പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ ചൂടു കൂടുന്ന പ്രതിഭാസമായ എൽനീനോ സജീവമാകുന്നതോടെ 100 വർഷത്തെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റായി 2023 മാറുമോ എന്ന ആശങ്കയിൽ കാലാവസ്ഥാ നിരീക്ഷകർ. കേരളത്തിൽ മഴയുടെ ലഭ്യതയിൽ ഓഗസ്റ്റിൽ 90 ശതമാനത്തോളം കുറവുണ്ട്. എന്നിരുന്നാലും കിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ന്യൂനമർദം അത്യാവശ്യം മഴ നൽകിയെങ്കിലും ദേശീയ ശരാശരിയേക്കാൾ 35 ശതമാനം മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. മാസം അവസാനിക്കാൻ 10 ദിവസത്തോളം ബാക്കിയുണ്ടെങ്കിലും കാര്യമായ മഴ സാധ്യതയൊന്നും ഈ സമയത്ത് പ്രവചിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ 100 വർഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റായി മാറിയേക്കുമെന്നാണ് ആശങ്ക.
ഇത്രയും മഴ കുറഞ്ഞത് 1899 ൽ
35 ശതമാനത്തിലേറെ ദേശീയ തലത്തിൽ മഴ കുറഞ്ഞ ഓഗസ്റ്റ് മാസം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. 1931 ന് ശേഷം 30 ശതമാനത്തിലേറെ മഴ കുറഞ്ഞത് ഒരിക്കൽ മാത്രമാണ്. 1913 ലായിരുന്നു അത്. 2005 ൽ 24 % വും 2009 ൽ 26 % വും 2015 ൽ 24 % വും ഓഗസ്റ്റിൽ മഴ കുറഞ്ഞിരുന്നു. 1920 ൽ ഓഗസ്റ്റിലെ മഴക്കുറവ് 28 ശതമാനത്തിലെത്തി. ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ രണ്ടാം പാദത്തിലാണ് എൽനിനോ സജീവമാകുന്നത്. എൽനിനോ ഇന്ത്യൻ മൺസൂണിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. 2002, 2004, 2009, 2014, 2015 വർഷങ്ങളിൽ രാജ്യത്ത് വരൾച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2002 ലും 2009 ലും വരൾച്ച രൂക്ഷമാകുകയും ചെയ്തു. കേരളത്തിൽ പ്രളയമുണ്ടായ 2018 ൽ ദേശീയ തലത്തിൽ വരൾച്ചയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2018 ൽ കാലവർഷം അവസാനിക്കുമ്പോൾ 9.4% മഴയാണ് അധികമായി ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഴ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അളവിൽ പെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയവും വരൾച്ചയും മാറിവരാൻ കാരണം.