കവുങ്ങ് കൃഷിയും മഞ്ഞളിപ്പ് രോഗവും
ഡോ. ഗോപകുമാര്‍ ചോലയില്‍
(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം -5)
വൈവിധ്യമാർന്ന മണ്ണിനങ്ങളിലും വ്യത്യസ്ത കലാവസ്ഥാസാഹചര്യങ്ങളിലും വളരാൻ ശേഷിയുള്ള വിളയാണ് കവുങ്ങ്. മികച്ച തോതിൽ മഴ ലഭിക്കുന്നതോ ജലസേചന സൗകര്യമുള്ളതോ ആയ സാഹചര്യങ്ങളിൽ സമുദ്രനിരപ്പിൽ കിടക്കുന്ന പ്രദേശങ്ങളിലും സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും കവുങ്ങ് നന്നായി വളരുന്നു. വേനൽമാസങ്ങളിൽ സമൃദ്ധമായ നന ലഭിക്കുന്ന പക്ഷം താഴ്വര പ്രദേശങ്ങളിലും കവുങ്ങ് വളരാറുണ്ട്. എന്നാൽ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കവുങ്ങ് കൃഷിക്ക് യോജിച്ചതല്ല. കവുങ്ങ് വളരാൻ ആവശ്യമായ കാലാവസ്ഥാസാഹചര്യങ്ങൾ തേങ്ങിന്റേതിന് സമാനമാണ്. എന്നാൽ, തെങ്ങിനെ അപേക്ഷിച്ച് മണ്ണിലെ ഈർപ്പക്കുറവ്, വെള്ളക്കെട്ട് എന്നിവയോട് പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമുണ്ട്.
കവുങ്ങ് കൃഷിയെ ബാധിക്കുന്ന രോഗം
വെള്ളക്കെട്ടുള്ള സാഹചര്യങ്ങളിൽ മാരകമായ മഞ്ഞളിപ്പ് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്. 2014 ലെ കനത്തമഴക്ക് ശേഷം വയനാട് ജില്ലയിലെ കവുങ്ങിൻ വൃക്ഷങ്ങളിൽ മഞ്ഞളിപ്പ് രോഗം വ്യാപകമായി. വിവിധ കാരണങ്ങളാൽ കവുങ്ങിൻ തോപ്പുകളുടെ വിസ്തൃതി അതിവേഗം കുറഞ്ഞു വരികയാണ്. അടക്കയുടെ ഗുണനിലവാരവും താഴേക്ക് തന്നെയാണ്. കാലാവസ്ഥ മാറ്റം, ആഗോളതാപനം എന്നിവയുടെ ഫലമായി വയനാട് ജില്ലയിൽ മഴക്കുറവും താപവർധനവും അനുഭവപ്പെടുന്നു. വയനാട്ടിലെ അന്തരീക്ഷ താപനില ഏറിവരുന്നത് ഉൽക്കണ്ഠാജനകമാണ്. രാത്രികൾ ചൂടേറിയതാകുന്നു. ജില്ലയുടെ ചില ഭാഗങ്ങളിൽ വേനൽ മാസങ്ങളിൽ ശക്തമായ ആലിപ്പഴം പൊഴിച്ചിൽ അസാധാരണമല്ലാതാകുന്നു.
വെള്ളം ഏറെ ആവശ്യമുള്ള കവുങ്ങും വാഴയും ഒപ്പം കൃഷി ചെയ്യുന്നത് അഭികാമ്യമാണ്. നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തി കവുങ്ങും വാഴയും കൃഷി ചെയ്യുന്നത് വേനൽക്കാലങ്ങളിൽ നീണ്ട് നിൽക്കുന്ന വരൾച്ചക്കിടയാക്കുന്നു. വൻ തോതിൽ ജലാഗിരണശേഷിയുള്ള വിളകൾ വെച്ച്പിടിപ്പിക്കുന്നതിന് വേണ്ടി
തണ്ണീർത്തടങ്ങൾ നികത്തുന്നത് ആശാസ്യമല്ല.
കവുങ്ങിനെ സംബന്ധിച്ചിടത്തോളം മണ്ണിലെ ഈർപ്പവും ഏറെ ഗുണകരമാണ്. മൊത്തം ലഭിക്കുന്ന മഴയെക്കാൾ മഴയുടെ സന്തുലിത വിതരണത്തിനാണ് കവുങ്ങിന്റെ വളർച്ചയിലും ഉത്പാദനത്തിലും സ്വാധീനം. ഉയരം വളരെകൂടിയ സ്ഥലങ്ങളിൽ കവുങ്ങ് മെച്ചപ്പെട്ട വിളവ് തരുന്നില്ല. വയനാടൻ പ്രദേശങ്ങളിലും കൂർഗിലും ഫലങ്ങളിലെ പരിപ്പ് ഉറക്കുന്നില്ല. ഉയരത്തിനനുസരിച്ച് കുറയുന്ന താപനില മൂലമാണിത്. ഫലങ്ങൾ മൂപ്പെത്തുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന താഴ്ന്ന താപനിലയാണിതിന് കാരണം. അത്യുഷ്‌ണവും വർധിച്ച ദൈനികതാപവ്യതിയാനവും താങ്ങാൻ കവുങ്ങിനാകില്ല.
കാലാവസ്ഥ വ്യതിയാനവും കവുങ്ങ് കൃഷിയും
കാലാവസ്ഥാ വ്യതിയാനത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ രാത്രിതാപനില കൂടുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഈ പ്രവണത സ്ഥായിയായി നിലനിന്നാൽ, ഹൈറേഞ്ച് മേഖലകളിലേക്കും കവുങ്ങ് കൃഷി വ്യാപിക്കാനിടയുണ്ട്. പരിപ്പുറക്കുന്ന ഫലങ്ങൾ ലഭ്യമാകുന്നതിന് രാത്രികാല താപനില ഉയരുന്നത് ഗുണം ചെയ്യും. ഇളം പ്രായത്തിലുള്ള കവുങ്ങിന് തണൽ നൽകണം. ചൂട് കാലത്ത് ജലസേചനം അത്യാവശ്യമായ വിളകൂടിയാണ് കവുങ്ങ്. അത്യുഷ്ണ പ്രദേശങ്ങളിൽ മരങ്ങൾ അകലം കുറച്ച് നടുന്നത് വെയിലിന്റെ കാഠിന്യത്തിൽ നിന്ന് മരങ്ങളെ സംരക്ഷിക്കാനാണ്. കനത്ത കാലാവർഷമഴ കവുങ്ങിന് ഗുണകരമല്ല. ഈ സമയത്ത് കുമിൾബാധ കാണപ്പെടാം. സുദീർഘമായ വരൾച്ചാവേളകളിൽ ചാഴികളുടെ ആക്രമണവും ഉണ്ടാകാറുണ്ട്. (തുടരും )
(കാലാവസ്ഥാ ശാസ്ത്രജ്ഞനും കാര്‍ഷിക സര്‍വകലാശാല മുന്‍ സയിന്റിഫിക് ഓഫിസറുമാണ് ലേഖകന്‍)