കാലാവസ്ഥാ വ്യതിയാനവും കൊക്കോ പരിപാലനവും

കാലാവസ്ഥാ വ്യതിയാനവും കൊക്കോ പരിപാലനവും

ഡോ. ഗോപകുമാർ ചോലയിൽ

(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം- 6 )

കൊക്കോച്ചെടിയിലെ പൂവിടാൻ, കായ് പിടുത്തം, കായ് ഉറയ്ക്കൽ തുടങ്ങിയ ജൈവ ഘട്ടങ്ങൾ ഋതുക്കൾക്കനുസരിച്ച് പ്രകടമായ മാറ്റം കൈവരിക്കുന്നു.

പൂവിടൽ ആരംഭിക്കുക ഏത് മാസം

ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലാവര്ഷക്കാലത്ത് പൂവിടൽ വളരെ പരിമിതമായിരിക്കും. പൂവിടാൻ സാധാരണയായി ആരംഭിക്കുന്നത് ഒക്ടോബർ -നവംബർ മാസങ്ങളിലാണ് . എന്നാൽ, ഇത് കാലാവർഷക്കാലത്ത് ലഭിക്കുന്ന മഴയുടെ ശക്തിയെയും വിന്യാസത്തെയും ആശ്രയിച്ച് വ്യത്യസപ്പെടാവുന്നതാണ്. പൂവിടൽ അതിന്റെ പാരമ്യത്തിൽ എത്തുന്നത് മെയ് മാസത്തിലാണ്. കായ് പിടുത്തത്തിലും കായ് ഉറയ്ക്കുന്ന പ്രക്രിയയിലും ഇതേ പ്രവണത തന്നെയാണ് കാണപ്പെടുന്നത്. ആർദ്രോഷ്ണ മേഖലയിലെ വർഷാശ്രിത പരിതഃസ്ഥിതിയിലാണ് മേൽ പറഞ്ഞ ക്രമത്തോടുകൂടിയ ജൈവഘട്ടങ്ങൾ പ്രകടമായി കണ്ട് വരുന്നത്. ജൂൺ മുതൽ സെപ്തംബര് വരെയുള്ള കനത്ത മഴക്കാലത്തെ തുടർന്നുണ്ടാകുന്ന ദീർഘമായ വരൾച്ചാവേളകൾ ആർദ്രോഷ്ണമേഖലയുടെ പ്രത്യേകതയാണ്. പൂവിടാൻ ആരംഭിക്കുന്നതിന് രണ്ടാഴച മുൻപ് ഒന്നോ രണ്ടോ തരക്കേടില്ലാത്ത രീതിയിൽ നല്ല മഴ ലഭിക്കുന്ന പക്ഷം വേനൽ മാസങ്ങളിൽ മികച്ച രീതിയിലുള്ള പൂവിടൽ നടക്കും.

മെച്ചപ്പെട്ട പരിപാലനരീതികൾ അവലംബിക്കുന്ന സാഹചര്യങ്ങളിൽ, തുറന്ന സ്ഥലങ്ങളിൽ വളരുന്ന കൊക്കോ ചെടികളിൽ തണലിൽ വളരുന്നവയെക്കാൾ കൂടുതൽ പൂക്കൾ ഉണ്ടാകുന്നു. നന്നായി സൂര്യപ്രകശം ലഭിക്കുന്നതിനാലാണിത്. വേനൽ മാസങ്ങളിൽ കായ്കൾ എണ്ണത്തിൽ കൂടുതൽ ഉണ്ടാകുമെങ്കിലും ഭാരം കുറവായിരിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ പകൽതാപനിലക്ക് കൊക്കോ വിളവിൽ അനുകൂല സ്വാധീനമുണ്ട്. നവംബർ മുതൽ മെയ് വരെ നീണ്ട് നിൽക്കുന്ന ദീർഘമായ വരൾച്ചാ വേളയിലെ ഉയർന്ന പകൽ താപനില വിളവിൽ വിരുദ്ധ പ്രതികരണമാണ് ഉണ്ടാക്കുന്നത്.

പരിപാലന രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിപാലന രീതികളിൽ മികവില്ലാത്ത പക്ഷം 40 ശതമാനം വരെ വിളനഷ്ടം സംഭവിക്കാം.
മികച്ചതും മോശമായതുമായ വിളവ് ലഭിക്കുന്ന വർഷങ്ങളിൽ വിളവിലുണ്ടാകുന്ന അന്തരം കൂടുതൽ പ്രകടമാവുന്നത് മഴക്കാലത്താണ്. വേനൽക്കാലത്തെ ഉയർന്ന പകൽ താപനിലയും തുടർന്ന് വരുന്ന കാലാവർഷക്കാലത്ത് കനത്ത മഴ ലഭിക്കുന്ന സാഹചര്യങ്ങളും കൊക്കോക്ക് ഗുണകരമല്ലായെന്ന് പറയാം. കനത്ത മഴ ഗുണകരമല്ലെങ്കിലും, വേനൽ മാസങ്ങളിൽ ലഭിക്കുന്ന മഴക്ക് വിളവ് മെച്ചപ്പെടുത്താനാകും. വരണ്ട ഋതുക്കളിൽ അന്തരീക്ഷത്തിലെ താഴ്ന്ന ഈർപ്പാംശം മൂലം ഇലകളിൽ നിന്ന് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കൂടുതലായിരിക്കും.

ഈ മാസങ്ങളിൽ ലഭിക്കുന്ന മഴയോടൊപ്പം നന നൽകിയാലും അത് സസ്യങ്ങളിൽ നിന്നുള്ള ജലനഷ്ടത്തിന് പകരമാവാറില്ല. ഇതുമൂലം വിളവും മെച്ചപ്പെടാറില്ല. നിഴലിൽ വളരുന്ന അഥവാ സൂര്യപ്രകാശം വളരെക്കുറച്ച് ലഭിക്കുന്ന സാഹചര്യങ്ങളിൽ വിളവ് നന്നേ കുറയും. എന്നാൽ, നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയാണെങ്കിൽ വിളവ് അതനുസരിച്ച് മെച്ചപ്പെടും. ഒപ്പം വളവും പരിചരണവും നൽകുന്ന പക്ഷം വിളവ് വളരെയേറെ വർധിക്കും.

ഒക്ടോബർ-നവംബർ മാസങ്ങളിൽ വിളവെടുക്കുന്ന അഞ്ച് കായകളുടെ (pods) ഭാരം വേനലിൽ വിളവെടുക്കുന്ന എട്ടോ ഒമ്പതോ കായകളുടെ ഭാരത്തിന് തുല്യമായിരിക്കും. വിളവെടുപ്പിന് 4 മുതൽ 6 മാസം മുമ്പുള്ള കാലാവസ്ഥാ പ്രഭാവങ്ങൾ കൊക്കോ വിളവിൽ പ്രതിഫലിക്കുന്നു. കനത്ത മഴമൂലമുണ്ടാകുന്ന വെള്ളക്കെട്ടും തന്മൂലം മണ്ണിലെ വായുസഞ്ചാരം തടസ്സപ്പെടുന്നതും നല്ല വിളവ് ലഭിക്കുന്നതിന് ആശ്വാസമായ ഘടകങ്ങളാണ്. ഉയർന്ന ചൂടനുഭവപ്പെടുന്ന വേനല്ക്കാലവും തുടർന്ന് കനത്ത മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവും ആർദ്രോഷ്ണമേഖലാ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. സ്വാഭാവികമായും ഇത്തരം പ്രദേശങ്ങളിൽ വളരുന്ന കൊക്കോ ചെടികളിൽ നിന്ന് മികച്ച വിളവ് പ്രതീക്ഷിക്കാനാവില്ല.

