വേനൽ മഴ അകന്നതോടെ കേരളം ചുട്ടുപൊള്ളുന്നു. ഇന്ന് കാലാവസ്ഥാ വകുപ്പിന്റെ 11 ഓട്ടോമേറ്റഡ് വെതർ സ്‌റ്റേഷൻ ( AWS) കളിൽ വൈകിട്ട് വരെ താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 41.3 ഡിഗ്രി സെൽഷ്യസ്. പാലക്കാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് താപനില ഇന്ന് 40 ഡിഗ്രി കടന്നത്. എന്നാൽ ഇത് ഔദ്യോഗിക കണക്കല്ല. ഓട്ടോമാറ്റഡ് വെതർ സ്‌റ്റേഷനുകളുടെ കാലിബറേഷൻ പൂർത്തിയാകാത്തതിനാലാണ് ഔദ്യോഗിക കണക്കായി ഇതിനെ കാലാവസ്ഥാ വകുപ്പ് പരിഗണിക്കാത്തത്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, മംഗലം ഡാം എന്നിവിടങ്ങളിൽ ചൂട് 40.8 ഡിഗ്രി രേഖപ്പെടുത്തി. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ 40.5 ഉം ചെറുവാഞ്ചേരിയിൽ 39.8 ഉം കണ്ണൂർ വിമാനത്താവളത്തിൽ 39.4 ഉം തൃശൂർ ജില്ലയിലെ പീച്ചിയിൽ 40.9 ഉം വെള്ളാനിക്കരയിൽ 40.1 ഉം അതിരപ്പള്ളിയിൽ 39 ഉം പാലക്കാട്ടെ കൊല്ലങ്കോട് 40.4 ഉം പോത്തുണ്ടിയിൽ 40.3 ഉം ഒറ്റപ്പാലത്ത് 40.2 ഉം അടക്കാപുത്തൂരിൽ 39.9 ഉം പട്ടാമ്പിയിൽ 39.3 ഉം മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 40.8 ഉം മുണ്ടേരിയിൽ 39.4 ഉം എറണാകുളം കൂത്താട്ടുകുളത്ത് 40.4 ഉം ചൂണ്ടിയിൽ 39.6 ഉം വൈക്കത്ത് 39.7 ഉം ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
ഔദ്യോഗിക കണക്ക് ഇങ്ങനെ
കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിലെ ഇന്നത്തെ കൂടിയ ചൂട് പാലക്കാട്ടും കരിപ്പൂർ വിമാനത്താവളത്തിലുമാണ്. 39 ഡിഗ്രി സെൽഷ്യസ് ആണ് ഇരു സ്റ്റേഷനുകളിലും ഇന്ന് രേഖപ്പെടുത്തിയ കൂടിയ ചൂട്. നേരത്തെ കണ്ണൂരിലും പാലക്കാട്ടും രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട്. ഇന്ന് കേരളത്തിൽ ഏറ്റവും ഉയർന്ന ശരാശരി താപനിലയും രേഖപ്പെടുത്തി. 36.2 ഡിഗ്രി സെൽഷ്യസാണിത്. രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും ഇന്നാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ രാജ്ഘഡിൽ 43 ഡിഗ്രിസെൽഷ്യസാണ് രേഖപ്പെടുത്തിയത്.
കോട്ടയം, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ താപ സൂചിക 58 ഡിഗ്രിയിലെത്തുമെന്ന് ഇന്നലെ കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. കണ്ണൂർ, കാസർകോട്, വയനാട്, ജില്ലകളിലും താപസൂചിക 52നു മുകളിൽ കടക്കുമെന്നായിരുന്നു പ്രവചനം. നാളെയും സംസ്ഥാനത്ത് ചൂട് കൂടി തന്നെ തുടരുമെന്നും വെള്ളിയാഴ്ച നേരിയ തോതിൽ ആശ്വാസം ലഭിക്കുമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു.