ഇന്ന് 11 ജില്ലകളില്‍ മഴ സാധ്യത; നാല് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 ജില്ലകളിലാണ് മഴ ലഭിക്കുക. രാവിലെ മുതല്‍ തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. അതേസമയം മഴയുടെ പശ്ചാത്തലത്തില്‍ കേരള- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമുണ്ടാകില്ല.ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങള്‍, കൊമോറിന്‍, മാലദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും അധികൃതര്‍ അറിയിച്ചു.ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയിരുന്നത്. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. എന്നാല്‍ മറ്റന്നാളോടെ മഴ കുറയാനാണ് സാധ്യത. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അതിനിടെ മഴ ശക്തമായി തുടരുന്ന പ്രദേശത്ത് ജനങ്ങള്‍ മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം എന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേയ് മൂന്നിനും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Comment