മാറിയ കാലാവസ്ഥ സാഹചര്യവും വേനൽ മഴയും

വെള്ളക്കെട്ട് സൃഷ്ട്ടിക്കുന്ന കാലവർഷത്തിൽ കനത്ത മഴ കൊക്കോ ചെടികളിൽ പ്രതികൂല പ്രതികരണമുളവാക്കുമ്പോൾ വേനൽമഴക്ക് വിളവെടുപ്പിൽ അനുകൂല പ്രഭാവമാണ്. ഉദാഹരണമായി, 2004, 2012, 2016 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അനുഭവപ്പെട്ട ഉയർന്ന പകൽച്ചൂട് (>36°C ) വിളവെടുപ്പിൽ ഇടിവുണ്ടാക്കി. തെങ്ങിന്തോപ്പുകളിൽ ഇടവിളയായിട്ടോ വീട്ടുകൃഷിയിടങ്ങളിലോ ആണ് കൊക്കോ കൃഷിചെയ്തു വരുന്നത്.
വേനൽ മഴ വിളവിനെ ഉയർത്തുമെങ്കിലും മാറിയ കാലാവസ്ഥാ സഹചര്യത്തിൽ വേനൽ മഴയിലും അനിശ്ചിതത്വമാണ് കാണപ്പെടുന്നത്. തന്മൂലം കൊക്കോ കർഷകരെ സംബന്ധിച്ചിടത്തോളം വേനൽ മഴയിൽ പ്രതീക്ഷയർപ്പിക്കാനാവില്ല. അതിതീവ്ര മഴ, മേഘവിഫോടനം എന്നിങ്ങനെയുള്ള അന്തരീക്ഷ പ്രതിഭാസങ്ങൾ കേരളത്തിലെ കാലാവസ്ഥയിൽ അവർത്തിച്ചുണ്ടാകാനുള്ള പ്രവണത ഏറിവരുന്നു. ഇപ്രകാരം കൊക്കോ കൃഷിയിടങ്ങളിൽ കനത്ത മഴ ലഭിക്കുന്നത് ഗുണകരമാവില്ല. പൊതുവെ പറഞ്ഞാൽ, ക്രമമായ കാലാവസ്ഥാമാറ്റത്തേക്കാളുപരി കാലാവസ്ഥയിലെ പൊടുന്നനെയുള്ള മാറ്റങ്ങളാണ് (വരൾച്ച, വെള്ളക്കെട്ട് , ഉഷ്ണ -ശൈത്യ തരംഗങ്ങൾ തുടങ്ങിയവ) കൊക്കോ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്. കാരണം, ഇത്തരം ഘട്ടങ്ങളിൽ ദ്രുതഗതിയിൽ മാറുന്ന അന്തരീക്ഷ സാഹചര്യങ്ങളോട് അനുകൂലനം അഥവാ പൊരുത്തപ്പെടാനുള്ള സമയം വിളകൾക്ക് ലഭിക്കുന്നില്ല. ഉയർന്ന ഗുണനിലവാരമുള്ള കൊക്കോ ഇനങ്ങൾ ഉരുത്തിരിച്ചെടുത്തതും, നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ ആവിർഭാവവും ഉല്പാദനത്തിന്റെ വില സ്ഥിരത മൂലം കൊക്കോ കർഷകരിൽ വീണ്ടും താല്പര്യം സൃഷ്ടിച്ചിട്ടുണ്ട്. തന്മൂലം സമീപദശകങ്ങളിൽ കൃഷിയിട വിസ്തൃതി കൂടുന്നതിനും ഉത്പാദനം വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
1956 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ തീരദേശങ്ങളിൽ ശരാശരി താപനിലയിൽ 0.81 ഡിഗ്രി സെന്റിഗ്രേഡ് വർധനവും ഇടനാട്ടിൽ 0.33 ഡിഗ്രി സെന്റിഗ്രേഡ് വര്ധനവുമാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനത്തെ അന്തരീക്ഷ താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. അതെ സമയം, കൊക്കോയുടെ ഉല്പാദന ക്ഷമതയിൽ വർധിച്ചുവരുന്ന അന്തരീക്ഷ താപനിലയുടെ പ്രതികൂല പ്രഭാവം ദർശിക്കപ്പെട്ടിട്ടില്ല. മറിച്ച് , കൊക്കോ ഉല്പാദന ക്ഷമത വർധിച്ചു കൊണ്ടേയിരിക്കയാണ്. അതെ സമയം, ചില വർഷങ്ങളിൽ അനുഭവപ്പെടുന്ന ഉയർന്ന പകൽ ചൂടിൽ കൊക്കോ ഉത്പാദനം 32 ശതമാനം വരെ കുറഞ്ഞിട്ടുമുണ്ട്. പ്രകാശത്തോട് സംവേദനത്വം പുലർത്തുന്ന കൊക്കോച്ചെടി അന്തരീക്ഷ താപനിലയിലെ ക്രമമായ മാറ്റങ്ങളോട് പ്രതികൂലമായി പ്രതികരിക്കാറില്ലെന്നും, എന്നാൽ അന്തരീക്ഷ താപനിലയിൽ അനുഭവപ്പെടുന്ന പൊടുന്നനെയുള്ള വര്ധനവിനോട് പ്രതികൂലമായി പ്രതികരിക്കുമെന്നുമാണ് വ്യക്തമാവുന്നത്.

എന്തുതന്നെയായാലും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന് ജലഉപഭോഗത്തിൽ ചില നൂതന പ്രതികരണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ജലത്തിന്റെ ലവണാംശം നീക്കൽ, കാര്യക്ഷമമായ പെയ്‌ത്തു വെള്ള സംഭരണം, തീരങ്ങളുടെ സംഭരണം എന്നിവ ഇത്തരത്തിൽപ്പെടുന്നു. “കുറച്ചു വെള്ളം കൂടുതൽ വിളകൾ” എന്ന രീതിയവലംബിക്കുന്നതാണ് അഭികാമ്യം. കാലാവസ്ഥാ വ്യതിയാനം ഒരു പക്ഷെ, ഏറ്റവും അധികം ബാധിക്കുന്ന ഒരു മേഖലയിലാണ് ഇന്ത്യയുടെ സ്ഥാനം.

120 കോടി ജനങ്ങളെയാണ് കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിക്കുക. ഈ പശ്ചാത്തലത്തിൽ ജലം ദുര്ബലമാകുന്ന സാഹചര്യത്തെ കണക്കിലെടുത്ത് “വിവേക പൂർവമായ ജല ഉപഭോഗം” എന്ന ആശയത്തിലധിഷ്ഠിതമായി ജല വിനിയോഗ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ജനങ്ങളുടെ പ്രധാന ഭക്ഷണം ധാന്യങ്ങളണെന്നിരിക്കെ, ഭക്ഷ്യ സുരക്ഷാ കൈവരിക്കുന്നതിന് കാർഷികമേഖലയെ പരീപോഷിപ്പിക്കുക തന്നെ വേണം.

കാലാവസ്ഥാപരമായ പ്രതിസന്ധികൾ പുതുതായി ഉടലെടുക്കുന്നതിനെക്കുറിച്ച് കർഷകർക്ക് ബോധവൽക്കരണം നൽകുകയും അവയെ അതിജീവിക്കാനാവശ്യമായ മികച്ച അനുകൂലനതന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുകയും അടിയന്തിരപ്രാധാന്യം നൽകി നടപ്പിലാക്കുകയും വേണം. (തുടരും )

(കാലാവസ്ഥ ശാസ്ത്രജ്ഞനും കാർഷിക സർവ്വകലാശാല മുൻ സയന്റിഫിക് ഓഫീസറുമാണ് ലേഖകൻ )


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment