകുന്നുണ്ട്.

ഗുജറാത്ത് തീരത്ത് ഒഴിപ്പിക്കൽ

ഗുജറാത്ത് തീരങ്ങളായ സൗരാഷ്ട്ര, കച്ച് മേഖലകളിൽ നിന്ന് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഈ മേഖലയിലൂടെയാണ് ചുഴലിക്കാറ്റ് കരകയറുമെന്ന് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ വൽസാദിലെ പ്രമുഖ ബീച്ചായ തിത്‌നാലും ഉയർന്ന തിരമാല മുന്നറിയിപ്പിനെ തുടർന്ന് അടച്ചു. ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല. സൗരാഷ്ട്ര മുതൽ കച്ച് വരെ തീരദേശം പ്രക്ഷുബ്ധമാണ്. ബുധനാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. കച്ചിലെ ജനങ്ങൾ താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കുകയാണ്.

Leave a Comment