അഷറഫ് ചേരാപുരം
ദുബൈ: ലോക കാലാവസ്ഥാ ഉച്ചകോടി ഗംഭീരമാക്കാനൊരുങ്ങി ദുബൈ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരേ നടക്കുന്ന ഉച്ചകോടിയുടെ ഒരുക്കങ്ങളാണ് നടക്കുന്നത്.കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി തടുക്കാനുള്ള സമഗ്ര ചര്‍ച്ചകള്‍ക്ക് ഉച്ചകോടി വേദിയാവും.
ദുബൈ എക്‌സ്‌പോ സെന്ററിലാണ് സമ്മേളനം നടക്കുക.ലോക രാഷ്ട്ര തലവന്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, കാലാവസ്ഥാ ഏജന്‍സി പ്രതിനിധികള്‍, സ്വകാര്യ ഏജന്‍സികള്‍ തുടങ്ങി എഴുപതിനായിരത്തിലേറെപ്പേരുടെ സാന്നിധ്യം ഉച്ചകോടിക്കുണ്ടാവുമെന്നാണ് കരുതുന്നത്. കോപ്പ് 28നുമുന്നെ ദുബൈയിലെ പ്രമുഖ ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളില്‍ മുന്‍കൂര്‍ ബുക്കിങ്ങ് തുടങ്ങിയിട്ടുണ്ട്.
കാലാവസ്ഥ സുഖമമായിരിക്കുമെന്നതിനാല്‍ വലിയ തോതില്‍ വിനോദസഞ്ചാരികളെയും യു.എ.ഇ ഈ സമയത്ത് പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ ഭാഗമായി ഒരുക്കുന്ന വിശ്വാസ പവിലിയനിലേക്ക് ലോകത്തെ മത നേതാക്കളെയും സാംസ്‌കാരിക സംഘടനകളെയും സ്വാഗതം ചെയ്ത വാര്‍ത്ത പുറത്തു വന്നിരുന്നു.
ദി മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സും ഐക്യ രാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗവുമാണ് ഇക്കാര്യത്തില്‍ നീക്കങ്ങള്‍ നടത്തുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വിവിധ മതവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിശ്വാസ പവിലിയന്‍. കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഇത്തരം ക്രമീകരണം നടക്കുന്നത് ആദ്യമാണ്. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് ആണ് ആതിഥേയര്‍.
ഒരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളുടെ മാനവിക മുന്നേറ്റമായിരിക്കും പവലിയന്‍ എന്ന് മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് സെക്രട്ടറി ജനറല്‍ ജഡ്ജ് മുഹമ്മദ് അബ്ദുല്‍ സലാം പറഞ്ഞു.
ആഗോള താപന വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്താനുള്ള കഴിഞ്ഞ 5 വര്‍ഷത്തെ പരിശ്രമത്തിന്റെ വിലയിരുത്തല്‍ ആഗോള ഉച്ചകോടിയില്‍ നടക്കും.