പ്രകൃതിയെ സംരക്ഷിച്ച് ഭൂമിക്ക് കവചം ഒരുക്കാൻ കാലാവസ്ഥ ഉച്ചകോടി

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള സമഗ്ര ചർച്ചകൾക്ക്​ വേദിയാകുന്ന ഈ വർഷത്തെ കാലാവസ്ഥ ഉച്ചകോടി (കോപ്​28)നവംബർ 30ന് ആരംഭിക്കും. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്​പോ സിറ്റിയിലാണ്​ നടക്കുന്നത്.

ഭാവി തലമുറക്കു വേണ്ടി ഭൂമിയെ സുരക്ഷിതമായി നിലനിർത്താനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം ഇവിടെ ചർച്ച ചെയ്യും. ഈ അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ്​ ഐക്യരാഷ്ട്ര സഭയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ലോക നേതാക്കൾ, മന്ത്രിമാർ, ആഗോള കാലാവസ്ഥ മാറ്റത്തിനെതിരായ മുൻനിര പോരാളികൾ, ഉദ്യോഗസ്ഥർ തുടങ്ങി 7,0000 പ്രതിനിധികൾ 12 ദിവസങ്ങളിലായി ദുബൈ എക്സപോ സിറ്റിയിൽ ഒരുമിച്ചു കൂടും.

കാൺബൺ ഡൈ ഓക്​സൈഡിനേക്കാൾ ആഗോള താപനത്തിന്​ ആക്കം കൂട്ടുന്ന മീഥേയ്​ൻ വാതകത്തിന്‍റെ സാന്ദ്രത യു.എ.ഇയുടെ അന്തരീക്ഷത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ്​ അബൂദബിയിലെ ഖലീഫ​ യൂനിവേഴ്​സിറ്റി നടത്തിയ സാറ്റലൈറ്റ്​ പഠനത്തിൽ നിന്ന്​ വ്യക്​തമായത്​. ഭൂമിയുടെ അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിൽ കാർബൺഡൈ ഓക്​സൈഡിനേക്കാൾ 86 മടങ്ങ്​ ശക്​തമാണ് മീഥേയ്​ൻ വാതകമെന്നാണ്​​ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

കോവിഡ്​ മഹാമാരിയും ​അടിക്കടിയുണ്ടായ വൻ പ്രളയവും മനുഷ്യരാശിയെ അത്രമേൽ പിടിച്ചുലച്ചിട്ടുണ്ട്​. പ്രകൃതിയെ ഇനിയും സംരക്ഷിച്ച്​ നിർത്താനായില്ലെങ്കിൽ വരും തലമുറകൾക്ക് വാസയോഗ്യമല്ലാതാകും എന്നാണ് വിലയിരുത്തൽ. ആഗോള താപ നില കുറക്കുന്നതിനായി കോപ്​ 21ന്‍റെ ഭാഗമായിരുന്ന പാരിസ്​ ഉടമ്പടിയിൽ എടുത്ത തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മനുഷ്യൻ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ സമുദ്രങ്ങളുടെ താപ നില ഉയരുന്നതിലേക്ക്​ നയിക്കുകയും അതോടൊപ്പം മഞ്ഞു മലകൾ ഉരുകുന്നതിനും സമുദ്ര നിരപ്പ്​ ഉയരുന്നതിനും കാരണമാകുന്നുണ്ട്​.

ഇത്​ ഇല്ലാതാക്കാൻ ലോക രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ചു ആഗോള താപ നില ഈ നൂറ്റാണ്ടിൽ രണ്ട്​ ഡിഗ്രിക്ക്​ മുകളിൽ ഉയരാതെ സംരക്ഷിക്കണമെന്നായിരുന്നു പാരിസ്​ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇതു എത്രമാത്രം പാലിക്കപ്പെട്ടുവെന്നത്​ കോപ്​ 28ൽ ചർച്ചയാവും. യു.എ.ഇയുടെ വ്യവസായ, നൂതന സാ​ങ്കേതിക വിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറിനെയാണ്​​ കോപ്​28ന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരിക്കുന്നത്​.ഭൂമിക്ക്​ തണലൊരുക്കാൻ സമഗ്രവും കാര്യക്ഷമവുമായ നടപടികൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment